കാസര്‍കോട്: കുഡ്ലു സര്‍വ്വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി എറണാകുളം പള്ളുരുത്തി സ്വദേശി ജോമോന്റെ കാമുകിയെ പോലീസ് പിടികൂടി. തമിഴ്നാട് ഉദുമല്‍പേട്ടയിലെ വില്ലിയാണ് പിടിയിലായത്. ബാങ്ക് കൊള്ള നടത്തിയ ശേഷം കര്‍ണാടക വീരാജ്പേട്ടില്‍ ഒളിവില്‍ പോയ ജോമോന് മലേറിയ ബാധിച്ചപ്പോള്‍ ഉദുമല്‍പേട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കൂട്ടിരുന്നത് വില്ലിയാണ്. മലേറിയ ബാധിച്ച ജോമോന് ഇപ്പോള്‍ പൊലീസ് കാവലില്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
വില്ലിയെ കൂടുതല്‍ ചോദ്യം ചെയ്തു വരുന്നതായി പോലീസ് പറഞ്ഞു. കേസില്‍ ചൗക്കി സ്വദേശിയും ബന്തിയോട്ട് താമസക്കാരനുമായ മുജീബ് നേരത്തെ അറസ്റ്റിലായിരുന്നു. മുജീബിനെയും കൊണ്ട് ഉദുമല്‍ പേട്ടയിലെത്തിയ പോലീസ് സംഘം സ്വകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തിയ മുന്നൂറ് ഗ്രാമോളം വരുന്ന സ്വര്‍ണ്ണം വീണ്ടെടുത്തിട്ടുണ്ട്.
മുത്തൂറ്റ് ഫൈനാന്സില് നിന്ന് 2.36 ലക്ഷം രൂപ, കവിത ഫിനാന്‍സില്‍ നിന്ന് 35000 രൂപ, ശ്രീകുമാരന്‍ ഫിനാന്‍സില്‍ നിന്ന് 14000 രൂപ, കുംഭകോണം ഫിനാന്‍സില്‍ നിന്ന് 1.57 ലക്ഷം രൂപ എന്നിങ്ങനെയാണ് കവര്‍ച്ചാ സ്വര്‍ണ്ണം ഈടായി നല്കി പണം കൈക്കലാക്കിയത്. ജോമോന്റെ കാമുകി വില്ലിയുടെ സഹായത്തോടെയായിരുന്നു സ്വര്‍ണ്ണം പണയം വെച്ച് പണം കൈക്കലാക്കിയത്. ഇതുകൂടാതെ മറ്റു ചില സ്ഥാപനങ്ങളില്‍ കൂടുതല്‍ സ്വര്‍ണ്ണം പണയപ്പെടുത്തുകയോ വില്‍പ്പന നടത്തുകയോ ചെയ്തതായും സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കാസര്‍കോട് സി ഐ പി കെ സുധാകരന്, കോസ്റ്റല്‍ പൊലീസ് സി ഐ സി കെ സുനില്‍കുമാര്‍, എ എസ് ഐ കെ എം ജോണ്‍, പൊലീസുകാരായ ലക്ഷ്മിനാരായണന്, ഗിരീഷ്, എം എസ് ജോണ്‍ എന്നിവര്‍ ഉദുമല്‍പേട്ടയില്‍ ക്യാമ്പ് ചെയ്ത് അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: