കരുവാരക്കുണ്ട്: ജില്ലാ പഞ്ചായത്ത് കരുവാരക്കുണ്ട് ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി.അഷ്റഫലിക്കെതിരെ സമസ്തയുടെ രഹസ്യ കണ്വെന്ഷന്. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് 18 വയസ്സിന് മുമ്പ് വിവാഹം കഴിക്കുന്നതിന് നിയമപരമായ തടസ്സങ്ങളോ നടപടികളോ ഉണ്ടാകരുതെന്ന് സമസ്തയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മുസ്ലീം പണ്ഡിതന്മാരുടെ യോഗം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ടി.പി.അഷറഫലി രംഗത്ത് വരികയും ലേഖനമെഴുതുകയും ചെയ്തിരുന്നു. ഇതാണ് അഷറഫ് അലിക്കെതിരെ തിരിയാന്‍ സമസ്തയെ പ്രേരിപ്പിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ അഷറഫലി മാപ്പുപറയണമെന്ന് സമസ്ത പ്രദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുന്നക്കാട് ദാറുന്നജാത്ത് ഇസ്ലാമിക് സെന്ററില്‍ നടന്ന യോഗത്തില്‍ വെച്ച് അഷറഫലി ഖേദപ്രകടനം നടത്തിയിരുന്നു. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലീാര്ക്ക് കത്ത് നല്കാന് തീരുമാനിക്കുകയും ചെയ്തിരുന്നു. അതോടെ അഷറഫലിയെ പിന്തുണക്കാന്‍ സമസ്ത തീരുമാനിച്ചു. എന്നാല്‍ ജനറല്‍ സെക്രട്ടറിക്ക് കൈമാറിയ കത്തില്‍ ഖേദപ്രകടനം നടത്താത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ സമസ്ത അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു. എസ്വൈഎസ്, കെഎസ്എസ്എഫ് എന്നീ സംഘടനകളുടെ കരുവാരക്കുണ്ട്, കാളികാവ്, തുവ്വൂര്‍ പഞ്ചായത്തിലെ പ്രവര്‍ത്തകരുടെ രഹസ്യ കണ്‍വെന്‍ഷനാണ് നടത്തിയത്. എസ്വൈഎസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസ്, സലാം ഫൈസി ഇരിങ്ങാട്ടിരി എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ അഷറഫിനെതിരെ വോട്ട് ചെയ്യാനാണ് ആഹ്വാനം. അതിനിടെ രഹസ്യ കണ്വെന്ഷന് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: