പുല്‍പ്പള്ളി : ആദിവാസി സമൂഹത്തെ ഒറ്റുകൊടുത്തവരെ ഈ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പെടുത്തണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ശ്രീശന് പറഞ്ഞു. പുല്‍പ്പള്ളി മടാപറമ്പില്‍ നടന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാലമത്രെയും ആദിവാസികളുടെ വികസനത്തിനുവേണ്ടി സര്‍ക്കാര്‍ അനുവദിച്ച തുക എന്തു ചെയ്തു വെന്ന് ജനപ്രതിനിധികള്‍ വെളിപ്പെടുത്തണം. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇക്കൂട്ടര്‍ക്ക് നിഷേധിച്ചതിന്റെ ഉത്തരവാദിത്വം മാറി മാറി അധികാരത്തില്‍ വന്നവര്‍ ഏറ്റെടുക്കണം. കൊളറാട്ടുകുന്ന് മടാപറമ്പ് റോഡിനനുവദിച്ച 89 ലക്ഷം രൂപ ലാപ്സായി പോയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്‍ഗ്രസ്സിനും സി.പി.എമ്മിനും ഒഴിഞ്ഞുമാറാനാവില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണേണ്ട വിഷയങ്ങള്‍ സജീവമായി പരിഗണിക്കാനും മോദി സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ കോളനികളില്‍ എത്തിച്ച് വികസന വിപ്ലവത്തിന് തുടക്കം കുറിക്കാനുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ബി.ജെ.പി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.എന്‍ പ്രകാശ്, പി. പത്മനാഭന് മാസ്റ്റര്‍, തൃദീപ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: