അതുപോലെത്തന്നെ താന്‍ ബോധമറ്റു കിടന്നപ്പോള്‍ യുദ്ധഗതി അനിശ്ചിതമായിരിക്കുന്ന സന്ദര്‍ഭത്തില്‍ രാമന്റെ ഏറ്റവും വലിയ ദുഃഖം വിഭീഷണനെ ലങ്കാധിപനാക്കാമെന്നു പറഞ്ഞ തന്റെ പ്രതിജ്ഞ പാലിക്കപ്പെടാതെ പോകുമല്ലോ എന്ന് ചിന്തിച്ചായിരുന്നു. താന്‍ ജ്യേഷ്ഠന് പ്രിയപ്പെട്ടവനായിരുന്നു. പ്രാണനേക്കാള്‍ വിലപ്പെട്ടവനായിരുന്നു എന്ന് യുദ്ധത്തിനിടക്ക് രണ്ടുമൂന്നു പ്രാവശ്യം വ്യക്തമായി. അദ്ദേഹത്തിന്റെ ആ വിലാപങ്ങളൊന്നും ഒരു മുതലക്കണ്ണീരായിരുന്നില്ല. തനിക്ക് പ്രാണഹാനി സംഭവിച്ചിരുന്നെങ്കില്‍ അദ്ദേഹം ജീവനോടെ അയോദ്ധ്യക്ക് മടങ്ങുമായിരുന്നില്ല.
തേടി നടന്നാല്‍ സീതയെപ്പോലെ ഒരു സ്ത്രീയെ കണ്ടെത്താന്‍ കഴിഞ്ഞേക്കും. പക്ഷെ ലക്ഷ്മണനെപ്പോലെ ഒരനുജനെ ഒരിക്കലും കണ്ടുകിട്ടുകയില്ലെന്ന് രാമന്‍ തന്നെ ഓര്‍ത്ത് വിലപിക്കുമ്പോഴെല്ലാം പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഞാന്‍ സീതയേക്കാള്‍ പ്രിയതരനായിരുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. രാമന്‍ തന്റെ അനുചരന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രാണന്‍പോലും ഉപേക്ഷിക്കാന്‍ സന്നദ്ധനായിരുന്നു. അദ്ദേഹത്തോട് ഉപമിക്കുന്നതിന് അദ്ദേഹം മാത്രമേ ഉള്ളു.
രാവണന്‍ മരിച്ചുകിടന്നതു കണ്ടപ്പോള്‍ വിഭീഷണന്റെ ദുഃഖം അണപൊട്ടി. ശോകസങ്കടത്തോടെ വിലപിച്ചുതുടങ്ങി. രാമന്‍ മിത്രത്തെ സമാധാനിപ്പിച്ചു. ചണ്ഡവിക്രമനായ രാവണന്‍ തന്റെ നിരുപമമായ പരാക്രമം പ്രകടിപ്പിച്ച ശേഷം നിര്‍ഭയനും നിശ്ശങ്കനുമായി വീരമരണത്തെ വരിക്കുകയാണ് ചെയ്തത്.
ക്ഷത്രിയോ നി ഹതഃ സംഖ്യേ
ന ശോച്യ ഇതി നിശ്ചയഃ (യുദ്ധം 109: 28)
മരണമടയുന്നവര്‍ശോചനീയരല്ല എന്നുള്ളത് ക്ഷത്രിയ സമ്മതമായിട്ടുള്ള സംഗതിയാണ്. ഇന്ദ്രാദിലോകപാലകന്മാരെയെല്ലാം വിജയിച്ചിട്ടുള്ള രാവണന്‍ കാലഗതി പ്രാപിച്ചതോര്‍ത്ത് ദുഃഖിക്കരുത്. എല്ലാ കാലത്തും ഒരാള്‍ക്കുതന്നെ വിജയം സംഭവിക്കുക എന്നത് ഇന്നേവരെ ഉണ്ടായിട്ടില്ല. ചിലപ്പോള്‍ അവര്‍ കൊല്ലും അല്ലെങ്കില്‍ കൊല്ലപ്പെടും. അതുകൊണ്ട് നീ ദുഃഖമുപേക്ഷിച്ച് ഇനിമേലില്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിധിപോലെ നിര്‍വഹിക്കുക. രാവണന്റെ മൃതശരീരത്തെ യഥാവിധി സത്ഗതിദായകമായ വിധത്തില്‍ സംസ്‌കരിക്കുന്നതിന് രാമന്‍ നിര്‍ദ്ദേശിച്ചു.
















