ന്യൂദല്‍ഹി: മെഡിക്കല്‍ ടൂറിസം വിപണിയില്‍ 2020ഓടേ ഭാരതം 52,200 കോടിയുടെ വളര്‍ച്ചയിലെത്തുമെന്ന് സര്‍വ്വെ. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും ആഗോള നെറ്റ്വര്‍ക്കിങ് ഗ്രൂപ്പായ ജിടിയുടെയും ധവളപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മെഡിക്കല്‍ ടൂറിസം രംഗത്ത് സിംഗപ്പൂര്‍, തായ്ലന്ഡ്, ഭാരതം, മലേഷ്യ, തായ്വാന്, മെക്സിക്കോ, കോസ്റ്ററിക്ക എന്നിങ്ങനെയാണ് നില. അക്രഡിറ്റഡ് സൗകര്യങ്ങളുള്ള രണ്ടാമത്തെ രാഷ്ട്രമായി ഭാരതം മാറുകയാണ്. 2020ഓടേ ഭാരതം ഈ രംഗത്ത് വന്‍കുതിച്ചുചാട്ടമാണ് നടത്തുകയെന്ന് ജിടി ചൂണ്ടിക്കാണിക്കുന്നു.
ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നും 34 ശതമാനം പേരാണ് എത്തുന്നത്. ആഫ്രിക്കന്‍ മേഖലയില്‍ നിന്നും 30 ശതമാനവുമാണ് സംഭാവന. തെക്ക് കിഴക്കന്‍ ഏഷ്യന്‍ മെഡിക്കല്‍ കോറിഡോറാണ് ഈ മേഖലയിലുള്ളവര്‍ക്ക് താത്പര്യം. ചെന്നൈ, മുംബൈ, ആന്ധ്രാപ്രദേശ്, ദല്‍ഹി എന്നിവിടങ്ങളിലാണ് കൂടുതല്‍ താത്പര്യത്തോടെ ഈ രംഗത്തുള്ളവര്‍ എത്തുന്നത്.
മറ്റ്സംസ്ഥാനങ്ങളെ പോലെ കേരളവും ഈ രംഗത്തേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. ഇപ്പോള്‍ അഞ്ച് ശതമാനം മാത്രമാണ് കേരളത്തിന്റെ സംഭാവന. ഇത് 10-12 ശതമാനമായി ഉയര്‍ത്തുവാനാണ് ശ്രമിക്കുന്നത്. തമിഴ്നാട്, മഹാരാഷ്ട്ര, ദല്‍ഹി, ആന്ധ്രാപ്രദേശ് എന്നിവയുടെ പിന്നിലാണ് കേരളമിപ്പോള്‍. എന്നാല്‍ കേരളം വളരെ പ്രധാനപ്പെട്ട കേന്ദ്രമാണെന്നും ധവളപത്രത്തില്‍ പറയുന്നു.
സര്‍ക്കാരിന്റെയും സ്വകാര്യമേഖലയുടെയും പിന്തുണയും പ്രചാരണത്തോടുകൂടി മാത്രമെ ആഫ്രിക്ക, മധ്യേഷ്യാ, ഏഷ്യന്‍ മേഖലകളിലെ രോഗികളെ ആകര്‍ഷിക്കുവാന്‍ കഴിയുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: