അടൂര്‍: കയര്‍ ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം തട്ടിയെന്ന കേസില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി അറസ്റ്റില്‍. വള്ളിക്കോട് പുതുപ്പറമ്പില്‍ ഹരിഹരനാ(53)ണ് പിടിയിലായത്. കോന്നി ബ്ലോക് പഞ്ചായത്ത് വള്ളിക്കോട് ഡിവിഷനില്‍ സിപിഎം വിമതനായാണ് ഇയാള്‍ മത്സരിക്കുന്നത്.
കയര്‍ബോര്‍ഡ് നിര്‍വഹണ ഏജന്‍സിയാണെന്ന് പറഞ്ഞ് പത്രങ്ങളില്‍ പരസ്യം നല്കി ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം തട്ടിയെന്നാണ് കേസ്. അടൂരില്‍ പ്രര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ചെയര്‍മാനാണ് ഹരിഹരന്. ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍, 21 ഫീല്‍ഡ് അസിസ്റ്ററന്റുമാര് എന്നിവരുള്‍പ്പെടെ കയര്ഗ്രാമ പദ്ധതിയില്‍ 532 ഒഴിവുകളുണ്ടെന്ന് പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇല്ലാത്ത തസ്തികയുടെ പേരില്‍ ഇന്റര്‍വ്യൂ കാര്‍ഡ് അയച്ച് ഉദ്യോഗാര്‍ഥികളെ വിളിച്ചു വരുത്തി അപേക്ഷാ ഫീസായി 300 രൂപയും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും 40,000 മുതല്‍ ഒരു ലക്ഷം വരെയും വാങ്ങി റിക്രൂട്ട്മെന്റ് തട്ടിപ്പു നടത്തിയെന്നാണ് കേസ്. വള്ളിക്കോട് ജങ്ഷനില്‍ നിന്ന് ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് കണ്ട് എതിരാളികള്‍ ഗൂഢാലോചന നടത്തി പഴയ പരാതി കുത്തിപ്പൊക്കി തന്നെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്ന് ഹരിഹരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: