നിലമ്പൂര്‍: നഗരസഭയിലെ ഡിവിഷന്‍തല തെരഞ്ഞെടുപ്പ് കുടുംബയോഗങ്ങളില്‍ സ്ത്രീകളടക്കമുള്ള വോട്ടര്‍മാരുടെ പിന്തുണ കുറയുന്നത് മുന്നണികളില്‍ അമ്പരപ്പ് സൃഷ്ടിക്കുന്നു. വളരെ പ്രാധാന്യത്തോടെ പ്രചാരണം നല്കി ഉന്നതരെ രംഗത്തിറക്കിയിട്ടും കുടുംബയോഗങ്ങള്‍ പരാജയപ്പെടുകയാണ്. എന്നാല്‍ ബിജെപിയുടെ കുടുംബയോഗങ്ങളിലെ ജനപങ്കാളിത്തവും അച്ചടക്ക പൂര്‍ണ്ണമായ പ്രചാരണ പരിപാടികളും മുന്നണികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. പുറമെ കാണുന്ന മോടികളല്ലാതെ ഇരുമുന്നണിയുടെ നേതാക്കള്‍ക്കും അവകാശപ്പെടാന്‍ ഒന്നുമില്ല. കടുത്ത അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇരുമുന്നണികളും ബിജെപിയെ ഭയക്കുന്നുണ്ട്. ഇതിന് ഉദാഹരണമാണ് 17 ഡിവിഷനുകളില്‍ സിപിഎം-ജമാഅത്ത് ഇസ്ലാമി-പിഡിപി-പോപ്പുലര്‍ ഫ്രണ്ട് കൂട്ടുകെട്ട്. നാലാം ഡിവിഷനായ സ്കൂള്‍ കുന്നില്‍ ലീഗുമായുള്ള ബന്ധത്തെ തുടര്‍ന്ന് സ്വന്തം സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം സിപിഎം നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവിലെ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കൂടിയായ ലീഗ് സ്ഥാനാര്‍ത്ഥി മുംതാസ് ബാബുവിന് വേണ്ടിയാണ് സിപിഎം സ്വന്തം സ്ഥാനാര്‍ത്ഥിയെ മരവിപ്പിച്ചിരിക്കുന്നത്. പ്രത്യുപകാരമായി വല്ലപ്പുഴ ഡിവിഷനില്‍ മത്സരിക്കുന്ന സിപിഎം വിമതന് പി.എം.ബഷീറിനെ തോല്‍പ്പിക്കണമെന്നാണ് കരാര്‍. വല്ലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജഹാനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഷാജഹാനെ തോല്‍പ്പിക്കുകയെന്ന രഹസ്യ അജണ്ടയും ലീഗിനുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ ലീഗിനെതിരെ പ്രമേയം പാസാക്കാന്‍ മുന്‍പന്തിയില്‍ നിന്നത് ഈ ഷാജഹാനാണ്. ആര്യാടന്റെ അനുയായി കൂടിയായ ഷാജഹാനെ തോല്‍പ്പിക്കുകയെന്നത് ലീഗിന്റെ അഭിമാന പ്രശ്നമായി മാറി കഴിഞ്ഞു. എന്തായാലും ലീഗിന്റെയും സിപിഎമ്മിന്റെയും ലക്ഷ്യം ശത്രുസംഹാരം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: