മലപ്പുറം: അങ്ങനെ കൊട്ടിക്കലാശവും കഴിഞ്ഞു. ഇനി നാളെ പോളിങ് ബൂത്തിലേക്ക്. ഒരു മാസമായി നിലനിന്ന ആളും ആരവവും ഒഴിഞ്ഞു. ഇന്ന് നിശബ്ദ പ്രചരണത്തിന്റെ നിമിഷങ്ങളാണ്. ഈ 48 മണിക്കൂര്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്. എന്തും സംഭവിക്കാം. അടിയൊഴുക്കുകളും കാലുവാരലും എല്ലാം നടക്കുന്നത് ഈ അവസാന സമയത്താണ്. നാളെ നടക്കുന്ന വോട്ടെടുപ്പില്‍ 29,06,645 വോട്ടര്‍മാരാണ് ജില്ലയില്‍ നിന്ന് വിധിയെഴുതുന്നത്. 14,80,892 സ്ത്രീവോട്ടര്‍മാരും 14,25,750 പുരുഷ വോട്ടര്‍മാരും.
സ്ഥിരം മിത്രങ്ങള്‍ ശത്രുക്കളാവുകയും ബദ്ധശത്രുക്കള്‍ മിത്രങ്ങള്‍ ആകുകയും ചെയ്യുന്ന കാഴ്ച തന്നെയാണ് മലപ്പുറത്തിന്റെ ത്രിതല പോരാട്ടത്തിലെ പ്രധാന പ്രത്യേകത. പലയിടത്തും സൗഹൃദ മത്സരം എന്ന് ഓമനപേരിട്ട് നടത്തുന്ന കടുത്ത മത്സരത്തിലാണ് ലീഗും കോണ്‍ഗ്രസും. ലീഗിനെ തറപറ്റിക്കാന്‍ കോണ്‍ഗ്രസ് സിപിഎമ്മുമായും കോണ്‍ഗ്രസിനെ കടപുഴക്കാന്‍ ലീഗ് സിപിഎമ്മുമായും കൈ കോര്‍ക്കുന്നു. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ മൂല്യച്യുതി അണികളില്‍ പോലും അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. അതേസമയം ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും അച്ചടക്കമുള്ള പ്രവര്‍ത്തനത്തിലൂടെയും പ്രചാരണത്തില്‍ ഏറെ മുന്നിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സ്ലിപ്പ് വിതരണവും ഏതാണ്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇടത് വലത് മുന്നണികളെ മടുത്ത ജില്ലയിലെ വോട്ടര്‍മാര്‍ ഇക്കുറി മാറി ചിന്തിക്കും എന്ന് തന്നെയാണ് ബിജെപി ക്യാമ്പിലെ പ്രതീക്ഷ.
പരസ്യപ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തുന്ന കൊട്ടിക്കലാശം പല സ്ഥലങ്ങളിലും നടന്നില്ല. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സര്‍വ്വകകക്ഷി യോഗത്തില്‍ തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിലാണ് കൊട്ടിക്കലാശം വേണ്ടെന്ന് വെച്ചത്. പ്രധാന നഗരങ്ങളില്‍ കേന്ദ്രീകൃത കൊട്ടിക്കലാശം നടന്നില്ലെങ്കിലും പഞ്ചായത്ത്തലത്തില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.
പരപ്പനങ്ങാടി: കൊട്ടിക്കലാശം അതിര് വിടാതിരിക്കാന്‍ പരപ്പനങ്ങാടിയില്‍ 100ലധികം പോലീസുകാരെ വിന്യസിച്ചിരുന്നു. അതാത് ഡിവിഷനുകളിലെ കൊട്ടിക്കലാശം സമയത്തിന് അവസാനിക്കുന്നുണ്ടോയെന്ന് അറിയാന്‍ നിരീക്ഷകരും പോലീസുകാരും നെട്ടോട്ടത്തിലായിരുന്നു. വാദ്യമേളങ്ങളും ഗായകസംഘങ്ങളും അണിനിരന്ന മുന്നണികളുടെ കൊട്ടിക്കലാശത്തില്‍ പണക്കൊഴുപ്പ് പ്രകടമായിരുന്നു. കടുത്ത മത്സരങ്ങള്‍ നടക്കുന്ന വാര്‍ഡുകളില്‍ ആവേശം പലപ്പോഴും അതിരുവിട്ടു. പക്ഷേ കൃത്യസമയത്ത് പോലീസ് ഇടപെട്ടതിനാല്‍ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. പ്രഥമ നഗരസഭ കൈപ്പിടിയില്‍ ഒതുക്കുമെന്ന് ജനകീയ വികസന മുന്നണിയും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി തങ്ങള്‍ തന്നെ ഭരിക്കുമെന്ന് ലീഗും അവകാശപ്പെടുന്നു. എങ്കിലും ബിജെപി നഗരസഭയിലെ നിര്‍ണ്ണായക ശക്തിയാകുമെന്ന കാര്യത്തില്‍ മുന്നണികള്‍ക്ക് സംശയമില്ല. അതുകൊണ്ട് തന്നെ അവര്‍ ആശങ്കയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: