ആലപ്പുഴ: രാജ്യത്ത് കോണ്‍ഗ്രസ് തകരരുതെന്നാണ് സിപിഎമ്മിന്റെ ആഗ്രഹമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സജി. ചെറിയാന്‍. ആലപ്പുഴ പ്രസ്‌ക്ലബ്ബിന്റെ സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ശക്തമായി നിലനില്‍ക്കണമെന്നാണ് സിപിഎമ്മിന്റെ താത്പര്യം. ബിജെപിയെ അഖിലേന്ത്യാടിസ്ഥാനത്തില്‍ നേരിടാന്‍ കോണ്‍ഗ്രസിനേ കഴിയൂ. സിപിഎം കേന്ദ്രം ഭരിക്കുമെന്നു പറയാന്‍ താനില്ല. കേരളത്തില്‍ ജനത്തിന് യുഡിഎഫിലുള്ള പ്രതീക്ഷ നഷ്ടമായി. ഇരുമുന്നണികളും തുടക്കത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ ബാര്‍ കോഴ കേസിലെ വിധിയോടെ യുഡിഎഫ് ബഹുദൂരം പിന്നിലായെന്നും സജി ചെറിയാന്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിനുശേഷം മുതുകുളത്തടക്കം കോണ്‍ഗ്രസുകാര്‍ തമ്മില്‍ അക്രമം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. കൃഷ്ണപിള്ള സ്മാരകക്കേസില്‍ പോലീസില്‍ സിപിഎമ്മിന് പൂര്‍ണ വിശ്വാസമുണ്ട്. അതുകൊണ്ടാണ് പ്രതികളെന്ന് പോലീസ് കണ്ടെത്തിയവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. ആരെയും അറസ്റ്റു ചെയ്യുന്നതിന് പാര്‍ട്ടി എതിരല്ല. സ്മാരകം തകര്‍ക്കപ്പെടുമ്പോള്‍ താന്‍ ആ പ്രദേശത്തെ ഏരിയാ സെക്രട്ടറിയായിരുന്നു. തന്നെ പോലീസ് കുറ്റക്കാരനായി കണ്ടെത്തിയാലും പാര്‍ട്ടി നടപടിയെടുക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
















