മലപ്പുറം: കോണ്‍ഗ്രസിനെ തരിപ്പണമാക്കി ഇടതുമുന്നണിയില്‍ ചേക്കേറാന്‍ മുസ്ലീം ലീഗിന്റെ അണിയറ നീക്കം. ജില്ലാ പഞ്ചായത്തിലേക്ക് കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം തുടച്ചു നീക്കി ബ്ലോക്ക്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളില്‍ സി പി എമ്മിന് പരമാവധി സീറ്റ് തരപ്പെടുത്തി നല്‍കുന്നതിനുള്ള രഹസ്യ ധാരണകളും പൂര്‍ത്തിയായി. ഇതിനുള്ള മൗനുവാദം ലീഗിന്റെ ഉന്നത നേതൃത്വം മുമ്പേ നല്‍കിക്കഴിഞ്ഞതായും സൂചനയുണ്ട്. മാണിയെ മുന്നണിയില്‍ ചേര്‍ത്ത് ഭരണം പിടിക്കാനൊരുങ്ങി പരാജയപ്പെട്ട സി പി എമ്മിലെ കണ്ണൂര്‍ ലോബിയുടെ ആസൂത്രണ പ്രകാരമാണ് ലീഗുമായുള്ള രഹസ്യ ബാന്ധവം. ഇതിന്റെ ഭാഗമായി പിണറായി വിജയന് അടക്കമുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം മുസ്ലീം ലീഗിനെ വെള്ളപൂശിയിരുന്നു. ലീഗ് മതേതര കക്ഷിയാണെന്നു വരെ പറഞ്ഞുവെച്ച സിപിഎം നേതാക്കള്‍ ലീഗും സിപിഎമ്മുമായി അടുക്കുകയാണെന്ന സൂചനയും പാര്‍ട്ടിയുടെ വിശ്വസ്തര്‍ക്ക് നല്‍ക്കിക്കഴിഞ്ഞു.
കോണ്‍ഗ്രസുമായുള്ള ബന്ധം വിഛേദിച്ച് ഇടതുമുന്നണിയുമായി അടുക്കുന്നതിനെതിരെ ലീഗിനുള്ളില്‍ ചില അപസ്വരങ്ങള്‍ ഉണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വട്ടപൂജ്യമാവുന്നതു കണ്ടാല്‍ ഈ എതിര്‍പ്പ് ഇല്ലാതായിക്കൊള്ളുമെന്നാണ് ലീഗിലെ സീറോ മിഷന് പ്രവര്‍ത്തകരുടെ നിരീക്ഷണം. ലീഗിന്റെ പരകായ പ്രവേശനം മുന്‍കൂട്ടി കണ്ട ആര്യാടന് മുഹമ്മദ് ലീഗ് ഇത്രയധികം പ്രകോപനം സൃഷ്ടിച്ചിട്ടും കാര്യമായൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. ലീഗ് മുന്നണി വിട്ടാല്‍ അത് തന്റെ മേലില്‍ ചാരുമെന്ന ഭയമാണ് ആര്യാടനെ പരസ്യ പ്രസ്താവനയില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ലീഗിനോട് ഒട്ടി നില്ക്കുന്ന മന്ത്രി എ.പി അനില്‍കുമാര്‍ മാത്രമാണ് ലീഗിന്റെ രഹസ്യ പദ്ധതി വൈകി അറിഞ്ഞത്. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസിനെ ജില്ലയില്‍ തകര്‍ക്കാനുള്ള ലീഗ് നീക്കത്തിനെതിരെ മന്ത്രി ആര്യാടനുമായി സഹകരിക്കാന്‍ അനില്‍ തയ്യാറായത്. ഇരുവരും ചേര്‍ന്ന് കെപിസിസി യില്‍ ജില്ലയിലേക്ക് നിരീക്ഷകന് വേണ്ടെന്ന അഭിപ്രായവും ഉന്നയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന് നാലു ദിവസം മുമ്പ് ലീഗിലെ കേഡര്‍മാരെ ഉപയോഗിച്ച് മിഷന് സീറോ നടപ്പാക്കാനാണ് നിലവില്‍ തീരുമാനമെടുത്തിരിക്കുന്നത്. സിപിഎം കേഡര്‍മാരും ഇതിനു വേണ്ട സഹായങ്ങള്‍ നല്‍കും. അനുഭാവികളുടെ അടക്കം വോട്ടുകള്‍ അട്ടിമറിച്ചായിരിക്കും നീക്കം. ലീഗില്‍ നിന്ന് കോണ്‍ഗ്രസ് ഒറ്റക്ക് പിടിച്ചെടുത്ത മൂത്തേടം ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസില്‍ നിന്നും ലീഗ് പിടിച്ചെടുത്ത മാറാക്കര ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ മുതലെടുക്കാന്‍ സിപിഎം അടവു നയവുമായി രംഗത്തുണ്ട്. വാഴക്കാട് , വേങ്ങര, കണ്ണമംഗലം, കാളികാവ്, ചോക്കാട്, കരുവാരക്കുണ്ട്, പരപ്പനങ്ങാടി, ചെറിയമുണ്ടം തുടങ്ങിയ പഞ്ചായത്തുകളില്‍ സിപിഎം തരം പോലെ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട്. സിപിഎം ഭരിക്കുന്ന വളാഞ്ചേരി മുനിസിപ്പാലിറ്റി തിരിച്ചു പിടിക്കാന്‍ മുന്നണിക്ക് പുറത്തുള്ള പിഡി പിയും, വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ലീഗാണ് ആദ്യമായി കൂട്ടു കൂടിയത് എന്ന കോണ്‍ഗ്രസ് ആരോപണം നിഷേധിക്കാന്‍ ലീഗിന് കഴിഞ്ഞിട്ടില്ല. ഇവിടെ സൗഹൃദ മത്സരങ്ങള്‍ക്ക് പകരം ശത്രു സംഹാരമാണ് നടക്കാന്‍ പോകുന്നതെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു.
സ്വന്തം അണികളെ ബലി കൊടുത്ത് ലീഗും, സിപിഎമ്മും പതീറ്റാണ്ടുകളായി എതിരാളികളെ വളഞ്ഞുകുത്തി തോല്‍പ്പിച്ചതിന്റെ തനിയാവര്‍ത്തനം വ്യാപകമായി നടപ്പിലാക്കുമ്പോള്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: