മാവേലിക്കര: ബാര്‍ കോഴ കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയ സാഹചര്യത്തില്‍ രാജിവെച്ച വിന്‍സണ്‍ എം. പോളിനുമുന്‍പേ കേസ് തേയ്ച്ചുമായിച്ചു കളയാന്‍ ശ്രമിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇതിനു കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. ബിജെപി 20, 21, 22, 23 വാര്‍ഡുകളുലെ കുടുംബയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റവാളി ആണോ അല്ലയോ എന്നു തെളിഞ്ഞില്ല എന്ന സാങ്കേതികത്വത്തിന്റെ പേരില്‍ കടിച്ചു തൂങ്ങി കിടക്കുന്നതിനു പകരം അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ കെ.എം. മാണി ഈ സര്‍ക്കാരില്‍ തുടരുന്നതില്‍ ഒരു ന്യായീകരണവുമില്ലെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.
ബാര്‍ കോഴ്‌ക്കേസിന്റെ ആദ്യഘട്ടത്തില്‍ മാണിയെ കുറ്റവിമുക്തനാക്കിയ ആള്‍ മുഖ്യമന്ത്രിയാണെന്നും ഇതുകാരണമാണ് കോടതിക്ക് മാണി കുറ്റക്കാരനല്ല എന്ന റിപ്പോര്‍ട്ട നല്‍കാന്‍ വിജിലന്‍സ് നിര്‍ബന്ധിതമായതെന്നും മുരളീധരന്‍ ആരോപിച്ചു.
സുപ്രധാനമായ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഈ വെളിപ്പെടുത്തലിലൂടെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ചിത്രം തന്നെ മാറിമറയും. ബാര്‍ക്കോഴ കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വക്ഷിപ്പിക്കണമെന്നു ബിജെപി പറഞ്ഞപ്പോള്‍ സിപിഎമ്മാണ് കേരള വിജിലന്‍സ് അന്വേക്ഷിച്ചാല്‍ മതിയെന്നു പറഞ്ഞത്.
അവര്‍ മുഖ്യമന്ത്രിയാക്കാനിരുന്ന ആളായിരുന്നു മാണി എന്നുള്ളതുകൊണ്ടാണിത്. ലാവലിന്‍ കേസ്, ഐസ്‌ക്രീം പാര്‍ലര്‍ കേസ് എന്നിങ്ങനെ നിരവധി കേസുകള്‍ ഇരുമുന്നണികളുടേയും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിലൂടെയാണ് തേഞ്ഞുമാഞ്ഞു പോയതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ബിജെപി ടൗണ്‍ കമ്മറ്റി പ്രസിഡന്റ് എസ്. രംഗനാഥ് അദ്ധ്യക്ഷത വഹിച്ചു.
















