തിരുവനന്തപുരം: കാരയ്‌ക്കാമണ്ഡപം ശിവക്ഷേത്രത്തില്‍ രാവിലെ ദീപാരാധന നടക്കുന്ന സമയം. സമീപത്തായി ബിജെപി നേമം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞടുപ്പ് പര്യടന ഉദ്ഘാടനത്തിനായി തയ്യാറാക്കിയ താത്ക്കാലിക വേദിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ് തന്റെ സ്വതസിദ്ധ ശൈലിയില്‍ മൂന്ന് പതിറ്റാണ്ടായി നടക്കുന്ന നഗരഭരണത്തിന്റെ ചീഞ്ഞളിഞ്ഞ കഥകളെ കുറിച്ച് സംസാരിക്കുന്നു. ഒട്ടും വൈകാതെ ഉദ്ഘാടകന്‍ എത്തി. സംശുദ്ധ രാഷ്‌ട്രീയത്തിന്റെ കാരണവര്‍ ഒ. രാജഗോപാല്‍. ഒരു കാരണവര്‍ കൂപ്പുകൈകളോടെ ഉദ്ഘാടകനെ സ്വീകരിക്കുന്നു.
വേദിയില്‍ സ്ഥാനാര്‍ത്ഥി എം.ആര്‍.ഗോപന്‍. തൊട്ടടുത്തായി നിന്ന പൊന്നുമംഗലം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയും എം.ആര്‍. ഗോപന്റെ ഭാര്യയുമായ സിന്ധു ഗോപകുമാറിനെ വേദിയില്‍ ഇരിക്കാന്‍ രാജഗോപാല്‍ നിര്‍ദ്ദേശിക്കുന്നു. സുരേഷ് മൈക്ക് കൈമാറി. ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു ഉദ്ഘാടന പ്രസംഗത്തിന്റെ തുടക്കം. വരാന്‍ അല്പം വൈകി. തിരുവനന്തപുരത്തെ സ്ഥിരം സംവിധാനമായ ഗതാഗതക്കരുക്കില്‍പ്പെട്ടുപോയി. തുടര്‍ന്ന് കോണ്‍ഗ്രസ്ഭരണത്തിന്റെ അഴിമതിക്കഥകളെ ഒറ്റ വാക്യത്തില്‍ ഒതുക്കി. അവരുടെ ഡിഎന്‍എയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ് അഴിമതി. ഇനിയും പിറന്നുവീഴുന്ന ഓരോ കോണ്‍ഗ്രസ്‌കാരന്റെ രക്തത്തിലും അതുണ്ടാകും. അഴിമതിക്കാരെ എങ്ങനെ സംരക്ഷിക്കാമെന്ന് വീണ്ടും വീണ്ടും പഠിക്കുകയാണ് മുഖ്യമന്ത്രി. തുടര്‍ന്ന് നരേന്ദ്രമോദിയുടെ വികസനങ്ങള്‍ വളരെചുരുക്കത്തില്‍ പരാമര്‍ശിച്ചിട്ട് പര്യടനം ഉദ്ഘാടനം ചെയ്തതായുള്ള പ്രഖ്യാപനം. പത്തു മിനിട്ടില്‍ അധികം എടുക്കാതെ അടുത്ത വാര്‍ഡിലേക്ക്.
രാജേട്ടനു തിരക്കോടുതിരക്കാണ്. നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ദിവസം കഴിഞ്ഞതുമുതല്‍ തുടങ്ങിയതാണ് തിരക്ക്. തിരുവനന്തപുരം നഗരത്തിലെ നൂറ് വാര്‍ഡിലും എത്തണമെന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹം. കഴിയുന്നത്ര എത്താന്‍ ശ്രമിക്കുന്നു. ദിവസേന പതിനഞ്ചോളം വാര്‍ഡുകളിലെങ്കിലും എത്തുമെന്ന് രാജേട്ടന്റെ കൂടെ സഞ്ചരിക്കുന്ന സഹോദരിയുടെ മകന്‍ രമേശ് പറഞ്ഞു.
സ്വന്തം പാര്‍ട്ടിയിലെ തെറ്റുകള്‍ മറച്ചുവച്ച് വേദികളില്‍ എന്തും ഏതും വീമ്പിളക്കുന്ന കേരളരാഷ്‌ട്രീയത്തിലെ അടവു നേതാക്കളെക്കാള്‍ സാംസ്‌ക്കാരിക കേരളം രാജഗോപാലിനെ രാഷ്‌ട്രീയത്തനതീതമായാണ് അംഗീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: