പരപ്പനങ്ങാടി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ പണം വാരിയെറിയുന്നവര്‍ക്ക് പണികിട്ടി തുടങ്ങി.
കൂടുത ല്‍ ചിലവാക്കുന്നവര്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി തുടങ്ങി. സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചിലവ് സംബന്ധിച്ച് കണക്കുകള്‍ ഹാജരാക്കാന്‍ സ്ഥാനാര്‍ത്ഥികളോടും ചീഫ് ഏജന്റുമാരോടും ആവശ്യപ്പെട്ടു തുടങ്ങി. എല്‍ഡിഎഫും യുഡിഎഫുമാണ് പണം വാരിയെറിഞ്ഞുള്ള പ്രചരണത്തിന് മുന്നില്‍ നില്‍ക്കുന്നത്. തിരൂരങ്ങാടിയിലും നന്നമ്പ്രയിലും ഇന്നോവകാര്‍ പച്ചനിറം പൂശി കോണിയും സ്ഥാനാര്‍ത്ഥിയുടെ ചിത്രവും ആലേഖനം ചെയ്താണ് പ്രചാരണം. വള്ളിക്കുന്ന് പഞ്ചായത്തിലെ ആലിന്‍ചുവടില്‍ കോണ്‍ക്രീറ്റ് ചെയ്ത പൊതുറോഡ് പച്ചനിറം പൂശി കോണി വരച്ചത് വിവാദമായിട്ടുണ്ട്. അവധി ദിവസങ്ങളില്‍ കുട്ടികളെ കൊണ്ട് പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ട്. കൊടിയുടെ നിറമുള്ള ഷര്‍ട്ടും തൊപ്പിയും നല്‍കിയാണ് കുട്ടികളെ ആകര്‍ഷിക്കുന്നത്. കുട തെരഞ്ഞെടുപ്പ് ചിഹ്നമായിട്ടുള്ള പരപ്പനങ്ങാടി പുത്തരിക്കലിലെ ഒരു പ്രമുഖ സ്ഥാനാര്‍ത്ഥി കുട വിതരണം നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നിരീക്ഷകര്‍ ഇടപെടുകയും ഇത് തടയുകയും ചെയ്തു.
പ്രചാരണത്തിന്റെ പേരില്‍ അനുമതിയില്ലെതെ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഓരോ വാര്‍ഡുകളിലെ പ്രചാരണത്തിന് വെവ്വേറെ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത് ശബ്ദമലിനീകരണം കൂട്ടുന്നു. പല വാര്‍ഡുകളിലും ഓരോ വോട്ടും നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ വോട്ടര്‍മാര്‍ക്കിടയില്‍ പണമൊഴുകാന്‍ സാധ്യതയുണ്ട്. പരപ്പനങ്ങാടിയില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാര്‍ഡുകളില്‍ മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും നേരിട്ട് വോട്ട് തേടിയെത്തുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രചാരണത്തിനിറങ്ങുന്നു. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: