വയലാര്‍ രാഘവപ്പറമ്പ് കോവിലകത്ത് അന്ന് മീനമാസത്തിലെ ഭരണി നാളില്‍ വിണ്ണില്‍ നിന്നൊരു നക്ഷത്രം താഴെ വീണു…ക്ഷത്രിയകുലത്തില്‍ പിറന്നിട്ടും സമൂഹത്തില്‍ നിലനിന്ന അയിത്താചാരങ്ങള്‍ക്കെതിരെ തൂലികയിലൂടെ യുദ്ധംനടത്തിയവന്… ദൈവത്തിനും ഭക്തനുമിടയില്‍ ഒരു ഇടനിലക്കാരന്റെ ആവശ്യമില്ലെന്ന് ഉദ്ഘോഷിച്ചവന്‍… മലയാള കവിതയ്ക്ക് അക്ഷരങ്ങള്‍ കൊണ്ട് പൊന്നരഞ്ഞാണം തീര്ത്തവന്… രാമവര്‍മ്മ തിരുമുല്‍പ്പാടെന്ന വയലാര്‍ രാമവര്‍മ്മ. വയലാര്‍ നിവാസികളുടെ പ്രിയപ്പെട്ട കുട്ടന് തമ്പുരാന്.
1928 മാര്‍ച്ച് 25 ന് ആലുവ വെള്ളാരപ്പള്ളി കളപ്പാട്ടുമഠത്തിലെ കേരളവര്‍മ്മയുടെയും, അംബാലിക തമ്പുരാട്ടിയുടെയും മകനായി ജനനം. മിഠായിപ്പൊതികളും കളിപ്പാട്ടവുമായി വല്ലപ്പോഴും വിരുന്നു വരുന്നയാളായിരുന്നു കുട്ടന് അച്ഛന്. കുട്ടന്റെ മൂന്നാം വയസില്‍, അച്ഛന് മരണത്തിനു കീഴടങ്ങിയപ്പോള്‍ അംബാലികയ്ക്ക് വെറും 35 വയസ്. ചെറുപ്പത്തില്‍ വിധവയായി നാലുകെട്ടിന്റെ അകത്തളങ്ങളില്‍ മെഴുകുതിരിപോലെ ഉരുകിത്തീര്‍ന്ന അംബാലികയുടെ ലോകം കുട്ടനില്‍ മാത്രമായി ഒതുങ്ങി നിന്നു. ‘എന്നോടൊപ്പം വട്ടുകളിക്കാനും മാങ്ങാ എറിയാനും മണ്ണപ്പം ചുടാനും അമ്മയുണ്ടായിരുന്നു…എന്റെ കൊച്ചുനാളിലെ കൂട്ടുകാരിയാണവര്‍…’ കവിയുടെ ഈ വാക്കുകള്‍ കടമെടുത്ത് പറയട്ടെ അംബാലികത്തമ്പുരാട്ടിയെക്കുറിച്ച് പറയാതെ കഥ മുന്നോട്ട് കൊണ്ടുപോകുവാനാകില്ല. അമ്മയുടെ കണ്ണീരിന്റെ നനവ് നെഞ്ചിലേറ്റി വളര്‍ന്ന വയലാറിന് അനുഭവങ്ങളുടെ തീച്ചൂളയില്‍ ഉരുക്കിയെടുത്ത അക്ഷരങ്ങള്‍ അനുവാചകന്റെ ഹൃദയത്തിലേക്ക് കൂരമ്പുപോലെ തൊടുത്തുവിടാന്‍ ഒട്ടും വിഷമമുണ്ടായില്ല. ലോകത്തെവിടെ മലയാളിയുണ്ടോ അവിടെയെല്ലാം ജാതിമതചിന്തകള്‍ക്കതീതമായി വയലാര്‍ രാമവര്‍മ്മ ഇന്നും ജീവിക്കുന്നു…അദ്ദേഹം സമ്മാനിച്ച പാട്ടുകളിലൂടെ…
ഇനി തുടരാം…അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില ഏടുകളിലേക്ക്… വയലാറെന്ന പ്രണയപയോധിയില്‍ മുങ്ങിനിവര്‍ന്ന രണ്ട് പനിനീര് ദളങ്ങള്‍…ചന്ദ്രമതി തമ്പുരാട്ടിയും, ഭാരതി തമ്പുരാട്ടിയും..ഒന്ന് കവിയുടെ നിഴലായവള്‍… മറ്റൊന്ന് നിലാവായി പരന്നവള്‍…ചെങ്ങണ്ട കോവിലകത്തെ ഉത്രം തിരുനാള്‍ രാമവര്‍മ്മ പണ്ടാരത്തിലിന്റെയും സരസ്വതി തമ്പുരാട്ടിയുടെയും ഏഴ് മക്കളില്‍ രണ്ടുപേര്‍. ഒരു പാത്രത്തിലുണ്ടും, ഒരുമിച്ചുറങ്ങിയും വളര്‍ന്ന സഹോദരിമാര്‍ കാലം കടന്നപ്പോള്‍ വയലാര്‍ രാമവര്‍മ്മയുടെ ഭാര്യമാരായതും ജീവിതനിയോഗം.
”ഒരു ദിവസം വൈകിട്ട് ഞാന്‍ ദാ ഇവിടിരിക്കുമ്പോള്‍ കുട്ടന് ചേട്ടന് കയറിവരുന്നു…ഞാന്‍ ഞെട്ടിപ്പോയി…അടുത്തെത്തിയപ്പോഴാണ് ആളെ മനസിലായത്. ശരത് ആയിരുന്നു അത്. പലപ്പോഴും അവനെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ മനസിലേക്കിരച്ചുകയറും…” തൃപ്പൂണിത്തുറയിലെ സഹോദരന് ബാലരാമവര്‍മ്മയുടെ വീട്ടിലിരുന്ന് കവിയെക്കുറിച്ചുള്ള ഓര്‍മകള്‍ പൊടിതട്ടിയെടുക്കുകയാണ് ചന്ദ്രമതി തമ്പുരാട്ടി. വയലാര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ കാലം വീഴ്ത്തിയ മുഖത്തെ ചുളിവുകളില്‍ പ്രണയത്തിന്റെ വസന്തം വിരിയുന്നത് കാണാം.
ചന്ദ്രമതി തുടര്‍ന്നു…
”തൊടിയില്‍ കളിച്ചുകൊണ്ട് നില്ക്കുമ്പോള് അമ്മായി എന്നെ അടുക്കളയിലേക്ക് വിളിച്ചു. ഞാന്‍ ഓടിച്ചെല്ലുമ്പോള്‍ അവിടെ നിന്നൊരാള്‍ പഴംമാങ്ങ തിന്നുന്നു. അത് വയലാറായിരുന്നു. ഒന്നേ നോക്കിയുള്ളു. അമ്മായി എന്നോട് മാങ്ങ വേണോടീ എന്ന് ചോദിച്ചെങ്കിലും വേണ്ടെന്ന് പറഞ്ഞ് ഞാന്‍ അകത്തേക്കോടി. അതൊരു പെണ്ണ് കാണല്‍ ചടങ്ങായിരുന്നുവെന്ന് പിന്നീടാണറിഞ്ഞത്. ഇന്നും എന്റെ മനസില്‍ പഴംമാങ്ങ തിന്നുകൊണ്ട് എന്നെ ഏറുകണ്ണിട്ട് നോക്കി നില്ക്കുന്ന ആ ഇരുപത്തിരണ്ടുകാരന് പയ്യന് തന്നെയാണെനിക്ക് അദ്ദേഹം…” അത് പറയുമ്പോള്‍ തമ്പുരാട്ടിയുടെ കണ്ണില്‍ മിന്നിമറഞ്ഞ ഭാവങ്ങള്‍ വര്‍ണനാതീതം. 1950 ലായിരുന്നു രാമവര്‍മ്മയുടെയും ചന്ദ്രമതിയുടെയും വിവാഹം. ചന്ദ്രമതിക്കന്ന് 19 വയസ്.
”വയലാറില്‍ നിന്ന് ബോട്ടിലാണ് ചെങ്ങണ്ടയിലേക്ക് ചെറുക്കനും കൂട്ടരും വന്നത്. തിരികെ വയലാറിലേക്ക് പോകുവാന്‍ ഇറങ്ങിയപ്പോള്‍ ഭാരതിയും ഓടി വന്നു ബോട്ടില്‍ കയറി. അന്നാദ്യമായാണ് ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞ് നില്‍ക്കുന്നത്. പിന്നീടൊരിക്കല്‍ ഞങ്ങള്‍ ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതു കണ്ടപ്പോള്‍ കുട്ടന്ചേട്ടന് പറഞ്ഞു, കൂടപ്പിറപ്പുകളില്ലാത്ത എനിക്ക് നിങ്ങളുടെ സ്നേഹം കാണുമ്പോള്‍ വല്ലാത്ത കുശുമ്പ് തോന്നുന്നുവെന്ന്. പിന്നീട് അദ്ദേഹത്തിന്റെ സ്നേഹവും ഒരുമിച്ച് പങ്കിട്ടത് ഞങ്ങളുടെ പുണ്യമെന്നേ പറയാന്‍ കഴിയൂ…”
അന്ന് രാഘവപ്പറമ്പിലെ വീടിന്റെ വടക്കേമുറിയിലിരുന്നാണ് കവിതകളെഴുതുന്നത്. മുറുക്കാന്‍ തെറുത്തുകൊടുത്തും, കട്ടന്കാപ്പിയിട്ടു കൊടുത്തും ചന്ദ്രമതിയുമുണ്ടാകും കൂടെ. വയലാര്‍ എഴുതുന്ന കവിതകളെല്ലാം ഒളിഞ്ഞ് നിന്ന് വായിക്കും. ചന്ദ്രമതി കാട്ടുന്ന കുസൃതിക്ക് കൂട്ടായി അംബാലികതമ്പുരാട്ടിയും ഉണ്ടാകും. എന്നും സാഹിത്യസദസും കവിയരങ്ങുമൊക്കെയായി തിരക്കേറിയ ജീവിതം. വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാഘവപ്പറമ്പില്‍ ഒരു കുഞ്ഞിക്കാല് പതിഞ്ഞില്ല. ചന്ദ്രമതിക്ക് അമ്മയാകാന്‍ കഴിയില്ലെന്ന് ഡോക്ടറും വിധിയെഴുതിയതോടെ അവരുടെ ജീവിതത്തിനു മേല്‍ കരിനിഴല്‍ വീണുതുടങ്ങി.
കുടുംബത്തിന്റെ പരമ്പര അവസാനിച്ചുപോകുമോ എന്ന അമ്മയുടെ പേടി ഒരു വശത്ത്…അമ്മയോടൊരക്ഷരം മറുത്ത് പറയാന്‍ കഴിയാത്ത മകന് മറുവശത്ത്.. അമ്മയാകാന്‍ കഴിയാതെ പോയ വേദനയും പേറി ഇരുപത്തിയാറാമത്തെ വയസില്‍ അദ്ദേഹത്തിന്റെ ഓര്‍മകളുമായി ചെങ്ങണ്ട കോവിലകത്തിന്റെ അകത്തളങ്ങളിലേക്ക് ചന്ദ്രമതി വീണ്ടും ചേക്കേറി..
”അന്ന് വേണ്ടവിധത്തില്‍ ചികിത്സിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ എനിക്ക് അദ്ദേഹത്തിന്റെ കുട്ടികള്‍ക്ക് ജന്മം നല്കുവാന് കഴിഞ്ഞേനെ..അന്ന് അമ്മയാണ് അദ്ദേഹത്തോട് പറഞ്ഞത്.. ഭാരതിയെ വിവാഹം കഴിക്കണമെന്ന്…മറ്റൊരു പെണ്ണ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വന്നാല്‍ എനിക്കവിടെ ഒരു സ്ഥാനവും ഉണ്ടാകില്ലെന്ന് അമ്മ മുന്‍കൂട്ടി കണ്ടിരിക്കണം. എനിക്കും അത് സമ്മതമായിരുന്നു…”
അങ്ങനെയാണ് ഭാരതി തമ്പുരാട്ടി വയലാറിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ചന്ദ്രമതിയുടെ ഓര്‍മകളില്‍ വയലാര്‍ അതീവ ദുഖിതനായിരുന്നു. മറ്റൊരു ജീവിതത്തിനു തയ്യാറാകാതെ തന്റെ മുന്നില്‍ ചന്ദ്രമതി നില്ക്കുമ്പോള് എല്ലാം മറന്ന് ജീവിക്കുവാന്‍ അദ്ദേഹത്തിനും കഴിഞ്ഞിരിക്കില്ല. സാഹചര്യങ്ങള്‍ കൊണ്ട് ബന്ധം പിരിയേണ്ടി വന്നെങ്കിലും മനസുകൊണ്ട് ഞങ്ങള്‍ എന്നും ഒന്നായിരുന്നെന്ന ചന്ദ്രമതിയുടെ വാക്കുകള്‍ മതി വയലാര്‍ എന്ന മലയാളികളുടെ പ്രിയകവി മരണം വരെ കാത്തുസൂക്ഷിച്ച ചന്ദ്രമതിയോടുള്ള പ്രണയത്തിന്റെ വിശുദ്ധി മനസിലാക്കുവാന്‍.
”മാനസേശ്വരീ മാപ്പ് തരൂ…മറക്കാന്‍ നിനക്ക് കഴിയില്ലെങ്കില്‍ മാപ്പ് തരൂ…
സന്യാസിനീ നിന് പുണ്യാശ്രമത്തില്‍ ഞാന്‍ …” തുടങ്ങി ആസ്വാദകലോകം കീഴടക്കിയ ഗാനങ്ങള്‍ ചന്ദ്രമതിയുടെ ഓര്‍മകളില്‍ നിന്ന് ഉരുത്തിരിഞ്ഞവയാണ്.
”അവസാനമായി ഞാന്‍ അദ്ദേഹത്തെ കണ്ടത് ആശുപത്രി കിടക്കയില്‍ വെച്ചാണ്…എന്നെ കണ്ടതും നീ വന്നോ എന്ന് ചോദിച്ചു…ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു…ചന്ദ്രമതി എന്റെ മരണശേഷം മാത്രമേ എനിക്ക് നിന്നോടുള്ള സ്നേഹത്തിന്റെ ആഴം നിനക്ക് അറിയാന്‍ കഴിയൂവെന്ന്…ഞാനതിപ്പോള്‍ അറിയുന്നുണ്ട്…അദ്ദേഹത്തിന്റെ ഓര്‍മകളിലാണ് ഞാന്‍ ജീവിക്കുന്നത്. ഞാന്‍ പ്രസവിച്ചതല്ലെങ്കിലും അദ്ദേഹത്തിന്റെ മക്കള്‍ എനിക്കും മക്കളാണ്…അമ്മേ എന്നുള്ള അവരുടെ വിളി…കരുതല്‍ അതുമതി ഇനിയുള്ള കാലം മുഴുമിപ്പിക്കുവാന്‍…ഒരു സങ്കടമുണ്ട്…ചെവിക്ക് കേള്‍വിക്കുറവ് ഉണ്ട് ..അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പാട്ടുകള്‍ എനിക്ക് കേള്‍ക്കാന്‍ കഴിയുന്നില്ല…പിന്നെ മനസു മുഴുവന്‍ അദ്ദേഹമാണ്…ആ ഇരുപത്തിരണ്ടുകാരന് പയ്യന്…”
മുറിഞ്ഞുപോയ വാക്കുകള്‍ ചിരികൊണ്ട് മറയ്ക്കാന്‍ പാടുപെടുമ്പോഴും വയലാറെന്ന കാമുകന് ഈ എണ്‍പത്തിനാലുകാരിയുടെ മനസില്‍ അണയാത്ത അഭിനിവേശമായി ആളിക്കത്തുന്നത് അത്ഭുതത്തോടെ നോക്കിനിന്നു പോയി…
2015 ഒക്ടോബര്‍ 24. വയലാര്‍ രാഘവപ്പറമ്പില്‍ തിരക്കേറി വരുന്നു. പ്രശസ്തരും അപ്രശസ്തരുമായി നിരവധി പേര്… ചിലര്‍ മണ്ണുതൊട്ട് നമസ്കരിക്കുന്നു. മറ്റുചിലര്‍ ഒരു പിടിമണ്ണ് വാരിയെടുക്കുന്നു. മുഖത്തു നിന്നും മായാത്ത പുഞ്ചിരിയോടെ വരുന്നവരെ സ്വീകരിച്ചും കുശലം പറഞ്ഞും ഓടി നടക്കുന്ന ഭാരതി തമ്പുരാട്ടി. വയലാര്‍ രാമവര്‍മ്മയെന്ന തന്റെ പ്രിയതമനെ ക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ അമ്മ പറഞ്ഞു…”ലോകം മുഴുവന്‍ ദൈവത്തേപോലെ ആരാധിക്കുന്ന അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും പറയുവാനുള്ള അര്‍ഹത എന്നേക്കാളധികം ഉള്ളത് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമാണ്. എന്നും അവരുടെയെല്ലാം സ്നേഹവലയത്തിലായിരുന്നു അദ്ദേഹം..”
മഹാപ്രതിഭയെ തേടിയെത്തിയ അവാര്‍ഡുകളെല്ലാം സന്ദര്‍ശക മുറിയില്‍ ഭംഗിയായി നിരത്തി വെച്ചിരിക്കുന്നു. ചുമരില്‍ തൂക്കിയിരിക്കുന്ന വയലാര്‍ രാമവര്‍മ്മയുടെ ചിത്രത്തില്‍ മിഴികള്‍ പായിച്ച് ഭാരതി തമ്പുരാട്ടി പറഞ്ഞു തുടങ്ങി…”അദ്ദേഹം ഈ ലോകം വിട്ടുപോയി എന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക…മരണപ്പെട്ടിട്ട് 40 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഓരോ വര്‍ഷവും അദ്ദേഹത്തിന്റെ ഓര്‍മദിവസമായ ഒക്ടോബര്‍ 27 ന് ഇവിടെയെത്തുന്നത് ജനസഹസ്രങ്ങളാണ്. സംഘാടകരില്ലാത്ത തീര്‍ത്ഥാടനം പോലെ സംഭവിക്കുന്ന ഒന്നാണത്. അദ്ദേഹം വീണ്ടും വീണ്ടും ജനിക്കുകയാണ്. ഓരോ തലമുറയും അദ്ദേഹത്തെ സ്വന്തമാക്കുകയാണ്…”
പഴയകാലത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചിരികലര്‍ന്ന നാണത്തോടെ തമ്പുരാട്ടി മറുപടി പറഞ്ഞു.. ”ചേച്ചിയെ വിവാഹം കഴിക്കുന്നതിനു മുമ്പേ ഞങ്ങള്‍ക്കദ്ദേഹത്തെ അറിയാം. ചേര്‍ത്തല സ്കൂളിലാണ് ഞങ്ങള്‍ പഠിച്ചത്. ക്ലാസ് കഴിഞ്ഞ് വരുമ്പോള്‍ എന്നും ഞങ്ങളുടെ പിന്നാലെ വന്നിരുന്ന അദ്ദേഹത്തിന്റെ രൂപം മായാതെ മനസിലുണ്ട്. സൈക്കിളില്‍ ഞങ്ങളുടെ പിന്നാലെ കറങ്ങി നടക്കുമ്പോള്‍ അദ്ദേഹം എന്നെ നോക്കുന്നത് കാണാറുണ്ടായിരുന്നു. എന്നോടൊരിഷ്ടം ഉണ്ടെന്ന് അന്നെനിക്ക് തോന്നിയിരുന്നു. അത് സത്യമായിരുന്നുവെന്ന് പിന്നീടദ്ദേഹം പറഞ്ഞിട്ടുണ്ട്.
പക്ഷേ എനിക്കെന്തോ ഒരിഷ്ടവും തോന്നിയില്ല. ചൊറിവന്ന് ഉണങ്ങിയ പാടുകളായിരുന്നു കൈകള്‍ നിറയെ. ഒട്ടും അനുസരണയില്ലാത്ത മുടി കാറ്റിലിങ്ങനെ പാറിപ്പറന്ന് നടക്കും. ഖദര്‍ ഷര്‍ട്ടും ധരിച്ച്, കഴുത്തിലൊരു ഷാളും ചുറ്റി കാരണവരെ പോലെയുള്ള അദ്ദേഹത്തിന്റെ വരവ് എനിക്ക് പിടിച്ചില്ല. കവി എന്ന രീതിയില്‍ അറിയപ്പെടാന്‍ തുടങ്ങിയ കാലഘട്ടമായിരുന്നു അത്. പിന്നീട് ഞങ്ങളുടെ അമ്മാവനുമായി സൗഹൃദം സ്ഥാപിച്ച് ചെങ്ങണ്ട കോവിലകത്തെ നിത്യസന്ദര്‍ശകനായി മാറി. കോവിലകത്ത് വരുമ്പോള്‍ എന്നെ കണ്ടില്ലെങ്കില്‍ അദ്ദേഹം അസ്വസ്ഥനാകുന്നത് പലതവണ മാറി നിന്ന് കണ്ടിട്ടുണ്ട്. പക്ഷേ രാഘവപ്പറമ്പില്‍ നിന്ന് വിവാഹാലോചന വന്നപ്പോള്‍ പ്രായപൂര്‍ത്തിയായ ചേച്ചിയെയാണ് വീട്ടുകാര്‍ പരിഗണിച്ചത്. അതിലെനിക്ക് പ്രത്യേകിച്ച് വിഷമവും തോന്നിയില്ല. പിന്നീട് കുട്ടികളുണ്ടാകാത്തതിന്റെ പേരില്‍ ചേച്ചിക്ക് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നു. രണ്ടാംകെട്ടുകാരനെ വിവാഹം കഴിക്കുന്നത് ബന്ധുക്കളുള്‍പ്പെടെ പലരും എതിര്‍ത്തു. അന്ന് ഏറ്റവും കൂടുതല്‍ എന്നെ നിര്‍ബന്ധിച്ചത് ചേച്ചിയായിരുന്നു..അങ്ങനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് ആര്ഭാടങ്ങളില്ലാതെയായിരുന്നു ഞങ്ങളുടെ വിവാഹം”
പിന്നീട് രാഘവപ്പറമ്പിലെ അടുക്കളയായിരുന്നു ഭാരതി തമ്പുരാട്ടിയുടെ ലോകം. 18 വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തില്‍ പകുതിയിലധികവും മദ്രാസിലും, ആലപ്പുഴയിലുമൊക്കെയായി എപ്പോഴും തിരക്കേറിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. മലയാള സിനിമാ ഗാനരംഗത്ത് വയലാര്‍ എന്നത് ഒഴിച്ചുകൂടാനാകാത്ത നാമമായി മാറിയപ്പോള്‍ തന്റെ ഭര്‍ത്താവിന്റെ ഉയര്‍ച്ചയില്‍ ~ഒപ്പം നിന്നും, അമ്മയെ പരിചരിച്ചും പ്രിയപത്നിയായി ഭാരതി തമ്പുരാട്ടിയും ജീവിച്ചു.
തിരക്കുപിടിച്ച യാത്രകള്‍ക്കിടയില്‍ പ്രിയതമന് സമ്മാനിച്ച ചില നിമിഷങ്ങള്‍ പങ്കു വെയ്ക്കുവാന്‍ തമ്പുരാട്ടിക്ക് സന്തോഷമേയുള്ളൂ. ”ധനുമാസത്തിലെ തിരുവാതിര കോവിലകത്ത് വലിയ ആഘോഷമാണ്. അന്ന് അദ്ദേഹം വളരെ സന്തോഷവാനായിരിക്കും. തിരുവാതിരപ്പുഴുക്ക് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഭവമായിരുന്നു. അന്നേ ദിവസം ഈറന്മുടിയില് പാതിരാപ്പൂവ് ചൂടി ഞാന്‍ അരികില്‍ ചെല്ലണമെന്നത് നിര്‍ബന്ധമായിരുന്നു. എന്റെ വരവും കാത്ത് ഉറങ്ങാതെ ഇരിക്കുമായിരുന്നു അദ്ദേഹം. ഒരിക്കലും മായാത്ത സ്നേഹത്തിന്റെ ഓര്‍മകളാണ് ഓരോ തിരുവാതിരനാളിലും അദ്ദേഹം എനിക്ക് നല്‍കിയത്. മനയ്ക്കലെ തത്തേ…മറക്കുട തത്തേ.. എന്ന ഗാനവും ആ ഓര്‍മയില്‍ നിന്ന് ജനിച്ചതാണ്”
എന്നും ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഭാരതി തമ്പുരാട്ടിയുടെ മനസ് കണ്ടാകണം
”കുന്നുംപുറത്തൊരു മിന്നലാട്ടം..
കുഞ്ഞുണരമ്മിണി കുഞ്ഞുണര്..
കുന്നത്തെ തേവരോ..അമ്പിളിമാമനോ
കുഞ്ഞിന്റെയച്ഛനോ ആരാരോ”
എന്ന ഗാനം വയലാര്‍ രചിച്ചത്. വയലാര്‍ രാമവര്‍മ്മയ്ക്കും ഭാരതി തമ്പുരാട്ടിക്കും നാല് മക്കളാണുള്ളത്. മൂത്ത പുത്രന് പ്രശസ്ത ഗാനരചയിതാവായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ അച്ഛന്റെ വഴിയേ സിനിമാ ഗാനരംഗത്ത് പാദമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ശരത്തും ഭാര്യ ശ്രീജയും മകള്‍ സുഭദ്രയുമാണ് ഇപ്പോള്‍ കോവിലകത്ത് താമസിക്കുന്നത്. ഇന്ദുലേഖ, യമുന, സിന്ധു എന്നിവരാണ് മറ്റുമക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: