ചെമ്മാട്: ഒടുവില്‍ ചെമ്മാട് നഗരത്തെ ദുര്ഗന്ധത്തിലാഴ്ത്തിയ മാലിന്യപ്പെട്ടികള്‍ പഞ്ചായത്ത് അധികൃതര്‍ നീക്കം ചെയ്തു. ചെമ്മാട് മാലിന്യമുക്തമാക്കാനെന്ന അവകാശവാദവുമായി മൂന്ന് മാസം മുമ്പാണ് കൊട്ടിയാഘോഷിച്ച് 35 പെട്ടികള്‍ സ്ഥാപിച്ചത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച പെട്ടികള്‍ നിറഞ്ഞ് മാലിന്യങ്ങള്‍ ഫുട്പാത്തുകളില്‍ വീണു തുടങ്ങി. യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന വാര്‍ത്ത ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പൊതുവെ ഇടുങ്ങിയ റോഡാണ് ചെമ്മാടിലേത്. നടക്കാനുള്ള ഫുട്പാത്തിനാകട്ടെ തീരെ വീതിയുമില്ല. ഇവിടെ മാലിന്യപെട്ടികള്‍ കൂടി സ്ഥാപിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഓരോ ദിവസം കഴിയന്തോറും ദുര്‍ഗന്ധം രൂക്ഷമായി വന്നു. ഇതോടെ പൊതുജന രോക്ഷം ഉയര്‍ന്നിരുന്നു.
ചെമ്മാട്-കോഴിക്കോട് റോഡിലെ ഓടകള്‍ തുറന്ന് വൃത്തിയാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ കാര്യത്തില്‍ പറ്റിയ പാളിച്ചകള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുയെന്ന ഭയന്നാണ് മാലിന്യപ്പെട്ടികള്‍ മുഴുവനും നീക്കം ചെയ്തത്.
കേന്ദ്രാവിഷ്കൃത പുര പദ്ധതി തിരൂരങ്ങാടി പഞ്ചായത്തിന് നേടികൊടുത്തത് മുന്‍ എംഎല്‍എ കുട്ടി അഹമ്മദ് കുട്ടിയുടെ ശ്രമഫലമായിട്ടായിരുന്നു. ഈ സ്വപ്ന പദ്ധതിക്ക് തുരങ്കം വെച്ചവര്‍ ലീഗുകാരായിരുന്നു. 110 കോടി രൂപയാണ് പുര പദ്ധതിയിലൂടെ തിരൂരങ്ങാടിക്ക് അനുവദിച്ചത്. ഉദ്യോഗസ്ഥരടക്കം പദ്ധതി നടപ്പിലാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചെങ്കിലും ഇരുമുന്നണിയിലെ നേതാക്കള്‍ ഇടപെട്ട് പദ്ധതി കുളമാക്കി. ലീഗിലെ പ്രമാണിമാര്‍ സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി പദ്ധതിയുടെ കാതലായ ഭാഗം തങ്ങളുടെ വീട്ടുപടിക്കല്‍ വേണമെന്ന് വാശിപിടിച്ചു.
ഇവരുടെ ദുര്‍വാശിയില്‍ പൊലിഞ്ഞുപോയത് ചെമ്മാടിന്റെ വികസന സ്വപ്നങ്ങളായിരുന്നു. തിരൂരങ്ങാടി നഗരസഭയാകുന്നതോടെ പുര പദ്ധതി പൂര്‍ണ്ണമായും നഷ്ടമാകും. വന്‍വികസനം നാടിന് നഷ്ടമാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇരുകൂട്ടര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
ലീഗിന്റെ കുത്തകയായിരുന്നു ഇതുവരെ പഞ്ചായത്ത് ഭരണം. എന്നാല്‍ ലീഗ് വിമതര്‍, ഇടത് വികസന മുന്നണി, ബിജെപി എന്നിവര്‍ മറുപക്ഷത്ത് വെവ്വേറെയായി അണിനിരക്കുമ്പോള്‍ ലീഗിന് ഒത്തിരി വിയര്‍ക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: