തേഞ്ഞിപ്പലം: ഐഒസിയുടെ ഉടമസ്ഥതയില്‍ ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് പ്ലാന്റിനെതിരെ സമരം നയിക്കുന്ന ജനകീയ സമിതിയെ പ്രചാരണായുധമാക്കി മാറ്റുകയാണ് ലീഗ് വിമതന്. വിമത പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ലീഗ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്ന പി.എം.മുഹമ്മദലി ബാബുവാണ് സമരസമിതിയുടെ ചെയര്മാന്. തേഞ്ഞിപ്പലം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഇദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ്. തെരഞ്ഞെടുപ്പ് വേളയില്‍ പ്ലാന്റ് ജനങ്ങള്‍ക്ക് ഭീഷണിയാണെന്ന വികാരം ഉയര്‍ത്തിവിട്ട് വോട്ട് തട്ടാനുള്ള ശ്രമത്തിലാണ് ഇയാള്‍. ഐഒസി കമ്പനിയുമായി ബന്ധമുള്ള ചില ലീഗുകാര്‍ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുകയും വാഹനം ആക്രമിക്കുകയും ചെയ്തതായി മുഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്ലാന്റിന്റെ സംഭരണ ശേഷി ഉയര്‍ത്താനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. 1992ല്‍ പ്ലാന്റ് ആരംഭിക്കുമ്പോള്‍ അതിന്റെ ശേഷി 400 മെട്രിക് ടണ്‍ ആയിരുന്നു ശേഷി. എന്നാല്‍ ഇപ്പോള്‍ 900 മെട്രിക് ടണ്‍ ശേഷിയുണ്ട്. ഇതില്‍ നിന്നും വീണ്ടും 2700ലേക്ക് ഉയര്‍ത്താനാണ് പരിപാടി. സംഭരണ ശേഷി വര്‍ദ്ധിപ്പിച്ചാലുണ്ടാകുന്ന അപകടത്തെ കുറിച്ച് വിദഗ്ദ്ധര്‍ പഠനം നടത്തിയിട്ടുണ്ട്. ഈ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അധികൃതര്‍ നിസംഗത തുടരുകയാണ്. ഐഒസി കമ്പനിയുമായി രഹസ്യധാരണ ഉണ്ടാക്കിയ ചില രാഷ്ട്രീയക്കാര്‍ സമരസമിതിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സമരസമിതി നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി.എം.മുഹമ്മദലി ബാബു, ടി.അബ്ബാസ്, കെ.പി.മുഹമ്മദ്കുട്ടി, എന്‍.കെ.സെയ്ദലവി, ഒറ്റപ്പിലാക്കല്‍ രജനി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: