മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന് പിടിക്കാന്‍ ഇത്തവണ വനിതകള്‍ തമ്മിലുള്ള പോരാട്ടം ചൂടുനിടിച്ചു. തെങ്കര, അരിയൂര്‍, ചെത്തല്ലൂര്‍, കൊറ്റിയോട്, ചങ്ങലീരി, പയ്യനെടം ബ്ലോക്കു ഡിവിഷനുകള്‍ അടങ്ങുന്നതാണ് തെങ്കര ജില്ലാ പഞ്ചായത്ത് ഡിവിഷന്. നഗരസഭയായ മണ്ണാര്‍ക്കാടിനെ ഒഴിവാക്കിയാണ് തെങ്കര ഡിവിഷന് രൂപീകരിച്ചത്.
തെങ്കര, പയ്യനെടം ബ്ലോക്ക് ഡിവിഷനുകളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ചങ്ങലീരി ഡിവിഷനില്‍ മുസ്ലിം ലീഗുമാണ് വിജയിച്ചത്. ചെത്തല്ലൂര്‍, അരിയൂര്‍, കൊറ്റിയോട് ബ്ലോക്ക് ഡിവിഷനുകള്‍ പുതിയതാണ്. ചെത്തല്ലൂരില്‍ ബിജെപിക്ക് പൂര്‍ണ പ്രതീക്ഷയുണ്ട്. മറ്റ് വാര്‍ഡുകളില്‍ ശക്തമായ മുന്നേറ്റവും പ്രതീക്ഷിക്കുന്നു. അരിയൂരും ചങ്ങലീരിയുമാണ് യുഡിഎഫ് പ്രതീക്ഷയര്‍പ്പിക്കുന്ന ഡിവിഷനുകള്‍. എല്‍ഡിഎഫ് ആകട്ടെ തെങ്കരയിലും പയ്യനെടത്തും പ്രതീക്ഷയര്‍പ്പിക്കുന്നു.
സിപിഎമ്മിന്റെ ജനവിരുദ്ധത മടുത്ത് ബിജെപിയില്‍ ചേര്‍ന്ന സ്മിതയാണ് ബിജെപി സ്ഥാനാര്‍ഥി. നേരത്തെ സിപിഎം ഒമ്മല രണ്ട് ബ്രാഞ്ച് സെക്രട്ടറി, ജനാധിപത്യ മഹിള അസോസിയേഷന് ജില്ലാ കമ്മിറ്റി അംഗം,അഗളി പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
സിപിഐയിലെ സീമ കൊങ്ങശ്ശേരിയെയാണ് തെങ്കര പിടിക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ചിരിക്കുന്നത്. പൊമ്പ്ര പിപിടിഎം സ്കൂള്‍ അധ്യാപികയായ സീമ, കുടുംബശ്രീയുടെ സജീവ പ്രവര്‍ത്തകയാണ്. മുന്‍ എംഎല്‍എ കൊങ്ങശ്ശേരി കൃഷ്ണന്റെ ബന്ധുവാണ് സീമ. കാട്ടുകുളം എഎല്‍പി സ്കൂള്‍ അധ്യാപികയും കോട്ടോപ്പാടം പഞ്ചായത്തംഗവുമായ മുസ്ലിം ലീഗിലെ കെ.എം.സാലിഹയാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: