പത്തനംതിട്ട: പോലീസ് മര്‍ദ്ദനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. മര്‍ദ്ദനത്തിനിടെ എഎസ്ഐയുടെ വിരലിനും പരിക്കേറ്റു. കഴിഞ്ഞരാത്രിയായിരുന്നു സംഭവം.
കോന്നി കിഴക്കുപുറം പുതുപറമ്പില്‍ സുരേഷ് (47) ഭാര്യ ജയശ്രി (37), മകന് ഋഷി(16), സുരേഷിന്റെ സഹോദരന് സുനില്‍ കുമാര്‍ (44) ഭാര്യ അമ്പിളി (37), മകന് വിഷ്ണു (19) അമ്പിളിയുടെ സഹോദരി പുത്രന് മനു (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മര്‍ദ്ദനത്തിനിടെ കോന്നി എഎസ്ഐ വിനോദ് കുമാറിനും പരിക്കേറ്റു. ഇടതു കൈയുടെ നടുവിരലിന് പരിക്കേറ്റ എഎസ്ഐയെ തിരുവവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. സുരേഷും സഹോദരന് സുനില്‍ കുമാറും ജോലി കഴിഞ്ഞ് വീടിനു മുന്‍പിലുള്ള റോഡില്‍ കാര്‍ നിര്‍ത്തി പലചരക്ക് സാധനങ്ങള്‍ എടുക്കുന്നതിനിടെ കോന്നിയില്‍ നിന്നും അഡി.എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലിസ് സംഘം ഇവരെ മദ്യപിച്ചെന്ന് ആരോപിച്ച് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചതിനെതുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. തങ്ങള്‍ മദ്യപച്ചിട്ടില്ലെന്നും വാഹനത്തില്‍ നിന്നും മദ്യം കണ്ടെടുക്കണമെന്നും സുരേഷും സുനിലും ആവശ്യപ്പെട്ടങ്കിലും പോലിസ് ഇവരെ ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഇത് ചെറുക്കാന്‍ ശ്രമിച്ചതോടെ പോലീസ് മര്‍ദ്ദിക്കുകയായിരുന്നെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
പോലീസ് അതിക്രമത്തില്‍ സ്ത്രികളക്കമുള്ളവര്ക്ക് പരിക്കേറ്റെന്നും സ്ത്രീകളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്നും പരാതിയുണ്ട്. സംഭവത്തില്‍ പരിക്കേറ്റവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: