അല്ലയോ മാധവാ…ഭഗവാനെ …കേശവാ… എന്റെ പ്രിയ സുഹൃത്ത് ദുര്യോധനനെ ആത്മാര്‍ത്ഥമായി സ്നേഹിച്ചതാണോ ഞാന്‍ ചെയ്ത മഹാഅപരാധം? പ്രകൃതിപോലും നിശ്ചലമായ നിമിഷം നാരായണന്‍പോലും ഉത്തരംകിട്ടാതെ ശിരസുതാഴ്ത്തിയ സംഭവം
കുരുക്ഷേത്ര ഭൂമിയില്‍ അര്‍ജ്ജുനന്റെ തീഷ്ണവും മൂര്‍ച്ചയേറിയതുമായ അസ്ത്രം ശരീരത്തില്‍ തുളച്ചുകയറി രണഭൂമിയില്‍ കിടന്ന് പ്രാണനുവേണ്ടി പിടഞ്ഞ കര്‍ണ്ണന്റെ സമീപത്തേക്ക് ചെന്ന ഭഗവാന് കൃഷ്ണനോട് പരിഹാസവും സങ്കടവും നിറഞ്ഞ ഭാവത്തില്‍ ചോദ്യശരങ്ങള്‍ ഉതിര്‍ക്കുന്ന കര്‍ണ്ണനെ ഒട്ടും ഭംഗിചോരാതെ അതിശക്തമായി വേദിയിലവതരിപ്പിച്ച് ആസ്വാദകരുടെ മനസിനെ വേദനയുടേയും ദുഃഖത്തിന്റേയും കാണാക്കയത്തിലേക്ക് കഥാപ്രസംഗമെന്ന കലാരൂപത്തിലൂടെ സംവദിക്കുകയായിരുന്നു ആലപ്പുഴക്കാരി ആര്യാരാജ്. ദല്‍ഹി മയൂര്‍വിഹാറിലെ തിങ്ങിനിറഞ്ഞ ജനസഞ്ജയത്തെ തന്റെ ഭാവപ്രകടനത്തിലൂടെ കോരിത്തരിപ്പിച്ച പ്രകടനം.
അന്യംനിന്നുപോയ ഒരു കലാരൂപത്തെ വഞ്ചിപ്പാട്ടിന്റേയും കൊയ്ത്തുപാട്ടിന്റേയും വിപ്ലവഗാഥകളുടേയും നാട്ടില്‍നിന്നെത്തി രാജ്യതലസ്ഥാനത്തെ കൊടുംചൂടില്‍ കഴിഞ്ഞിരുന്ന മറുനാടന്‍ മലയാളികള്‍ക്ക് പൂര്‍ണ്ണശോഭയോടെ ആസ്വാദനസദ്യ ഒരുക്കിയത് ആലപ്പുഴ ആര്യാട് ആര്യാനിവാസില്‍ ആര്യാരാജ് എന്ന പെണ്‍കുട്ടിയാണ്.
ഒരുകാലത്ത് ഉത്സവപ്പറമ്പുകളിലും നാട്ടിന്‍പുറങ്ങളിലെ ആഘോഷപരിപാടികളിലും ആവേശത്തിരയുണര്‍ത്തി ജനഹൃദയങ്ങളിലേക്ക് നാട്യ-സംഗീത-ഭാവരസങ്ങള്‍ പകര്‍ന്നു നല്കിയ കലാരൂപം. കെടാമംഗലവും, സാംബശിവനും നിറഞ്ഞാടി വിശ്വരൂപംകാട്ടിയ ദൈവീകകല ഇടക്കാലത്ത് വിസ്മൃതിയിലാണ്ടുപോയപ്പോള്‍ അതിന് കായകല്പരീതിയിലൂടെ പുനര്ജന്മം നല്കി കഥാപ്രസംഗ ആസ്വാദകര്‍ക്ക് വീണ്ടും ശീതളിമയേക്കുകയാണ് ആര്യാരാജ്.
ഏഴാക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യമായി ആര്യ കഥാപ്രസംഗം അവതരിപ്പിച്ചത്. ഒഎന്‍വിയുടെ അമ്മ എന്ന കവിതയെ ആസ്പദമാക്കി അവതരിപ്പിച്ച കഥ സ്കൂള്‍ യുവജനോത്സവവേദികളില്‍ വിധികര്‍ത്താക്കള്‍ക്ക് മറ്റൊന്ന് ചിന്തിക്കാന്‍ അവസരംകൊടുക്കാതെ സമ്മാനങ്ങള്‍ വാരിക്കൂട്ടി. തുടര്‍ന്ന് ഈ ചെറുപ്രായത്തില്‍ തുടങ്ങിയ അശ്വമേധം കേരളത്തിനകത്തും പുറത്തുമായി നൂറോളം വേദികളില്‍ ആര്യാരാജ് ഇതിനോടകം കഥാപ്രസംഗം അവതരിപ്പിച്ചുകഴിഞ്ഞു.
അമ്മയില്‍ തുടങ്ങി ഇപ്പോള്‍ പുരാണ കഥാപാത്രമായ പരശുരാമനില്‍ എത്തിനില്‍ക്കുന്ന ഈ പെണ്‍കുട്ടിയുടെ കഥാപ്രസംഗപാടവം ആദ്യം തിരിച്ചറിഞ്ഞത് പള്ളുരുത്തി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കഥാപ്രസംഗ കലാപഠനകേന്ദ്രം ഡയറക്ടറായ പള്ളുരുത്തി രാമചന്ദ്രനാണ്. ഇദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് ആര്യയുടെ കഥപറച്ചില്‍.
പുരുഷമേധാവിത്തമുണ്ടായിരുന്ന ഈ കലാരൂപ മേഖലയിലേക്ക് കാല്‍വെച്ചപ്പോള്‍ വളരെയേറെ വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയും സുഹൃത്തുക്കളുടേയും അകമഴിഞ്ഞ പിന്തുണ ലഭിച്ചപ്പോള്‍ ആര്യാരാജ് വേദികളില്‍നിന്ന് വേദികളിലേക്ക് ഒരു പടയോട്ടംതന്നെ നടത്തുകയായിരുന്നു. ഇതിന്റ തെളിവാണ് 2015 ലെ ദേശീയതലത്തിലുളള അംബേദ്ക്കര്‍ ഫെലോഷിപ്പ് ഉള്‍പ്പടെയുളള പുരസ്കാരങ്ങള്‍ കരസ്ഥമാക്കാന്‍ ഈ കലാകാരിക്ക് കഴിഞ്ഞത്.
2010 മുതല്‍ 12 വരെയുള്ള കാലഘട്ടത്തില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ്നേടി വിസ്മയം തീര്‍ത്ത ആര്യയ്ക്ക് കഥാപ്രസംഗപഠനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കള്‍ച്ചറല്‍ സ്കോളര്‍ഷിപ്പിന് അര്‍ഹത നേടി. തുടര്‍ന്ന് കെടാമംഗലം സദാനന്ദന് സ്മാരക കാഥിക പ്രതിഭാ പുരസ്ക്കാരം, തുടങ്ങി നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ പുരസ്കാരങ്ങളും ആര്യയെതേടിയെത്തി.
ഇതുവരെ അവതരിപ്പിച്ചതില്‍ തനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത് ഞാന്‍ കര്ണ്ണന് എന്ന കഥയാണ്. മറ്റുള്ളവ ഇഷ്ടമല്ലെന്നല്ല, കര്‍ണ്ണന്റെ അനുഭവം തന്റേയും മനസില്‍ വിങ്ങലുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ആര്യ പറയുന്നു. ഝാന്‍സി റാണി, ഭഗത്സിംഗ്, ഇഷ്ടം, മഹാത്മ അയ്യങ്കാളി എന്നിവയും മനസിന് സന്തോഷംതരുന്ന കഥകളാണ്. ഇപ്പോള്‍ അവതരിപ്പിക്കുന്ന പരശുരാമനും ഏറെ ഇഷ്ടമുള്ള കഥയാണ്-ആര്യ പറയുന്നു. വടക്കനാര്യാട് പാരല്‍കോളേജ് അദ്ധ്യാപകനും ആലപ്പുഴയിലെ ഒരു പ്രമുഖ സ്ഥാപനത്തിലെ സെയില്‍സ്മാനുമായ നടരാജനാണ് ആര്യയുടെ അച്ഛന്. ജയശ്രിയാണ് അമ്മ. വാദ്യോപകരണ കലാകാരന് അമല്‍രാജ് സഹോദരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: