ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി ബിജെപിയാണെന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍. ആലപ്പുഴ പ്രസ് ക്ലബ്ബിന്റെ സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെയും ബിജെപിയെയും ഒരേപോലെയാണ് നേരിടുന്നതെങ്കിലും പ്രധാന എതിരാളി ബിജെപിതന്നെയാണ്. ദേശീയ പ്രശ്‌നങ്ങളും രാഷ്‌ട്രീയത്തിലെ ക്രിമിനല്‍ വത്കരണവുമാണ് ഇത്തവണ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. കാരായിമാരെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തേണ്ട ഗതികേടിലാണ് സിപിഎം. ഇത്തവണ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി സിപിഎം നേരിടുമെന്നും കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നും ഷുക്കൂര്‍ അവകാശപ്പെട്ടു.യുഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ യുഡിഎഫിന് തുണയാകും. ബാര്‍ കോഴക്കേസിലെ വിധി ഒരുവിധത്തിലും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവില്ല. അരുവിക്കര തെരഞ്ഞെടുപ്പ് ഇതിന് ഉദാഹരണമാണ്. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയ എസ്എന്‍ഡിപിയോട് മൃദുസമീപനമാണ് സിപിഎം ജില്ലാ കമ്മറ്റിക്ക്. അടുത്തിടെ മാത്രം മൂന്നു തവണയാണ് സിപിഎം ജില്ലാ സെക്രട്ടറി സജിചെറിയാന്‍ വെള്ളാപ്പള്ളി നടേശനുമായി കണിച്ചുകുളങ്ങരയില്‍ ചര്‍ച്ച നടത്തിയതെന്നും ഷുക്കൂര്‍ പറഞ്ഞു.
പിണറായി വിജയനു പോലും ജില്ലാ കമ്മറ്റിയെ ശാസിക്കേണ്ടിവന്നു. കൃഷ്ണപിള്ള സ്മാരക കേസില്‍ ചില പോലീസുദ്യോഗസ്ഥര്‍ സിപിഎമ്മുമായി ഒത്തുകളിച്ചതായി ഷുക്കൂര്‍ പറഞ്ഞു.
















