മാനന്തവാടി: വോട്ട് ബഹിഷ്കരണാഹ്വാനവുമായി മാവോവാദി ഭീഷണിയുയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ 14 കമ്പനി പോലിസ് സേനയെ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കു നിയോഗിക്കുമെന്ന് ഉത്തരമേഖലാ എഡിജിപി എന്‍ ശങ്കര്‍ റെഡ്ഡി. മാനന്തവാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ നിലവിലുള്ള പോലിസിന് പുറമെയാണ് 1,400 പേരെ കൂടി നിയോഗിക്കുന്നത്. എംഎസ്പി, കെഎപി, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്, നക്സല്‍ വിരുദ്ധ പരിശീലനം നേടിയ കര്‍ണാടക പോലിസ്, തണ്ടര്‍ബോള്‍ട്ട് എന്നിവയുടെ സേവനമാണ് ജില്ലയില്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം മാവോവാദികള്‍ തിരുനെല്ലിയില്‍ വോട്ട് ബഹിഷ്കരണാഹ്വാനം ചെയ്തു പ്രകടനം നടത്തിയ സാഹചര്യത്തിലാണ് എഡിജിപി ജില്ലയിലെത്തിയത്. നാളെ മുതല്‍ നവംബര്‍ മൂന്നു വരെയും ഫലപ്രഖ്യാപന ദിവസവും അധിക പോലിസ് സേന ജില്ലയിലുണ്ടാവും. വനമേഖലയുമായി ബന്ധപ്പെട്ട 26 പോളിങ് ബൂത്തുകള്‍ക്ക് മാവോവാദി ഭീഷണിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ ബൂത്തുകളില്‍ പ്രത്യേക സുരക്ഷയൊരുക്കുമെന്നും എഡിജിപി പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഡിഐജി ദിനേന്ദ്ര കശ്യപ് ഇന്നു ജില്ലയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: