കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകള്‍ ചേര്‍ന്നതാണ് കോട്ടാങ്ങല്‍ ബ്ലോക്ക് ഡിവിഷന്. കഴിഞ്ഞ തവണ ഇടതിന് ഒപ്പമായിരുന്നു ബ്ലോക്കു പഞ്ചായത്ത് നിലകൊണ്ടത്. ഇടതുവലത് മുന്നണികള്‍ക്കൊപ്പം ബിജെപിക്കും നിര്‍ണായക സ്വാധീനമുള്ള ഡിവിഷനാണിത്. ഒരുകാലത്ത് വളരെ മുമ്പില്‍ നിന്നിരുന്ന കാര്‍ഷികമേഖല താഴേക്ക് കൂപ്പുകുത്തി. കാലാവസ്ഥയും ഭൂപ്രകൃതിയും എല്ലാം അനിയോജ്യമുള്ളതായിട്ടും നിരവധി കൃഷിയിടങ്ങള്‍ ഉപയോഗ ശൂന്യമായി കിടക്കുന്നു. റബ്ബര്‍ കൃഷിയും കുറഞ്ഞു തുടങ്ങി. അടിസ്ഥാന സൗകര്യ മേഖലകളുടെ അപര്യാപ്തതകളാണ് മറ്റൊരു പ്രധാന പ്രശ്നം. പ്രദേശത്തെ മിക്കറോഡുകളും സഞ്ചാരയോഗ്യമല്ല.
വിജയ പ്രതീക്ഷയുള്ള ഡിവിഷനില്‍ ഡോ. മോഹനചന്ദ്രനെയാണ് ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത്. രാജ്യത്താകമാനം പാര്‍ട്ടിക്കുണ്ടായ മുന്നേറ്റവും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളും ബിജെപിക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. നിലവിലെ സീറ്റ് നിലനിര്‍ത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഇടതുപക്ഷം. സിപിഐയുടെ കെ. സതീഷിനെയാണ് ഇവര്‍ രംഗത്തിറക്കിയത്. ഇടതിനൊപ്പം നലനിന്ന ഡിവിഷനില്‍ ഇവര്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരും. വിഭാഗീയത ഇടതിന് തലവേദനയായിട്ടുണ്ട്.
കാല്‍നൂറ്റാണ്ട് ഇടതിനൊപ്പംനിന്ന ടി.എസ്. നന്ദകുമാറിനെ ഇറക്കിയാണ് യുഡിഎഫ് പ്രതിരോധം തീര്‍ത്തിട്ടുള്ളത്. ഗ്രൂപ്പ്വഴക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസ്വാരസ്യങ്ങളും വലതുപക്ഷത്തിലും കലാപകൊടി ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: