പന്തളം: കേരളത്തിലെ ഭൂരിപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങളെ അട്ടിമറിച്ച ഇരുമുന്നണികള്‍ക്കും എതിരേയുള്ള ജനവികാരം ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു. ബിജെപി പന്തളം മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വാഹനപ്രചരണ ജാഥയുടെ സമാപനസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടിത വോട്ടുബാങ്കുകളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്ന നിലപാടാണ് ഇരു മുന്നണികളും കാലാകാലങ്ങളായി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരേ ഒരു പുതിയ ജനശക്തി കേരളത്തില്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ ഇരുമുന്നണികളും പരസ്പ്പരം സംരക്ഷിക്കുന്ന നിലപാടാണ് കഴിഞ്ഞ കുറേ നാളുകളായി കണ്ടുവരുന്നത്. ഇരുമുന്നണികള്തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കുവാനുള്ള ജനകീയ ശക്തി ഉയര്‍ന്നുവരുന്നതിനാല്‍ അതിനെ മുളയിലെ നുള്ളാന്‍ വേണ്ടിയാണ് ബിജെപിയ്ക്ക് എതിരേ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നത്. ഗൗരവമേറിയ നിരവധി വിഷയങ്ങള്‍ കേരളത്തിലുണ്ടായിട്ടും അതൊന്നും ചര്‍ച്ച ചെയ്യാതെ കോണ്‍ഗ്രസിനെ സംരക്ഷിച്ചുകൊണ്ടുള്ള നിലപാടാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എടുത്തിട്ടുള്ളത്. കേരളത്തില്‍ ബദല്‍ രാഷ്ട്രീയം ഉണ്ടാകാതിരിക്കാനാണ് ഇടതു വലതു മുന്നണികള്‍ മുന്നാം മുന്നണി പൊളിഞ്ഞു എന്ന് വിളിച്ചുകൂവി നടക്കുന്നതെന്നും അദ്ദേഹംപറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പന്തളത്ത് ഇത്രനാളായിട്ടും യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ ഇരുമുന്നണികള്‍ക്കും സാധിച്ചിട്ടില്ല. പന്തളം മുന്‍സിപ്പല്‍ കമ്മിറ്റി അദ്ധ്യക്ഷന്‍ ഉദയചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് ടി.ആര്.അജിത് കുമാര്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.കുട്ടന്‍പിള്ള, ജില്ലാ കമ്മിറ്റിയംഗം അഡ്വ.പങ്കജാക്ഷന്, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.ആര്.കൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എം.ബി ബിനുകുമാര്‍, സെക്രട്ടറി ജി.അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: