കണ്ണൂര്‍: തലശ്ശേരിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പുതിയ വെളിപാടുകളുടെയും വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തില്‍ പുനരന്വേഷണം വേണമെന്ന സിപിഎം വാദം കേസില്‍ അറസ്റ്റിലായ കാരായിമാരുള്പ്പടെയുള്ള യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍. കേസില്‍ നിന്ന് തലയൂരാന്‍ യക്ഷിക്കഥയെ വെല്ലുന്ന നുണക്കഥകളാണ് സിപിഎം നേതൃത്വവും പാര്‍ട്ടി പത്രവും പടച്ചുവിടുന്നത്. ന്യൂനപക്ഷ സംരക്ഷകരുടെ വേഷംകെട്ടി വോട്ട് തട്ടാന്‍ സിപിഎം ജില്ലാ നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകത്തില്‍ യഥാര്‍ത്ഥ കൊലയാളി സംഘം അറസ്റ്റിലായതിലുള്ള ജാള്യത മറച്ചുവെച്ച് തടിയൂരാനും ഹൈന്ദവ നവോത്ഥാന പ്രസ്ഥാനമായ രാഷ്ട്രീയ സ്വയംസേവക സംഘത്തെ ബോധപൂര്‍വ്വമായി കരിതേച്ചുകാണിക്കാനുള്ള ശ്രമവുമാണ് ഇപ്പോള്‍ സിപിഎം നടത്തുന്നത്. ഫസലിന്റെ ഭാര്യ മറിയുവും പോപ്പുര്‍ ഫ്രണ്ട് നേതൃത്വവും സിബിഐ അന്വേഷണത്തില്‍ തങ്ങള്‍ സംതൃപ്തരാണെന്നും യഥാര്‍ത്ഥ പ്രതികളെയാണ് അറസ്റ്റ് ചെയ്തതെന്നും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്ത് നിലനില്‍ക്കുന്ന ഉന്നത അന്വേഷണസംഘത്തിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നിലപാടാണ് ഇപ്പോള്‍ സിപിഎം സ്വീകരിക്കുന്നത്.
പുനരന്വേഷണം ആവശ്യമാണെന്ന സിപിഎം നേതൃത്വത്തിന്റെ മുറവിളിക്ക് പിന്തുണയുമായി കാലാകാലമായി പാര്‍ട്ടിയുടെ ആനുകൂല്യം കൈപ്പറ്റുന്ന ചില ബുദ്ധിജീവികളുമുണ്ട്. സിപിഎം പിന്തുണയോടെ ഒന്നിലധികം തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സെബാസ്റ്റ്യന്‍ പോളിനെ കൂട്ടുപിടിച്ചാണ് പുനരന്വേഷണത്തിന് ആവശ്യം ശക്തമാകുന്നുവെന്ന വാര്‍ത്ത പാര്‍ട്ടി പത്രത്തില്‍ വന്നത്. സെബാസ്റ്റ്യന്‍ പോളിന്റെത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയാണെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. എന്നാല്‍ നിയമ പരിജ്ഞാനമുള്ള സെബാസ്റ്റ്യന്‍ പോളിനെപ്പോലുള്ളവര്‍ സങ്കുചിത താല്പര്യത്തിന് കൂട്ടുനിന്ന് പ്രസ്ഥാവനയിറക്കുന്നത് നീതിന്യായ വ്യവസ്ഥക്ക് ഭൂഷണമല്ല. സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കേസില്‍ കാരായിമാരെ രക്ഷപ്പെടുത്തുക എന്നത് ചില നേതാക്കന്മാരുടെ ബാധ്യതയായിട്ടുണ്ടെന്നാണ് സിപിഎം നേതാക്കന്മാരുടെ ഇപ്പോഴുള്ള നിലപാട് സൂചിപ്പിക്കുന്നത്. ഒന്നിലധികം കൊലക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ജില്ലയിലെ ഒരു ക്രമിനല്‍ നേതാവിന് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന ആക്ഷേപം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. ഇതില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ബോധപൂര്‍വ്വമായ ശ്രമം കൂടിയാണ് ഇപ്പോള്‍ നടക്കുന്നത്. നേരത്തെ സിബിഐക്ക് നല്കിയ മൊഴി ആരെങ്കിലും ഇപ്പോള്‍ തിരുത്തുന്നുണ്ടെങ്കില്‍ അതിന് പിന്നിലുള്ള താല്പര്യവും പ്രേരണയും കൂടി പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: