എം.ആര്.അനില്‍കുമാര്‍
തിരുവല്ല: തതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വിമതരും സ്വതന്ത്രരും അപരന്മാരും സ്ഥാനാര്‍ത്ഥികളുടെ ഉറക്കംകെടുത്തുന്നു. തിരുവല്ല നഗരസഭ ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വിമതരുടെയും നീക്കങ്ങള്‍ നിര്‍ണായകമായേക്കും. നഗരസഭ രണ്ടാം വാര്‍ഡായ ചുമത്രയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍കൗണ്‍സിലറുമായ അലിക്കുഞ്ഞിന് ഭീഷണി ഉയര്‍ത്തി വിമത സ്ഥാനാര്‍ത്ഥിയായി അജിമോന് ചാലാകേരി മത്സര രംഗത്തുണ്ട്. അഞ്ചാവാര്ഡില് യുഡിഎഫിന്റെ മുസ്ലീലീഗ് സ്ഥാനാര്‍ത്ഥി ടി.എ. അന്‍സാരിക്ക് അപരനാണ് ഭീഷണിയായി രംഗത്തുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി.എ. അന്‍സാരിയാണ് വാര്‍ഡില്‍ മത്സരിക്കുന്ന അപരന്. ആറാം വാര്‍ഡില്‍ മുന്‍വൈസ് ചെയര്മാന് സതീഷ് ബാബു സ്വതന്ത്രനായി മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ ചെയര്മാന് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പില്‍ സതീഷ് ബാബൂവിന്റെ മലക്കം മറിച്ചില്‍ യുഡിഎഫിന്റെ ഭരണം നഷ്ടപ്പെടുത്തിയിരുന്നു. ഇത്തവണയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹം മത്സര രംഗത്തെത്തിയത് ഇരുമുന്നണികള്‍ക്കും ഭീഷണി ഉയര്‍ത്തുന്നു. പതിമൂന്നാം വാര്‍ഡില്‍ നഗരസഭാ മുന്‍ അദ്ധ്യക്ഷ എല്‍ഡിഎഫിലെ ഡല്സിസാം യുഡിഎഫിലെ റീനാമാത്യുവും നേരിട്ടാണ് മത്സരം. ഇവിടുത്തെ ബിജെപിയുടെ അസാന്നിദ്ധ്യം മുതലാക്കാനുള്ള അവസാന ശ്രമത്തിലാണ് ഇരുകൂട്ടരും. പതിനെട്ടാം വാര്‍ഡായ തോണ്ടറയില്‍ എല്‍ഡിഎഫ് വിമത അജിത മത്സരരംഗത്തുള്ളതിനാല്‍ എല്‍ഡിഎഫിലെ ബിജി പ്രസന്നകുമാറിന് കടമ്പകടക്കുവാന് ഏറെ പ്രയത്നിക്കേണ്ടിവരും. ഇരുപതാം വാര്‍ഡായ ആഞ്ഞിലിമൂട്ടില്‍ കഴിഞ്ഞ തവണ യുഡിഎഫ് കൗണ്‍സിലറായ ജിജി വട്ടശ്ശേരി കൂറുമാറി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ പ്രധാന എതിര്‍കക്ഷി കഴിഞ്ഞ യുഡിഎഫ് കൗണ്‍സിലര്‍ ശാന്തമ്മ വര്‍ഗീസിന്റെ ഭര്‍ത്താവ് വര്‍ഗീസ് പി വര്‍ഗീസാണ്. എന്നാല്‍ ഇരുകൂട്ടരെയും ആശങ്കയിലാക്കി നിര്‍ണായക വോട്ടുകള്‍ പിടിക്കുവാന്‍ യുഡിഎഫ് വിമതന് ജിബിന്‍ കാലായില്‍ രംഗത്തുണ്ട്. തിരുമൂലപുരം വെസ്റ്റ് ഇരുപത്തി ഒന്നില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നാന്സിക്ക് ഭീഷണി ഉയര്‍ത്തി സന്ധ്യയും മത്സരിക്കുന്നു. മേരിഗിരി വാര്‍ഡായ മുപ്പത്തിനാലില് മുന്‍ചെയര്‍മാന്‍ യുഡിഎഫിലെ ചെറിയാന് പോളച്ചിറക്കലും എല്‍ഡിഎഫ് സ്വതന്ത്രനായ മുന്‍കൗണ്‍സിലര്‍ പ്രതീപ് മാമനും തമ്മില്‍ കനത്തപോരാട്ടമാണ് നടക്കുന്നത്. മുപ്പത്തി ആറാം വാര്‍ഡായ രാമന്‍ചിറയിലെ സ്ഥിതി വ്യത്യസ്ഥമല്ല. ഇവിടെ മുന്‍ചെയര്‍മാന്‍ യുഡിഎഫിലെ കോശിതോമസും എല്‍ഡിഎഫിലെ മുന്‍കൗണ്‍സിലര്‍ ഷാജികുമാറും തമ്മിലാണ് മത്സരം.
മുപ്പത്തി ഒന്‍പതാം വാര്‍ഡായ മുത്തൂറില്‍ മുന്‍കൗണ്‍സിലര്‍ സുരേഷ്കുമാര്‍ ഇത്തവണ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് എല്‍ഡിഎഫിലെ ജിനുമാത്യുവിന് ഭീഷണിയായി മാറിയിരിക്കുകയാണ്.
ഇവിടെ ഇരു സ്ഥാനാര്‍ത്ഥികളും വന്‍പ്രചരണമാണ് നടത്തുന്നത്. ഇതോടെ നഗരസഭയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വാര്‍ഡായി മുത്തൂര്‍ മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: