കാടാമ്പുഴ: മാറാക്കര പഞ്ചായത്തിലെ രാഷ്ട്രീയ നാടകങ്ങള്‍ മൂലം ഇരുമുന്നണിയിലെയും അണികള്‍ അസംതൃപ്തരാണ്. എല്‍ഡിഎഫ്-യുഡിഎഫ് തെരഞ്ഞെടുപ്പ് ക്യാമ്പുകളില്‍ പ്രവര്‍ത്തകര്‍ ഇല്ലാത്തത് മുന്നണികളെ പ്രതിസന്ധിയിലാക്കുന്നു. ലീഗ് ഭരണത്തില്‍ അഴിമതിയും ചിറ്റമ്മനയവും മൂലം കോണ്‍ഗ്രസ് സിപിഎമ്മിനോട് കൂട്ടുകൂടിയതാണ് യുഡിഎഫ് അണികളുടെ പ്രശ്നം. മുന്നണിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം ശത്രുക്കളുമായി കൂട്ടുകൂടിയ നടപടി ശരിയല്ലെന്ന് അനുഭാവികളും പ്രവര്‍ത്തകരും ഒരു പോലെ പറയുന്നു. ലീഗ്-ആര്‍എസ്പി-എസ്ഡിപിഐ സഖ്യം ഒത്തുകളിക്കുകയാണിവിടെ. അധികാരത്തിന് വേണ്ടി സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരെ വഞ്ചിക്കുകയാണ് നേതാക്കന്മാരെന്ന് ഇവര്‍ പറയുന്നു.
ലീഗിന്റെ ഭരണം കറുത്തദിനങ്ങളായിരുന്നു മാറാക്കരയിലെ ജനങ്ങള്‍ക്ക്. തിരുന്നാവായ കുടിവെള്ള പദ്ധതിക്കായി 11 ലക്ഷം രൂപ പഞ്ചായത്തിന് നല്‍കിയെങ്കിലും ലീഗ് നേതൃത്വം ആ പണം കൊള്ളയടിക്കുകയാണ് ഉണ്ടായത്. ജലവകുപ്പ് പമ്പ് ഹൗസ് നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ട മൂന്ന് സെ ന്റ് സ്ഥലം പോലും കണ്ടെത്തി നല്കാന് പഞ്ചായത്ത് ഭരണസമിതിക്ക് സാധിച്ചില്ല. കൂടാതെ റോഡ് വികസനമെന്ന പേരില്‍ കോടികളുടെ അഴിമതിയാണ് നടന്നത്. ആശ്രയ പദ്ധതി, ഭവന നിര്‍മ്മാണ പദ്ധതി, പെന്ഷന് എന്നിവയൊന്നും വേണ്ട രീതിയില്‍ നടപ്പാക്കിയില്ല. ഈ ഭരണസമിതിയുടെ കാലയളവില്‍ നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ബാംബൂ കോര്പ്പറേഷന് യൂണിറ്റ്, മില്‍മ യൂണിറ്റ്, വനിതാ കമ്പ്യൂട്ടര്‍ സെന്റര്‍ തുടങ്ങിയവ അടച്ചുപൂട്ടിയതില്‍ ഉള്‍പ്പെടുന്നു. ജനങ്ങളെ വഞ്ചിച്ച് അവിഹിത കൂട്ടുകെട്ട് ഉണ്ടാക്കിയ മുന്നണികളെ പാഠം പഠിപ്പിക്കുമെന്ന് വോട്ടര്‍മാര്‍ പറയുന്നു.
ആകെയുള്ള 20 സീറ്റുകളില്‍ പതിനൊന്നിലും ബിജെപി മത്സരിക്കുന്നുണ്ട്. ബിജെപിക്ക് ലഭിക്കുന്ന ജനപിന്തുണ ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ശക്തമായ മുന്നേറ്റം കാഴ്ചവെക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: