ഓലപ്പുരയും കാളവണ്ടിയും ആഡംബരം എന്ന് കരുതിയിരുന്ന ഒരു കാലമുണ്ട് കേരളത്തില്‍. അന്ന് കുന്നംകുളത്തുള്ള ഒരു നമ്പൂതിരിക്കു എയര്‍ കണ്ടീഷന്‍ വീട്. യാത്ര ചെയ്യാന്‍ ‘ഷെവര്‍ലെ’ കാര്‍. തീര്‍ന്നില്ല ചൂടുകാലത്ത് താമസം ഊട്ടിയില്‍.
അതാണ് കാണിപ്പയ്യൂരിന്റെ കാരണവര്‍ ശങ്കരന് നമ്പൂതിരിപ്പാട്. കാലത്തിന് മുമ്പേ നടന്ന രാജശില്പി. 1934 മുല് 47 വര്‍ഷക്കാലം വാസ്തുശാസ്ത്രം കൈകാര്യം ചെയ്ത അതുല്യ പ്രതിഭ. ഇദ്ദേഹത്തിന്റെ കാലത്താണ് വാസ്തുവും പൂജാവിധികളും ജ്യോതിഷവുമെല്ലാം സാധാരണക്കാരന് പ്രാപ്യമാകുംവിധം പ്രസിദ്ധീകരണം ആരംഭിച്ചത്.
ഒരര്‍ത്ഥത്തില്‍ ഭാരതീയ സംസ്കൃതിയുടെ പ്രചാരകരാവുകയായിരുന്നു കാണിപ്പയൂര്‍ കുടുംബം. തന്നെക്കാള്‍ വലിയൊരു ശിഷ്യനെ സൃഷ്ടിക്കണമെന്ന ദീര്‍ഘവീക്ഷണത്തോടെയാണ് കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാട് കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാടിനെ വാസ്തുശാസ്ത്ര മേഖലയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്. കൃത്യതയുടെ കൈയടക്കം ഇവിടെ കൂടുതല്‍ പ്രഭാപൂരിതമായെന്ന് കാലം തെളിയിക്കുകയാണ്.
കണക്കില്‍ ബിരുദാനന്തര ബിരുദം നേടി കോളേജ് അധ്യാപകനായി സേവനം അനുഷ്ഠിക്കുമ്പോള്‍ വാസ്തുശാസ്ത്രരംഗത്തേക്ക് സമ്മര്‍ദ്ദത്തിന് വഴങ്ങി എത്തിയ കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാട് കേരളത്തിന്റെ അഭിമാനമായി മാറുകയായിരുന്നു. വാസ്തുശാസ്ത്രത്തിന് മലയാളിയുടെ മനസ്സില്‍ മാസ്മരിക പ്രഭാവം സൃഷ്ടിക്കുക മാത്രമല്ല ലോകമെമ്പാടുമുള്ളവര്‍ കൊച്ചുകേരളത്തിന്റെ വാസ്തുശാസ്ത്രവിദ്യയെ പിന്തുടരുന്നതിനും കാണിപ്പയ്യൂരിന്റെ പ്രാഗത്ഭ്യത്തിലൂടെ സാധ്യമായി.
നിര്‍മ്മിതിയുടെ മാന്ത്രികഭാവം വരച്ചുകാട്ടുകയാണ് തലമുറകളിലൂടെ കാണിപ്പയ്യൂര്‍ കുടുംബം. കൃഷ്ണന് നമ്പൂതിരിപ്പാടിന്റെ മകന് കാണിപ്പയ്യൂര്‍ മകന് കൃഷ്ണന് നമ്പൂതിരിപ്പാടും വാസ്തുശാസ്ത്രമേഖലയില്‍ കഴിവുപ്രകടമാക്കി കഴിഞ്ഞു.
ആര്‍ക്കിടെക്ച്ചറില്‍ ലോകമാതൃകയായ ശൈലികള്‍ കേരളത്തിനു തനതായിട്ടുണ്ട്. തിരുവനന്തപുരത്ത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഇതിലൊന്നുമാത്രമാണ്. ഇതിലും സമഗ്രമായ ഒരു നിര്‍മ്മിതി കേരളത്തില്‍ മറ്റെങ്ങും കാണാനാവില്ല. നാദവിസ്മയം മുഴക്കുന്ന കല്‍ത്തൂണുകള്‍, മൂന്നു കിളിവാതിലുകളില്‍ക്കൂടി കാണുന്ന ഭഗവാന്റെ അനന്തശയനം. ശര്‍ക്കരക്കട്ടില്‍ തീര്‍ത്ത ഈ അനന്തശയന പ്രതിഷ്ഠയുടെ അറ്റകുറ്റപ്പണികള്‍ക്കുവരെ കാണിപ്പയ്യൂര്‍ ഇന്ന് മേല്‍നോട്ടം വഹിക്കുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി കാണിപ്പയ്യൂര്‍ മനയ്ക്ക് കാലങ്ങള്‍ക്കു മുമ്പെ തുടങ്ങിയ ആത്മബന്ധവുമുണ്ട്
600 കൊല്ലങ്ങള്‍ക്കുമുമ്പ് ക്ഷേത്രപ്രാകാരങ്ങളുടെ നിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ക്കായി അന്ന് കാണിപ്പയ്യൂര്‍ നാരായണന് നമ്പൂതിരിപ്പാട് സന്ദര്‍ശിച്ചതായി ക്ഷേത്രരേഖകളിലുണ്ട്. ശീവേലി പന്തലും, നിലവറയും, ആനകളും ആളുകളും ചേര്‍ന്ന് 6 മാസം കൊണ്ട് നിര്‍മ്മിച്ചതാണ്. ഇപ്പോള്‍ ശ്രീപത്മനാഭി ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളില്‍ കാണിപ്പയ്യൂര്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തിലാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്.
അനന്തശയന വിഗ്രഹത്തിലും ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തി. പൂജാദി കര്‍മങ്ങള്‍ ഇവിടെ നടത്തുന്നത് പഞ്ചലോഹ നിര്‍മ്മിതമായ അര്‍ച്ചനാബിംബത്തിലാണ്. വിഷ്ണുവിനോടൊപ്പം ദേവിയും ലക്ഷ്മീദേവിയും അര്‍ച്ചനാബിംബത്തിനൊപ്പമുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബം വാസ്തുശാസ്ത്രനിര്‍ദ്ദേശങ്ങള്‍ക്ക് ആദികാലം മുതല്‍ കാണിപ്പയ്യൂരിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
1950-ല്‍ ശബരിമല ക്ഷേത്രം ഒരു പറ്റം സാമൂഹ്യദ്രോഹികള്‍ തീവെച്ചു നശിപ്പിച്ചതിനുശേഷം ക്ഷേത്ര പുനരുദ്ധാരണം നടത്തിയത് കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാടായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ രൂപകല്പനകളും നിര്‍മ്മാണ നോട്ടവും വഹിക്കുന്നത് കാണിപ്പയ്യൂരാണ്.
തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് കാണിപ്പയ്യൂര്‍ മന. കഴിഞ്ഞ നാലുതലമുറയായി വാസ്തുവിദ്യ കൈകാര്യം ചെയ്തുവരുന്ന പാരമ്പര്യമാണ് കാണിപ്പയ്യൂര്‍ കുടുംബത്തിനുള്ളത്. അതിന് മുമ്പുള്ള ചരിത്രം കൂടുതല്‍ വ്യക്തമായി അറിയില്ല. ഗുരുകുല സമ്പ്രദായത്തിനു സമാനമായി കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന വാസ്തുവിദ്യാപണ്ഡിതനോടൊപ്പം പ്രവര്‍ത്തിച്ചവരാണ് കാണിപ്പയ്യൂരിലെ വാസ്തുശാസ്ത്ര വിദഗ്ദര്‍..
കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാടിന്റെ മുത്തച്ഛന് പരമേശ്വരന് നമ്പൂതിരിപ്പാട് പേരെടുത്ത തച്ചുശാസ്ത്ര പണ്ഡിതനായിരുന്നു. കൊച്ചിമഹാരാജാവിന്റെ മരാമത്ത് സൂപ്രണ്ടായിരുന്നു അദ്ദേഹം. ഇന്നത്തെ നിലയ്ക്കു പറഞ്ഞാല്‍ പിഡബ്ലുഡി. ചീഫ് എഞ്ചിനീയര്‍. അന്ന് കൊച്ചിരാജ്യത്തുള്ള ഏതു പൊതുമരാമത്തും – പാലമായാലും ക്ഷേത്രമായാലും കൊട്ടാരമായാലും സര്‍ക്കാരാഫീസായാലും – അദ്ദേഹത്തിന്റെ കൈക്കണക്കും അടങ്ങല്‍ പട്ടികയും അനുസരിച്ചേ ചെയ്യുമായിരുന്നുള്ളു. അദ്ദേഹം ആ പദവി വഹിച്ചിരുന്നു എന്നതിന്റെ നിയമന ഉത്തരവ് അഥവാ തിട്ടൂരം ഇപ്പോഴുമുണ്ട്.
‘പരമേശ്വരന് നമ്പൂതിരിപ്പാടിന്റെ അച്ഛന് സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട് ചെയ്ത ഒരു ക്ഷേത്രക്കണക്ക് താന്‍ കണ്ടിട്ടുണ്ട്. ആ കണക്ക് 1891-ലാണ് എഴുതിയിട്ടുള്ളത്. 1891-ലാണ് കടലാസ് വന്നുതുടങ്ങിയത്. അതുവരെ കടലാസില്ലല്ലോ. ഒരു ക്ഷേത്രം പണിയുന്നതിന്റെ കണക്ക് കടലാസില്‍ എഴുതിയിട്ടുള്ളത് അതാദ്യമായിരിക്കാം. അന്ന് പ്ലാന്‍ വരയ്ക്കലില്ല. എല്ലാം കണക്കുകളാണ്. ആ കണക്കിനൊപ്പം ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന വിഷ്ണുബിംബത്തിന് മുപ്പത്തേഴര ഉറുപ്പിക വരേണ്ടതിലേക്ക് 25 ഉറുപ്പിക കിട്ടി ബോധിച്ചു എന്നും എഴുതിയിട്ടുണ്ട്. അക്കാലം മുതല്ക്കാണ് വാസ്തുവിദ്യ സംബന്ധിച്ച് കാണിപ്പയ്യൂര്‍ കുടുബത്തിന് രേഖപ്പെടുത്തിയ ഒരു ചരിത്രമുണ്ടാകുന്നത്’-കൃഷ്ണന് നമ്പൂതിരിപ്പാട് പറയുന്നു.
പിന്നെയാണ് പരമേശ്വരന് നമ്പൂതിരിപ്പാടിന്റെ കാലം. പഞ്ചാംഗം പുസ്തകമായി പ്രസിദ്ധീകരിക്കുവാന്‍ ആരംഭിച്ചത്. 1909-ലാണ്. അന്ന് സ്വന്തമായി പ്രസ്സില്ലായിരുന്നു. എ ആര് പി പ്രസ്, മംഗളോദയം പ്രസ്സ് എന്നിവിടങ്ങളിലായിരുന്നു അച്ചടി. പിന്നീട് പഞ്ചാംഗം അച്ചടിക്കാന്‍ സ്വന്തമായി പ്രസ് വേണമെന്നുറച്ച് അത് തുടങ്ങിയത് കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാടാണ്.
സാധാരണ അതാതുകാലത്തുള്ള കാരണവന്മാരാണ് വാസ്തു ശാസ്ത്രവും പഞ്ചാംഗ ഗണിതവും ഒക്കെ കൈകാര്യം ചെയ്തിരുന്നത്. തൃപ്പൂണിത്തുറ അമ്പലം, ശ്രീകോവിലുള്‍പ്പെടെ മുഴുവന്‍ കത്തിയപ്പോള്‍ പുതുക്കിപ്പണിതത് കാണിപ്പയ്യൂരാണ്. അന്ന് പുതുക്കിപ്പണിതതിന്റെ ഓര്‍മ്മയ്ക്ക് ഇന്നും പ്രത്യേകം ഉത്സവമുണ്ട്. ഇനിയൊരിക്കലും ക്ഷേത്രം കത്തിപ്പോകരുതെന്നുളള ജാഗ്രതയില്‍ നൂതന സാങ്കേതികവിദ്യകള്‍ കൂടി സംയോജിപ്പിച്ചുകൊണ്ടാണ് തൃപ്പൂണിത്തുറ ക്ഷേത്രം പണിതത്. കത്തിപ്പോയതില്‍ നിന്നു കിട്ടിയ അവശിഷ്ടത്തില്‍ നിന്നാണ് കണക്കുണ്ടാക്കി ക്ഷേത്രം പണി പൂര്‍ത്തിയാക്കിയത്.
വീണ്ടും കത്താതിരിക്കാന്‍ സ്വീകരിച്ച ഒരു മാര്‍ഗം അതുവരെ ക്ഷേത്രങ്ങളില്‍ പരീക്ഷിക്കാതിരുന്ന കോണ്‍ക്രീറ്റിന്റെ ഉപയോഗമാണ്. അന്ന് ആ ശ്രീകോവിലിന്റെ മേല്‍പ്പുര വാര്‍ത്താണ് പണിതത്. മേല്‍പ്പുര കോണ്‍ക്രീറ്റ് ചെയ്ത ശേഷം മുകളില്‍ ചെമ്പുപലക വിരിച്ചു.
എക്കാലവും നിലനില്ക്കാനും അതിനു തത്ത്വത്തില്‍ വേണ്ടതെന്താണോ അതുപയോഗിക്കുവാനും ശാസ്ത്രവിധിയുണ്ട് എന്നതിന്റെ പ്രത്യക്ഷ തെളിവാണിത്.
പരമേശ്വരന് നമ്പൂതിരിപ്പാടിന്റെ ശിഷ്യന്മാരാണ് കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാട്, കോണത്തു ശങ്കരവാര്യര്, മാന്നാനംപറ്റ നമ്പൂതിരി, കോഴിക്കോടു ഭാഗത്തുള്ള കുറ്റിയാട് നമ്പൂതിരി, തെക്ക് പാറയ്ക്കല്‍ കൃഷ്ണവാര്യര്‍ എന്നിവര്‍. പരമേശ്വരന് നമ്പൂതിരിപ്പാടിനുശേഷം ദാമോദരന്‍ നമ്പൂതിരിപ്പാട് ചുമതലയേറ്റു. ദാമോദരന്‍ നമ്പൂതിരിപ്പാട് മരിച്ചത് 1934-ലാണ്.
1934 മുതല്‍ ശങ്കരന് നമ്പൂതിരിപ്പാടാണ് ശാസ്ത്രം പ്രാമാണ്യത്തോടെ കൊണ്ടുനടന്നത്. അച്ചടി പ്രചരിച്ച കാലത്തായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശം. പഞ്ചാംഗവും ഉണ്ടായിരുന്നു. പ്രസിദ്ധീകരണങ്ങളിലൂടെ വാസ്തുവിദ്യയെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു.
പന്ത്രണ്ടുകൊല്ലം ശങ്കരന് നമ്പൂതിരിപ്പാടിനോടൊപ്പം നില്ക്കാന് സാധിച്ചത് ഒരു സര്‍വ്വകലാശാലയില്‍ നിന്നു ലഭിക്കുന്നതിലും എത്രയോ വലുതായ അനുഭവമായിരുന്നുവെന്ന് കൃഷ്ണന് നമ്പൂതിരിപ്പാട് ഓര്‍മ്മിക്കുന്നു.
1969-ല്‍ മുത്തച്ഛനോടൊപ്പമാണ് കേരളം വിട്ട് ആദ്യം കൃഷ്ണന് നമ്പൂതിരിപ്പാട് പുറത്തുപോയത്. മദ്രാസില്‍ മഹാലിംഗപുരത്ത് അയ്യപ്പന്റെ ഒരമ്പലം പണിയാനായിരുന്നു അത്. കേരളത്തിനു പുറത്ത് പണിത ആദ്യത്തെ അയ്യപ്പന്റെ അമ്പലം അതാണ്.
76നു ശേഷം മുംബൈയിലും ദല്‍ഹിയിലും കൊല്‍ക്കത്തയിലുമൊക്കെ അയ്യപ്പക്ഷേത്രനിര്‍മ്മാണത്തിനുവേണ്ടി പോയി. ശബരിമലക്ഷേത്രം കത്തിയ സമയത്ത് യോജിച്ച കണക്കുണ്ടാക്കാന്‍ ശങ്കരന് നമ്പൂതിരിപ്പാടിനാണ് ക്ഷണം ലഭിച്ചത്. അവിടെ താമസിച്ച് പ്ലാനൊക്കെയുണ്ടാക്കി ദേവസ്വം മരാമത്തു സൂപ്രണ്ടിനെ ഏല്‍പ്പിച്ചു. അതോടുകൂടി അയ്യപ്പനോടു കൂടുതലായി അടുപ്പം വന്നു. അതിനുശേഷം അയ്യപ്പക്ഷേത്രം ആരെങ്കിലും പണിയുമ്പോള്‍ ശബരിമലയില്‍ അന്വേഷിക്കും, ആരാണ് അവിടെ ക്ഷേത്രം പുതുക്കിപ്പണിതതെന്ന്.
കണക്ക് ആരാണുണ്ടാക്കിയതെന്നു ചോദിച്ചാല്‍ കാണിപ്പയ്യൂര്‍ എന്നാണ് മറുപടി. അങ്ങനെ ആ വഴിക്ക് കേരളത്തിലും പുറത്തും അനവധി അയ്യപ്പക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള നിയോഗമുണ്ടായി.
ഗൃഹനിര്‍മ്മാണ പാടവം മാത്രമല്ല കാണിപ്പയ്യൂരിന്റെ മുഖമുദ്ര. മലയാളിയുടെ ദേവശില്പികള് കൂടിയാണിവര്‍. കാണിപ്പയ്യൂര്‍ മനയില്‍ ഏഴുപേര്‍ ഇപ്പോള്‍ വാസ്തുശാസ്ത്രം കൈകാര്യം ചെയ്യുന്നുണ്ട്. കാണിപ്പയ്യൂര്‍ നാരായണന് നമ്പൂതിരി ജ്യോതിഷകുലപതിയാണ്.
ഭാവനയുടെ അതിര്‍വരമ്പുകളെ അപ്രാപ്യമാക്കുന്ന നിര്‍മ്മാണ പാടവം കാണിപ്പയ്യൂര്‍ എന്ന പേരിനെ മാനംമുട്ടെ ഉയര്‍ത്തുമ്പോഴും വിനീതവിധേയരായി ഇവര്‍ പറയുന്നു. ‘ഒക്കെ ഭഗവത് കടാക്ഷം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: