നാട്ടറിവുകള്‍ ഒരു നാടിന്റെ സമ്പന്നമായ പൈതൃകത്തിന്റെ പ്രതീകമാണ്. ജൈവവൈവിധ്യം ആ നാടിന്റെ അനുഗ്രഹവും. ഇതു രണ്ടും അനുഗ്രഹവര്‍ഷമായി പെയ്തിറങ്ങിയ നാടാണ് കേരളം. എന്നാല്‍ ആ ജൈവവൈവിധ്യവും നാട്ടറിവുകളും തമ്മില്‍ ദൃഢമായ ഒരു കാണാച്ചരടുകൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന കാര്യം പലരും ഓര്‍ക്കാറില്ല- രണ്ടിന്റെയും നിലനില്‍പ്പ് പരസ്പരാശ്രിതമാണ്; പണ്ട് മണ്ണാംകട്ടയും കരിയിലയും കൂടി കാശിക്കു പോയതുപോലെ.
ലോകമെങ്ങുമുള്ള പച്ചപ്പുകള്‍ ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്.
മനുഷ്യന്റെ ആര്‍ത്തിയും അഹങ്കാരവും അമൂല്യമായ സസ്യവൈവിധ്യത്തെ കാര്‍ന്നുതിന്നുകയാണ്. നൂറുകണക്കിന് സസ്യജാലങ്ങള്‍ കാലയവനികക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞു. പക്ഷേ സമ്പന്നമായ നാട്ടറിവുകളും കേട്ടറിവുകളും അനുവര്‍ത്തിച്ചുവരുന്ന സമൂഹങ്ങളില്‍ ജൈവവൈവിധ്യത്തിന് വലിയ കോട്ടം സംഭവിച്ചിട്ടില്ല. ഉദാഹരണം കേരളം.
ആയിരത്താണ്ടുകളായി രൂപപ്പെട്ടുവരുന്ന ചികിത്സാ അറിവുകളപ്പാടെ നമ്മുടെ നാടന്സസ്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. അതുകൊണ്ടുതന്നെ അത്തരം സസ്യങ്ങളെ സംരക്ഷിക്കുക തറവാട്ടു കാരണവന്മാരുടെ കര്‍ത്തവ്യമായി കണക്കാക്കപ്പെട്ടു. വീട്ടുമുറ്റത്തും തൊടിയിലും അത്തരം സസ്യങ്ങളെ നട്ടുവളര്‍ത്താന്‍ അവര്‍ ശ്രദ്ധവെച്ചു. അവ നമുക്ക് നന്മ നല്‍കുമെന്ന് വരുംതലമുറയെ പറഞ്ഞുപഠിപ്പിച്ചു. എല്ലാ സസ്യലതാദികളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഒൗഷധങ്ങളാണെന്നും അവര്‍ പറഞ്ഞുതന്നു. നമ്മുടെ നാട്ടിലെ ജൈവവൈവിധ്യത്തിന് വലിയ കോട്ടം സംഭവിക്കാതിരിക്കാന്‍ കാരണം ഈ നാട്ടറിവുകളും അവയെ നെഞ്ചിലേറ്റി ലാളിച്ച നമ്മുടെ പൂര്വ്വപിതാക്കന്മാരുമായിരുന്നു.
ഇനി നാം ചെയ്യേണ്ട അടിയന്തര ദൗത്യമിതാണ്. നാട്ടറിവുകളെ സംരക്ഷിക്കുക; പ്രചരിപ്പിക്കുക, അതിലൂടെ ജൈവവൈവിധ്യവും നമ്മുടെ ആരോഗ്യവും സംരക്ഷിക്കുക. അതിനുള്ള ചില സൂചനകളാണീ നല്‍കുന്നത്. ശരീരത്തിന്റെ ഓരോ അവയവങ്ങളെയും സംരക്ഷിക്കുന്നതിന് നാട്ടറിവ് നല്കുന്ന നല്ല പാഠങ്ങള്‍….
മനുഷ്യ സൗന്ദര്യത്തിന്റെ പ്രതീകമാണ് മാര്‍ദവമുള്ള ത്വക്ക്. അതിലുപരി മനുഷ്യന്റെ ആരോഗ്യരക്ഷയുടെ കാവല്‍ക്കാരനുമാണ് ചര്‍മ്മം. പക്ഷേ ത്വക്കിനും വരാം നിരവധി രോഗങ്ങള്‍. അതിനൊക്കെ ഒന്നാംതരം വീട്ടുചികിത്സകളുണ്ട്.
പിഞ്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ വല്ലാതെ അലട്ടുന്ന രോഗമാണ് ചൂടുകുരു. അതിന് രാസവസ്തുക്കള്‍ നിറച്ച പൗഡര്‍ കടയില്‍ നിന്ന് വാങ്ങി തലങ്ങനേയും വിലങ്ങനേയും പൂശുന്നതാണ് നമുക്കിഷ്ടം. പക്ഷേ പഴമക്കാരുടെ നിഘണ്ടുവില്‍ ചൂടുകുരുവിന് ഒട്ടേറെ ഒറ്റമൂലികള്‍ ഉണ്ടെന്നറിയണം. ചെറുപയര്‍ പൊടി, ഇഞ്ച, ഉഴുന്നുപൊടി എന്നിവ തേച്ചുള്ള കുളിയാണ് അതില്‍ പ്രധാനം. ശരീരം മുഴുവന്‍ തൈര് പുരട്ടി പത്തുമിനിറ്റ് കഴിഞ്ഞ് തണുത്തവെള്ളത്തില്‍ കുളിക്കുന്നത് മറ്റൊരു വിദ്യ. പൂവരശിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ച് കുളിച്ചാലും മതി. ചെമ്പരത്തിയുടെ തളിരില അരച്ച് അല്പം എണ്ണ ലേപനം ചെയ്താല്‍ കുരുക്കള്‍ തനിയെ പൊട്ടി ആശ്വാസം ലഭിക്കുമെന്ന് പറയുന്നു.
ശരീരത്തിലെ മാലിന്യം പുറന്തള്ളാനും താപനില ക്രമീകരിക്കാനും ത്വക്ക് വിയര്‍പ്പിനെ പ്രയോജനപ്പെടുത്തുന്നു. പക്ഷെ വിയര്‍പ്പ് അമിതമായി പോയാല്‍ മുതിര അരച്ച് തേച്ചുകളിച്ചാല് മതി. സ്ത്രീകള്‍ക്ക് മഞ്ഞള്‍ തേച്ചുകുളിക്കുന്നതും വിധിച്ചിട്ടുണ്ട്. രാമച്ചം വെള്ളത്തിലിട്ട് തിളപ്പിച്ച് അല്പം ചന്ദനവും അരച്ചുചേര്‍ത്ത് കലക്കി ആറി കഴിയുമ്പോള്‍ കുളിച്ചാല്‍ വിയര്‍പ്പിന്റെ ദുര്‍ഗന്ധം പമ്പകടക്കും.
ചര്‍മ്മത്തിന്റെ മറ്റൊരു ശത്രുവാണ് ചൊറിയന്‍പുഴു. കരിക്കിന്‍വെള്ളം കൊണ്ട് ധാര ചെയ്താല്‍ പുഴു ബാധിച്ച ഭാഗത്തിന് ആശ്വാസം കിട്ടും. കരിക്കിന്‍വെള്ളം ഇല്ലെങ്കില്‍ വാളന്‍പുളി മോരില്‍ കലക്കി പുരട്ടിയാലും മതി. പുഴുവരിച്ച ഭാഗത്ത് ചാരം പുരട്ടി ആശ്വാസം തേടുന്നവരുമുണ്ട്.
തൊലിപ്പുറത്തുണ്ടാകുന്ന അരിമ്പാറ കളയാന്‍ എരിക്കിന്റെ കറ പുരട്ടിയാല്‍ മതിയെന്നാണ് പഴമക്കാരുടെ വിശ്വാസം. പച്ച ഇഞ്ചി കൂര്‍പ്പിച്ച് ചുണ്ണാമ്പുവെള്ളത്തില്‍ മുക്കി അരിമ്പാറയില്‍ ഉരസുന്നതും നന്നാണത്രേ. പാലില്‍ കീഴാനെല്ലി അരച്ചുപുരട്ടുക, വെറ്റിലഞെട്ട് ചതച്ച് ചുണ്ണാമ്പില് മുക്കി പുരട്ടുക തുടങ്ങിയ വിദ്യകളുമുണ്ട്, അരിമ്പാറയെ തുരത്താന്‍. സോഡാപ്പൊടിയും ചുണ്ണാമ്പും വെളിച്ചെണ്ണയും ചേര്‍ത്ത് അരിമ്പാറയില്‍ പുരട്ടുന്നവരുമുണ്ട്.
കാലിന്റെ ഉപ്പൂറ്റിയില്‍ വിള്ളലുണ്ടാവുന്നതിന് വിണ്ടചര്മ്മത്തില് മാവിന്റെ കറ അല്ലെങ്കില്‍ പന്നിയുടെ നെയ്യ് അതുമല്ലെങ്കില്‍ മൈലാഞ്ചി എന്നിവ അരച്ചുപുരട്ടിയാല്‍ മതി. എരുമ നെയ്യും ആവാം. ഇതൊന്നും സാധ്യമല്ലെങ്കില്‍ വേപ്പിലയും പച്ചമഞ്ഞളും തൈരില്‍ അരച്ചുപുരട്ടി നോക്കുക. ശുചിത്വമില്ലായ്മ കുറവുള്ള സ്ഥലങ്ങളില്‍ വളംകടി എന്നും ഒരു പ്രശ്നമാണ്. മൈലാഞ്ചിയിലയോ വേപ്പെണ്ണയോ അരച്ചുപുരട്ടുന്നതാണ് അതിനുള്ള ചികിത്സ. തൈരില്‍ നെല്ലിക്ക അരച്ചുപുരട്ടിയാലും മതി. വളംകടി ബാധിച്ച കാല്പാദം ചുടുചാരത്തില്‍ ചവുട്ടിയാല്‍ അസുഖം കുറയുമെന്നുമുണ്ട് ഒരു വാദം. വെളുത്തുള്ളിയും മഞ്ഞളും കൂടിയരച്ച് ഏതാനും ദിവസം പുരട്ടുന്നതും നല്ലതാണ്. കശുമാവിന്റെ തൊലി അഥവാ പേരയുടെ ഇല ചതിച്ചിട്ട് വെന്ത വെള്ളംകൊണ്ട് കാല് കഴുകുന്നതും വളംകടി രോഗികള്‍ക്ക് ആശ്വാസം നല്‍കും.
കാല്പാദത്തില് ആണിരോഗം ബാധിച്ചവര്ക്കുമുണ്ട് ചിലവില്ലാത്ത ഒരു ചികിത്സ. പപ്പായയുടെ കറ പതിവായി പുരട്ടുക.
ഇനി ചുണങ്ങിന്റെ കാര്യം. ചര്‍മ്മത്തെ ബാധിക്കുന്ന ചുണങ്ങിനെ ചെറുക്കാന്‍ കൃഷ്ണതുളസിയുടെ ഇലപിഴിഞ്ഞ നീരാണ് ഉത്തമം. കടുകരച്ചു പുരട്ടിയാലും മതി. ചന്ദനവും വയമ്പും മോരില്‍ അരച്ചുപുരട്ടുന്നതും ഉപ്പുചേര്‍ത്ത ചെറുനാരങ്ങാനീര് പുരട്ടുന്നതും ചുണങ്ങിനെ ചെറുക്കാനുള്ള നാടന്‍ പൊടിക്കൈകളാണ്. വീട്ടറിവുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അസുഖം കൂടുന്ന വേളകളില്‍ അടിയന്തര വൈദ്യസഹായം സ്വീകരിക്കാനും മടിക്കേണ്ട.
ത്വക്കിനെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് പൊതുവെ കുരുമുളകു കൊടിയുടെ വേര് ചതച്ച് തേച്ചുകുളിക്കുന്നത് നന്നായിരിക്കുമെന്ന് പഴമക്കാര്‍ പറയാറുണ്ട്. നെല്ലിമരത്തിന്റെ തൊലി വെള്ളത്തില്‍ തിളപ്പിച്ച് കുളിക്കുന്നതും തൊട്ടാവാടി, കണിക്കൊന്ന തുടങ്ങിയ സസ്യങ്ങള്‍ സമൂലം എണ്ണകാച്ചി തേക്കുന്നതും ഉത്തമം.
ഇനി ഒരു സൗന്ദര്യ രഹസ്യം കൂടി. മുഖത്തെ രോമം ശല്യമായി തോന്നുന്നവര്‍ക്ക് ഒരു ടേബിള്‍സ്പൂണ്‍ കസ്തൂരി മഞ്ഞള്‍പൊടി ഒരു കപ്പ് മോരില്‍ കലക്കി തിളപ്പിച്ച് ലേപനം ചെയ്യുക. അരമണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയുക.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: