ഞാനുറങ്ങാതിരിക്കുന്നു……
കണ്ണുകള്‍ ക്ഷീണം വന്നു മൂടുമ്പോഴും
ഞാനുറങ്ങാന്‍ ആഗ്രഹിക്കുന്നില്ല
രാത്രിയുടെ യാമങ്ങളൊന്നൊഴിയാതെ
ഞാന്‍ കാവലിരിക്കും
ഇരുളിന്റെ സന്തതികള്‍, അരാജകതയുടെ
കാമുകര്‍,
ഇരവും പകലുമില്ലാതെ ഇരതേടുമ്പോള്‍
നുണയുടെ കോട്ടകള്‍ കെട്ടി
സത്യത്തിന് തടവറകള്‍ തീര്‍ക്കുമ്പോള്‍
ഞാനെങ്ങനെ ഉറങ്ങും
ആരാണിവര്‍ ആട്ടിന്‍ തോലണിഞ്ഞ
ഈ ചെന്നായ് കൂട്ടങ്ങള്‍
നാണയങ്ങള്ക്കായ് ഈ നാടിനെ
വിറ്റവരാണിവര്‍
ആദ്യം റൂബിളിനായും
പിന്നീട് യുവാനായും വിറ്റവര്‍ ഒരു കൂട്ടര്
ഡോളറും പൗണ്ടും വാങ്ങി
കീശ നിറച്ച മറ്റൊരു കൂട്ടര്
ഇവരിന്ന് കൂട്ടമായ് വേട്ടക്കിറങ്ങുന്നു
സത്യത്തെ അരും കൊല ചെയ്ത്
രക്തവും മാംസവും നുണയുന്നു
നുണക്ക് ചൂട്ടുമായ്
പണ്ഡിത വേഷങ്ങള്‍ പടക്കിറങ്ങുന്നു
ഇടത്തോട്ട് മാത്രം പേന ഉന്തി പഠിച്ചവര്‍
പണം കൊടുത്തും പാദസേവ ചെയ്തും
പണ്ഡിത പട്ടം നേടിയവര്‍
വിശപ്പിനെയും വിദ്യാഭ്യാസത്തെയും
മതത്തിന്റെ മതിലുകള്‍ തീര്‍ത്ത് നിര്വചിച്ചവര്
പിഞ്ചുമനസ്സില്‍ പോലും നഞ്ചു കലക്കിയവര്‍
ഒരു കുലത്തിന്റെ അപദാനങ്ങള്‍ പാടി
ഓഛാനിച്ചു നിന്നവര്‍
ഇന്നു നായാട്ടിനിറങ്ങുന്നു
കൂട്ടം ചേര്‍ന്ന് വേട്ടയാടുന്നു
എന്റെ നാടിനെ വെട്ടിമുറിക്കാന്‍
ഇരുള് പരത്തി ഇരപിടിക്കാന്‍
കാടന്റെ കല്‍മഴു വീശി
സംസ്കാരത്തിന്റെ വേരറുക്കാന്‍
ഇവര്‍ കൂട്ടം ചേര്‍ന്ന് പറന്നിറങ്ങുമ്പോള്‍
എന്റ നാടിന്റെ മേല്‍
വീണ്ടും വൈദേശിക പ്രത്യയശാസ്ത്രങ്ങളുടെ
അടിമത്തത്തിന്റെ നിഴല്‍ പരക്കുമ്പോള്‍
ഞാനെങ്ങനെ ഉറങ്ങും
ഇരുളിന്റെ സന്തതികളോടെതിരിടാന്
ഞാന്‍ ഉറങ്ങാതിരിക്കുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: