Categories: Kollam

ജനഹിതം പെട്ടിയിലായി, ഇനി കൂട്ടലിന്റെയും കിഴിക്കലിന്റെയും നാലുദിവസങ്ങള്‍

Published by

കൊട്ടാരക്കര: ജനഹിതം പെട്ടിയിലായി. തോക്കേന്തിയ കാക്കികാവലില്‍ ആയതോടെ ഇനിയുള്ള നാല് ദിനങ്ങള്‍ കൂട്ടലും കിഴിക്കലും ഒക്കെയായി കാത്തിരിപ്പിന്റെ ദിനങ്ങളാണ്. പ്രചരണരംഗത്ത് പുത്തന്‍അടവുകള്‍ പയറ്റിയ വാശിയേറിയ ദിവസങ്ങളാണ് കടന്നുപോയത്.

മുന്നണികളും ബിജെപിയും പ്രചരണരംഗത്ത് പ്രകടമാക്കിയ ആത്മവിശ്വാസം വോട്ടെടുപ്പിനു ശേഷവും അതേപടി ആവര്‍ത്തിക്കുന്നത് പ്രവചനങ്ങള്‍ അസാധ്യമാക്കുന്നു. കൊട്ടാരക്കര മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ബിജെപി നിര്‍ണായക ശക്തിയായി മാറുന്ന തെരഞ്ഞെടുപ്പാണ് ഇതെന്ന് വോട്ടിംഗിനുശേഷവും ലഭിക്കുന്ന സൂചന.

മുന്നണികളുടെ അവിശുദ്ധ ബന്ധത്തിനിടയിലും മൈലത്ത് എട്ട് മുതല്‍ 12 വരെ സീറ്റുകള്‍ പാര്‍ട്ടി നേടിയേക്കുമെന്നാണ് സൂചന. ഉമ്മന്നൂരിലും ഇതേ നിലയില്‍ പാര്‍ട്ടി മുന്നേറുമെന്നതിന്റെ ലക്ഷണങ്ങള്‍ വോട്ടിംഗില്‍ കാണാനായെന്ന് നേതാക്കള്‍ പറയുന്നു. അത്രയുമെത്തിയില്ലെങ്കിലും ഈ രണ്ട് പഞ്ചായത്തിലും ബിജെപി എഴുതി തള്ളാനാകാത്ത നിലയില്‍ സീറ്റുകളുമായി മുന്നിട്ടുനില്‍ക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

നെടുവത്തൂരിലും വെളിയത്തും നാല് സീറ്റിന് മുകളില്‍ പിടിക്കുമെന്ന് തന്നെയാണ് അവസാന നിരീക്ഷണം. കരീപ്ര, എഴുകോണ്‍, കുളക്കട എന്നിവിടങ്ങളിലും എഴുതിതള്ളാന്‍ കഴിയാത്ത ശക്തിയായി പാര്‍ട്ടി മാറും. മണ്ഡലത്തില്‍ അന്‍പതിലധികം സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ചില നേതാക്കള്‍ക്ക് ഉണ്ട.് കൊട്ടാരക്കര നഗരസഭയിലും അക്കൗണ്ട് തുറക്കുന്നതിന്റെ വ്യക്തമായ സൂചനകളാണ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം നല്‍കുന്നത്. മൂന്ന് സീറ്റ് നേടാന്‍ കഴിയുമെന്ന് കണക്ക് കൂട്ടുന്നത്.

കേരളാ കോണ്‍ഗ്രസ്(ബി)യുടെ രാഷ്‌ട്രീയഭാവിയും തെരഞ്ഞെടുപ്പു ഫലം നിശ്ചയിക്കും. രാവിലെ മന്ദഗതിയിലായിരുന്ന പോളിങ് ഉച്ചയോടെ സജീവമായി. ഇടക്കിടെ പെയ്ത മഴയിലും വോട്ടര്‍മാര്‍ ആവേശപൂര്‍വ്വം ബൂത്തുകളിലെത്തി. ഉച്ചതിരിഞ്ഞതോടെ ബൂത്തുകള്‍ക്കു മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട നിര പ്രകടമായി. പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. അയിഷാപോറ്റി എംഎല്‍എ പടിഞ്ഞാറ്റിന്‍കര മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ കുടംബസമേതമെത്തി വോട്ടു രേഖപ്പെടുത്തി. നീലേശ്വരം അജീഷ് സ്മാരക വായനശാലയിലാണ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ വോട്ടുചെയ്തത്. കൊട്ടാരക്കര ടൗണ്‍ യുപിഎസില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഭാര്യ ബിന്ദുവിനും മകന്‍ അരവിന്ദിനും ഒപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയും മകന്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയും കൊട്ടാരക്കര ഡയറ്റിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഇരുവരും ഒരുമിച്ചെത്തിയാണ് വോട്ടിട്ടത്. കൊട്ടാരക്കര നഗരസഭയിലും മൈലം, വെട്ടിക്കവല, മേലില, ഉമ്മന്നൂര്‍, നെടുവത്തൂര്‍, എഴുകോണ്‍ തുടങ്ങിയ പഞ്ചായത്തുകളിലും വോട്ടെടുപ്പ് സമാധാനപൂര്‍ണമായിരുന്നു.

വെണ്ടാറില്‍ വോട്ടിനുശേഷം മടങ്ങുകയായിരുന്ന ആള്‍ കുഴഞ്ഞു വീണു മരിച്ചു. കണ്ണങ്കോടും കോട്ടാത്തലയിലും പള്ളിക്കല്‍, വെട്ടിക്കവല എന്നിവിടങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് ഒരു മണിക്കൂറോളം വോട്ടെടുപ്പ് തടസപ്പെടാന്‍ കാരണമായി. തലച്ചിറയില്‍ അന്ധയായ മാതാവിനു വേണ്ടി വോട്ടുരേഖപ്പെടുത്താന്‍ ഇരുമുന്നണിയിലുംപെട്ട മക്കള്‍ തമ്മില്‍ തര്‍ക്കിച്ചത് നേരിയ സംഘര്‍ഷത്തിനു കാരണമായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by