ഒന്ന് കുനിഞ്ഞാല്‍ നിവരാന്‍ എന്തൊരു പ്രയാസമാ എന്ന്പരിതപിച്ചിട്ടുണ്ടോ? അതും മുപ്പതുകഴിഞ്ഞവര്‍. ഒന്നുപ്രസവിച്ചുകഴിഞ്ഞാല് പിന്നെ നടുവേദനയും തുടങ്ങുകയായി.എല്ലാവരുടേയും കാര്യമല്ല. പക്ഷേ ബഹുഭൂരിപക്ഷത്തിന്റേയും പ്രശ്നമാണുതാനും. പ്രസവം സിസേറിയനിലൂടെയായിരുന്നുവെങ്കില് പറയുകയും വേണ്ട . എന്നാല്‍ ഈ നടുവേദനയ്ക്ക് പല കാരണങ്ങളുമുണ്ട്. എല്ലിനെ ബാധിക്കുന്ന പ്രശ്നങ്ങളും നമ്മുടെതന്നെ ചില ശീലങ്ങളുമെല്ലാം ഇതിന് കാരണമാണ്. കിടപ്പും ഇരിപ്പും നടപ്പുമെല്ലാം ശരിയായ വിധത്തിലല്ലെങ്കില്‍ നടുവേദന ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
കടക്കുന്നതിലുള്ള അപാകത നടുവേദനയ്ക്ക് കാരണമായിത്തീരാറുണ്ട്. മൃദുത്വമുള്ള മെത്ത, കിടക്കുമ്പോള്‍ സുഖം നല്‍കുമെങ്കിലും നടുവേദന വരുത്തിവയ്ക്കും. വളഞ്ഞും തിരിഞ്ഞും കിടക്കുന്നതും നടുവിന് നല്ലതല്ല. നേരെ നിവര്ന്നുകിടക്കുന്നതാണ് ഉത്തമം. ഉറപ്പുള്ളതും നട്ടെല്ലിന് താങ്ങുനല്കുന്നതുമായ മെത്തകളാണ് ഉപയോഗിക്കേണ്ടത്. കമിഴ്ന്നുകിടക്കുക, കിടന്നുകൊണ്ട് വായിക്കുക, കിടന്നു ടിവി കാണുക, കുനിഞ്ഞിരുന്നുള്ള വായന തുടങ്ങിയ ശീലങ്ങള്‍ നടുവേദന ക്ഷണിച്ചുവരുത്തും.
കഴിയുന്നതും ജോലികള്‍ ഇരുന്നുതന്നെ ചെയ്യുക. തുണികഴുകുന്നതും തറ തുടയ്ക്കുന്നതും കുനിഞ്ഞുനിന്നാണെങ്കില് അത് ഒഴിവാക്കുക. ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുമ്പോഴും ശ്രദ്ധ അത്യാവശ്യമാണ്. ഇരുപ്പിലും വേണം ഒരു ശ്രദ്ധ. നേരെ നിവര്‍ന്നിരുന്ന് ജോലി ചെയ്യാന്‍ ശ്രമിക്കുക. വളഞ്ഞിരുന്ന് ജോലി ചെയ്യാനാണ് പലര്‍ക്കും താല്പര്യം. ഇരുന്നു ജോലി ചെയ്യുമ്പോള്‍ ആ ശീലം ഉപേക്ഷിക്കുക. നമ്മുടെ സൗകര്യത്തിന് വേണ്ടിയാണെങ്കിലും പതിവായി ഈ രീതി തുടര്‍ന്നാല്‍ നടുവേദനയ്ക്ക് അതൊരു കാരണമാവും.
ഒരേ ഇരുപ്പിലിരുന്ന് ഏറെ നേരം ജോലി ചെയ്യുന്നത് ഒഴിവാക്കുക. ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റ് നടന്നാല്‍ നട്ടെല്ലിന് അല്പം റിലാക്സേഷന് കിട്ടും. മാനസിക സമ്മര്‍ദ്ദങ്ങളും നടുവേദനയിലേക്ക് നയിക്കാം.
അമിതവണ്ണവും നടുവേദനയ്ക്ക് വഴിയൊരുക്കും. കാലുകള്‍ക്ക് ഭാരം താങ്ങാന്‍ സാധിക്കാതെ വരും. വ്യായാമം ശീലമാക്കിയാല്‍ നടുവേദനയില്‍ നിന്നും മോചനം നേടാന്‍ സാധ്യമാണ്. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുക. യോഗയും വ്യായാമവും ധ്യാനവും ശീലമാക്കുക. നടുവേദന ഒരു മാറാരോഗമല്ലെന്നും നടുവേദനയ്ക്ക് കാരണം ചില ശീലങ്ങളാണെങ്കില്‍ അതൊഴിവാക്കിക്കൊണ്ടു കൃത്യമായ രോഗനിര്‍ണയത്തിലൂടെയും ചികിത്സകൊണ്ടും ഭേദമാക്കാന്‍ സാധിക്കുന്ന ഒന്നാണ് നടുവേദന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: