തിരുവനന്തപുരം: കഴക്കൂട്ടം മുതല്‍ കേശവദാസപുരം വരെയുള്ള റോഡ് 24 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിന് നാട്പാക് തയ്യാറാക്കിയ 548 കോടിരൂപയുടെ എസ്റ്റിമേറ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. റോഡ് വികസിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്കി.
കഴക്കൂട്ടം മുതല്‍ കളിയിക്കാവിള വരെ നിലവിലുള്ള ദേശീയപാതയ്ക്ക് പകരമായി കഴക്കൂട്ടം മുതല്‍ കാരോട് വരെ ദേശീയപാത ബൈപ്പാസാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. അതിനാല്‍ നിലവിലുള്ള ദേശീയപാതയായ കഴക്കൂട്ടം-കളിയിക്കാവിള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായി മാത്രമേ നടപ്പിലാക്കാന്‍ കഴിയുകയുള്ളൂവെന്നും വിശദീകരണത്തില്‍ പറയുന്നു. കഴക്കൂട്ടം-കളിയിക്കാവിള ദേശിയ പാതയുടെ ഭാഗമാണ് കഴക്കൂട്ടം-കേശവദാസപുരം റോഡ്. കഴക്കൂട്ടം മുതല്‍ ഉള്ളൂര്‍ വരെയുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാങ്ങപ്പാറ ടി. ഉദയകുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: