പത്തനംതിട്ട: സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ്, പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിട്ടി എന്നിവയുടെ ആഭിമുഖ്യത്തില്‍ സുരക്ഷിതമായ ശബരിമല തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിന് പത്തനംതിട്ട മുതല്‍ പമ്പ വരെ ദുരന്തനിവാരണ സുരക്ഷായാത്ര നടത്തി. ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ നിര്‍ദ്ദേശാനുസരണം ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി. വി. സുഭാഷ്, റാന്നി തഹസില്‍ദാര്‍ കെ. വി. രാധാകൃഷ്ണന്‍നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷായാത്ര നടത്തിയത്. മൈലപ്ര പള്ളിപ്പടി ജംഗ്ഷനില്‍ ആവശ്യമായ ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തുന്നത് സംഘം ചര്‍ച്ച ചെയ്തു.
മണ്ണാറക്കുളഞ്ഞി ഒന്നാം കലുങ്കിന് സമീപം കല്‍ക്കെട്ട് നിര്‍മ്മിക്കാനും റോഡിന്റെ വശത്ത് സുരക്ഷാ പോസ്റ്റുകള്‍ സ്ഥാപിക്കാനും, ചെങ്ങറമുക്ക്, മൂഴിക്കല്‍പടി തുടങ്ങിയ സ്ഥലങ്ങളില്‍ റോഡിന്റെ വശങ്ങളിലെ കാട് വെട്ടിത്തെളിക്കാനും വടശേരിക്കര കന്നാംപാലത്തിന് സമീപം ട്രാഫിക് സുഗമമാക്കുന്നതിന് നടപടിയെടുക്കാനും പൊതുമരാമത്ത് നിരത്തു വിഭാഗത്തെ ചുമതലപ്പെടുത്തി. പത്തനംതിട്ട മുതല്‍ പമ്പ വരെ റോഡിന്റെ ഇരുവശങ്ങളിലും കിടക്കുന്ന വലിയ പാറകള്‍, മരത്തടികള്‍ എന്നിവ നീക്കം ചെയ്യും. ആവശ്യമായ സ്ഥലങ്ങളില്‍ ക്രാഷ് ഗാര്‍ഡുകള്‍ സ്ഥാപിക്കാനും പൊതുമരാമത്ത് വിഭാഗത്തെ ചുമതലപ്പെടുത്തി.
ഇടത്തറ അക്കുഡേറ്റിന് സമീപം തീര്‍ത്ഥാടകര്‍ വാഹനം നിറുത്തുന്നത് ഒഴിവാക്കണമെന്ന് സംഘം വിലയിരുത്തി. വടശേരിക്കര ഡി. ടി. പി.സിയുടെ നേതൃത്വത്തിലുള്ള ശൗചാലയത്തിന്റെയും വിശ്രമകേന്ദ്രത്തിന്റെയും സൗകര്യം പരിശോധിച്ചു. തീര്‍ത്ഥാടകര്‍ കുളിക്കാനിടയുള്ള വടശേരിക്കര കല്ലാര്‍ കുളിക്കടവ്, മുണ്ടപ്ലാക്കല്‍ കടവ്, കല്ലറ കടവുപാലം, മാടമണ്‍ അമ്പലക്കടവ്, പോത്തുംമൂട് കോട്ടൂപ്പാറക്കടവ് എന്നീ സ്ഥലങ്ങളിലെ സുരക്ഷ വിലയിരുത്തി. ളാഹ മുതല്‍ പമ്പ വരെ റോഡില്‍ അലയുന്ന കന്നുകാലികള്‍ക്ക് ആവശ്യമായ സുരക്ഷിത താവളം ഒരുക്കുന്നതിന് നിര്‍ദ്ദേശം സമര്‍പ്പിക്കും. കുളഞ്ഞിത്തോടു മുതല്‍ പമ്പ വരെ കാനനപാതയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കാനനപാതയില്‍ തീര്‍ത്ഥാടകര്‍ക്കു നേരേ വന്യമൃഗങ്ങളില്‍ നിന്ന് ആക്രമണം ഉണ്ടാകാനുള്ള സാധ്യതകള്‍ അവലോകനം ചെയ്തു. നിലയ്ക്കലിലെ ബേസ് ക്യാമ്പില്‍ മാലിന്യ സംസ്കരണത്തിന് ആവശ്യമായ ക്രമീകരണത്തിന് രൂപരേഖ തയ്യാറാക്കി. നിലയ്ക്കല്‍ ക്ഷേത്രത്തിനും പമ്പയ്ക്കുമിടയില്‍ പ്രധാന കേന്ദ്രങ്ങളില്‍ റോഡില്‍ ക്രാഷ് ഗാര്‍ഡ് സ്ഥാപിക്കും. വഴിയിലെ വെള്ളച്ചാട്ടങ്ങളില്‍ തീര്‍ത്ഥാടകര്‍ കുളിക്കുന്നതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം നല്കി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ നിലയ്ക്കലില്‍ ക്രെയിന്‍, ജെ.സി.ബി സംവിധാനങ്ങള്‍ വേണ്ടിവരുമെന്ന് സംഘം വിലയിരുത്തി.
ഈ മാസം 20ന് പമ്പ മുതല്‍ സന്നിധാനം വരെ നടത്തിയ സുരക്ഷായാത്രയുടെ റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാകുമെന്ന് ഐ. എല്‍. ഡി. എം ഡയറക്ടര്‍ ഡോ.കേശവ്മോഹന്‍ അറിയിച്ചു. പൊതുമരാമത്ത്, വനം വകുപ്പ്, ആര്.ടി.ഒ, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും അയ്യപ്പസേവാ സംഘം പ്രവര്‍ത്തകരും സുരക്ഷായാത്രയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: