കല്‍പ്പറ്റ:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗതി അപ്പപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും, മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിക്കാന്‍ ട്രെന്‍ഡ് സംവിധാനം. വോട്ട് വിവരം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ബ്ലോക്ക് വരണാധികാരിയുടെ ഹാളിന് സമീപവും, നഗരസഭകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഡേറ്റാ അപ്ലോഡിങ് സെന്ററിന് വേണ്ടി പ്രതേ്യകം മുറി സജ്ജമാക്കും.
ഡേറ്റാ അപ്ലോഡിങ് സെന്ററില്‍ ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് അതാത് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുള്ള ആറ് കമ്പ്യൂട്ടറുകള്‍, മൂന്ന് ലേസര്‍ പ്രിന്ററുകള്‍ എന്നിവയും അവ കണക്ട് ചെയ്യുന്നതിനുള്ള യു.പി.എസും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളെ സംബന്ധിച്ച് നാല് കമ്പ്യൂട്ടറും രണ്ട് ലേസര്‍ പ്രിന്ററുകളും ഉണ്ടാകും.
കമ്പ്യൂട്ടറുകള്‍ യൂണികോഡ് സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും. ഈ സെന്ററിന്റെ മേല്‍നോട്ടം വഹിക്കാന്‍ സൂപ്രണ്ട് തസ്തികയിലുള്ള ഒരു ഓഫീസറെയും, സാങ്കേതിക സഹായത്തിനായി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ നിന്ന് ബ്ലോക്ക് ഓഫീസിലോ മുനിസിപ്പല്‍ ഓഫീസിലോ നിയമിച്ചിട്ടുള്ള ഒരു കമ്പ്യൂട്ടര്‍ വിദഗ്ദനെയും നിയോഗിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിലെ സെന്ററിലേയ്ക്ക് ബ്ലോക്കിനു കീഴില്‍ വരുന്ന പഞ്ചായത്തുകളിലെ അഞ്ച് ടെക്നിക്കല്‍ അസിസ്റ്റന്റ്മാരെ ഡേറ്റാ എന്‍ട്രിക്ക് ചുമതലപ്പെടുത്തിയിട്ടുണ്ട്. മുനിസിപ്പാലിറ്റി ഡാറ്റാ സെന്ററുകളില്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ നിന്നുള്ള രണ്ട് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ ആയിരിക്കും ഉണ്ടാവുക.
വോട്ടെണ്ണല്‍ പൂര്‍ത്തിയായി റിസള്‍ട്ട് ഷീറ്റ് തയ്യാറാക്കുന്ന മുറയ്ക്ക് ഓരോ ഗ്രാമപഞ്ചായത്ത് വാര്‍ഡിലെയും ഫലപ്രഖ്യാപനം ഗ്രാമപഞ്ചായത്ത് വരണാധികാരി നടത്തും. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി, വിവിധ ഗ്രാമപഞ്ചായത്ത് വോട്ടെണ്ണല്‍ മേശകളില്‍ നിന്നും ലഭിക്കുന്ന ടാബുലേഷന്‍ ഷീറ്റുകളുടെ അടിസ്ഥാനത്തില്‍ ഓരോ ബ്ലോക്ക് വാര്‍ഡിലെയും വോട്ടുകള്‍ ക്രമീകരിച്ച് ആ ബ്ലോക്ക് വാര്‍ഡുകളുടെ ഫലപ്രഖ്യാപനം
നടത്തും. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ വോട്ടുകണക്കുകളുടെ ഫോറങ്ങള്‍ ശേഖരിച്ച് ബ്ലോക്ക് വരണാധികാരി കഴിയുന്നതും വേഗം പ്രതേ്യക ദൂതന് മുഖേന ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് ലഭ്യമാക്കും.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ബി.എസ്.എന്‍.എല്‍ ആണ് സംസ്ഥാനമൊട്ടാകെയുളള 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളെയും ഇന്റര്‍നെറ്റുമായി സംയോജിപ്പിച്ചിട്ടുളളത്. കേരള സംസ്ഥാന ഐ.ടി.മിഷന്, സ്റ്റേറ്റ് ഡാറ്റാ സെന്റര്‍, കെല്‍ട്രോണ്‍ എന്നീ സ്ഥാപനങ്ങള്‍ സാങ്കേതിക സഹായം ലഭ്യമാക്കി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (എന്‍.ഐ.സി) രൂപകല്പന ചെയ്ത സോഫ്റ്റ്വെയര് ആണ് ട്രെന്‍ഡിനു വേണ്ടി ഉപയോഗിച്ചിട്ടുളളത്. ട്രെന്‍ഡിന്റെ വിലാസം http://trend.kerala.gov.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: