ഹിന്ദുക്കളുടെ ശക്തിസ്വരൂപിണിയായ മാതാജി ക്രമാനുഗതമായി സര്‍വ്വലോകമാതാവായ മായിയുടെ ഭാവത്തിലേക്ക് മാറുകയായിരുന്നു.ആ മാറ്റം വെറും വാക്കുകള്‍ കൊണ്ടുളള കളിയല്ല.ഭിന്നമായ രണ്ടു മതങ്ങളുടെ അനുയായികള്‍ ആ കാരണം കൊണ്ടു മാത്രം യാതൊരു വ്യത്യാസവും ഉളളതായി തോന്നാതിരിക്കലാണ് സാര്‍വ്വത്രികത്വം എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്.
ഒരു പ്രത്യേക കാര്യം സാധിക്കുന്നതിനു വേണ്ടി താല്‍ക്കാലികമായി സ്വീകരിക്കുന്ന നിലപാടാകരുത് സാര്‍വ്വത്രികത്വം.അത് ഫലപ്രദമാകണമെങ്കില്‍ അതിന്റെ മഹത്തായ മൂല്യത്തില്‍ ഉറച്ച വിശ്വാസമുണ്ടാവുകയും ബുദ്ധിപരമായും മാനസിക പരമായുമുളള വീക്ഷണത്തിന്റെ ആകെത്തുക,അതില്‍ മഴുകിയിരിക്കയും വേണം.കുറേക്കാലം ആ തത്വം പരിശീലിച്ച ഒരാള്‍ക്ക് ആ സ്വഭാവം മാറ്റാന്‍ അസാദ്ധ്യമായിത്തീരണം.
വലിയവനെന്നും ചെറിയവനെന്നുമുളള ഭാവങ്ങളും ഇഷ്ടാനിഷ്ടങ്ങളും,മനസ്സില്‍ താനെ വേരൂന്നിയ തെറ്റായ ധാരണകളും വേരോടെ നശിപ്പിക്കണം.പന്ത്രണ്ടു കൊല്ലക്കാലം നാസിക്ക് പട്ടണത്തില്‍ നിലനിന്ന ഹിന്ദു-മുസ്ലീം വഴക്കുകള്‍,ഗവ. ഉദ്ദ്യോഗസ്ഥന്‍മാര്‍ക്ക് പരിഹരിക്കാന്‍ സാധിക്കാഞ്ഞത് ഏതാനം മണിക്കൂറുകള്‍ കൊണ്ട് മാര്‍ക്കണ്ഡന്‍ ഒത്തുതീര്‍ക്കുകയുണ്ടായി. 1932ല്‍ മായിസം സ്ഥാപിച്ചതിനു ശേഷം ജീവിതത്തിലെ ഓരോ നിമിഷവും അദ്ദേഹം
സാര്‍വ്വലൗകീകമനഃസ്ഥിതിക്കാരനായതു കൊണ്ടാണ് അത് സാധിച്ചത്.
അതിസൂക്ഷ്മമായ പ്രത്യേകത മനസ്സിലാക്കേണ്ടതായിട്ടുണ്ട്.സാര്‍വ്വലൗകികമനോഭാവമുളള ചില ഹിന്ദുക്കളും മുസ്ലിങ്ങളും ഇല്ലെന്നു പറയുന്നില്ല.സാമുദായിക സംഘട്ടനമുണ്ടാകുമ്പോള്‍ ഹിന്ദു ഹിന്ദുവും മുസ്ലിം മുസ്ലീമുമാണെന്ന സങ്കല്‍പമാണ് ഇരു കക്ഷികളേയും നിയന്ത്രിക്കുന്നത്.കൊല്ലാന്‍ കത്തി ഉയര്‍ത്തുമ്പോള്‍ താന്‍ ശത്രുവല്ലെന്നു പറയാനോ ബോദ്ധ്യപ്പെടുത്താനോ സാദ്ധ്യമല്ല.സമാധാനകാലത്ത് ഈ കാര്യം സുദൃഢമായ സംഘടനകളിലൂടെ സാധിക്കണം എന്നത്രെ മായിസം പറയുന്നത്.വ്യത്യാസംഇതാണ്.ഒരു പ്രത്യേക മതത്തിന്റെ അനുയായികളില്‍ ഒരാള്‍ സാര്‍വ്വലൗകിക മനോഭാവമുളളവനാണെന്നു വെക്കുക.മറ്റൊരാള്‍ സാര്‍വ്വലൗകികമതത്തിന്റെയൊ സംഘടനയുടേയൊ അംഗമാണെന്നും കരുതുക.ഈ രണ്ടു പേരും തമ്മില്‍ അജഗജാന്തരമുണ്ട്. അതുകൊണ്ട് നിങ്ങള്‍ സാര്‍വ്വലൗകീകമനസ്ഥിതിക്കാരനാണെന്നു പറഞ്ഞാല്‍ പോര,ആ സംഗതി പരക്കെ അറിഞ്ഞിരിക്കുകയും വേണം.അത് സംഘടനാംഗമായാലേ പറ്റു.
മറ്റു ഗുണങ്ങളോടൊപ്പം സാര്‍വ്വത്രികമനോഭാവം കൂടി ആര്‍ജിച്ചാല്‍ സാധാരണക്കാരന്റെ ഹൃദയത്തെ വശീകരിക്കാനുളള അസാധാരണമായ ശക്തിവിശേഷം താനേ വന്നു കൂടും.സാര്‍വ്വസാഹോദര്യം പുലര്‍ത്തണമെന്നാവശ്യപ്പെടുന്നവന്‍ ആ ദൃഢവിശ്വാസത്തോടു കൂടി കുറേക്കാലം ജീവിതം നയിച്ചിരിക്കണം.പരസ്പരം വിരുദ്ധങ്ങളായ രണ്ടു ശക്തികളെ തമ്മിലിണക്കുവാന്‍ അവയെക്കാള്‍ വീര്യമുളള ഒരു ശക്തിക്കെ കഴിയു.ആ ശക്തിയാണ് സാര്‍വ്വലൗകീകമനോഭാവം.
(തുടരും)
















