നിലമ്പൂര്‍: മുസ്ലീം ലീഗിന് നഗരസഭ തെരഞ്ഞെടുപ്പില്‍ ഈ നവംബര്‍ സമ്മാനിക്കുന്നത് ഒരിക്കലും താങ്ങാനാവാത്ത കനത്ത നഷ്ടമായിരിക്കും.
ഒന്‍പത് സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. യുഡിഎഫ് സംവിധാനത്തിലാണ് മത്സരമെങ്കിലും കാര്യങ്ങള്‍ അനുകൂലമല്ല. കേരള കോണ്‍ഗ്രസ്(എം), കേരള കോണ്‍ഗ്രസ്(ജേക്കബ്ബ്), ആര്‍എസ്പി, ജനതാദള്‍(യു), ജെഎസ്എസ് എന്നീ കക്ഷികള്‍ യുഡിഎഫിന് എതിരായാണ് നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നത്. സീറ്റുകള്‍ മുഴുവനും ലീഗും കോണ്‍ഗ്രസ്സും പങ്കിട്ടെടുത്തതാണ് ഇവര്‍ ചൊടിപ്പിച്ചിരിക്കുന്നത്.
കേരള കോണ്‍ഗ്രസ്(ജേക്കബ്ബ്) സംസ്ഥാന നേതാവ് മാത്യു സെബാസ്റ്റ്യന്‍ ഇടതുസ്വതന്ത്രനായി കരുവാരക്കുണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നും മത്സരിക്കുന്നു. ഇവിടുത്തെ ലീഗിലെ അസംതൃപ്തര്‍ ഇടതിനോടൊപ്പമാണെന്നതും ലീഗിന് തരിച്ചടിയാകുന്നു. കോണ്‍ഗ്രസിലെ അസംതൃപ്തരായ അണികള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
കുടിയേറ്റ മലയോര മേഖലയായ ചാലിയാര്‍, ചുങ്കത്തറ, വഴിക്കടവ്, അമരമ്പലം, കാളികാവ്, പോത്തുകല്ല്, മൂത്തേടം പഞ്ചായത്തുകള്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളാണ്. റബ്ബര്‍ കര്‍ഷകരാണ് ഇവിടെങ്ങളില്‍ കൂടുതല്‍. റബ്ബറിന്റെ വിലയിടിവ്, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, വന്യമൃഗങ്ങളുടെ ശല്ല്യം തുടങ്ങിയ വിഷയങ്ങളാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. തെരഞ്ഞെടുപ്പിലൂടെ കര്‍ഷകര്‍ ഇതിനെതിരെ പ്രതികരിക്കുമ്പോള്‍ നഷ്ടം ലീഗിനും കോണ്‍ഗ്രസിനുമായിരിക്കും. മലയോര മേഖലയിലെ പഞ്ചായത്തുകളില്‍ പോലും ഘടകകക്ഷികള്‍ക്ക് പരിഗണന നല്‍കാത്തത് യുഡിഎഫില്‍ ഭിന്നതക്ക് കാരണമായി.
നിലമ്പൂര്‍ നഗരസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നാല്‍ ഉത്തരവാദി കോണ്‍ഗ്രസ്സും ലീഗുമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ പരസ്യപ്രസ്താവന നടത്തിയിരുന്നു.
എന്നാല്‍ നഗരസഭയിലേക്ക് ലീഗ് ജയിച്ചുകയറാതിരിക്കാന് ഏറ്റവും കൂടുതല്‍ അധ്വാനിക്കുന്നത് കോണ്‍ഗ്രസുകാരാണ്. ഒന്‍പത് ഡിവിഷനുകളില്‍ മത്സരിക്കുന്നുണ്ടെങ്കിലും നാലാം ഡിവിഷനായ സ്കൂള്‍കുന്നില്‍ മാത്രമാണ് ലീഗിന് ചെറിയൊരു പ്രതീക്ഷയുള്ളത്. കാരണം പരിപൂര്‍ണ്ണ സഹായവുമായി സിപിഎം കൂടെയുണ്ട്.
സ്വന്തം സ്ഥാനാര്‍ത്ഥിയെ മരവിപ്പിച്ചുകൊണ്ടാണ് സിപിഎം പിന്തുണ നല്‍കുന്നത്. പ്രത്യുപകാരമായി അടുത്ത വാര്‍ഡിലെ സിപിഎം വിമതന് പി.എം.ബഷീറിനെ തോല്‍പ്പിക്കാന്‍ കൂടെനില്ക്കണമെന്നാണ് ഇരുവരും തമ്മിലുള്ള കരാര്‍. ജമാഅത്ത് ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും സിപിഎമ്മിനൊപ്പമാണ്. കഴിഞ്ഞ ദിവസം പിഡിപിയും ഇടതിനുവേണ്ടി രംഗത്തെത്തിയിട്ടുണ്ട്. കാന്തപുരം വിഭാഗം ആര്യാടനോടൊപ്പമാണ്. മുജാഹിദ്-സുന്നി ചേരിതിരിവ് നഗരസഭയില്‍ ധ്രുവീകരണം ശക്തമാക്കിയിട്ടുണ്ട്.
ലീഗ് വിമുക്ത നഗരസഭയെന്ന ആര്യാടന്റെ സ്വപ്നത്തിന് ശക്തിപകരാന്‍ ഓരോ ദിവസവും കൂടുതല്‍ പേരെത്തുന്നത് ലീഗിന് തിരിച്ചടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: