കേരളീയര്‍ക്ക് വിജയദശമി വിദ്യാദേവതയുടെ മഹത്തായ തത്വവും പുണ്യവും നല്കുന്ന ദിവസമാണ്. അജ്ഞാത്തെ അകറ്റി ജ്ഞാനത്തെ നേടുന്ന പുണ്യദിനംകൂടിയാണ്. ജ്ഞാന സ്വരൂപിണിയാണ് സരസ്വതീദേവി. ജീവിതത്തിന് വിജയങ്ങളും നേട്ടങ്ങളും കൈവരിക്കുന്നതിന് എല്ലാത്തരത്തിലുള്ള ഗ്രന്ഥങ്ങളും അവരവരുടെ പണിയായുധങ്ങളും അലംകൃതമായ സരസ്വതീദേവിയുടെ ചിത്രത്തിന് മുന്നില്‍വച്ച് പൂജിച്ച് അനുഗ്രഹംതേടുന്ന ദിവസമാണ് പൂജവയ്പ്.
വിജയദശമിയില്‍ പൂജകഴിഞ്ഞ് തിരിച്ചെടുക്കുന്നു. അജ്ഞാനത്തെ ഇല്ലാതാക്കുമ്പോള്‍ കൈവരിക്കുന്നത് ജ്ഞാനമാണ്. ജ്ഞാനം വിനയമാണ്, ലാളിത്യമാണ്. കല്മഷത്തെ ഇല്ലാതാക്കാന്‍ വിജ്ഞാനംകൊണ്ട് കഴിയും.
ശ്രീരാമന് രാവണനുമേല്‍ വിജയംനേടിയ ദിനമാണ് വിജയദശമി. വിജയശ്രീലാളിതനായി അയോധ്യയില്‍ തിരിച്ചെത്തിയെന്ന പ്രത്യേകതയും ഈ നാളിനുണ്ട്. അതുപോലെതന്നെ പാണ്ഡവര്‍ കൗരവര്ക്കുമേല് വിജയംവരിച്ചതും ദശമിനാളിലാണെന്ന് പുരാണത്തില്‍ പറയുന്നു.
അക്ഷരവിദ്യയുടെ ദേവതയായ സരസ്വതിയെ പൂജിച്ച് വിജ്ഞാനം ആര്‍ജിക്കുവാനുള്ള ത്വര മലയാളികള്‍ക്ക് എന്നുമുണ്ട്. സരസ്വതിയെ ധ്യാനിച്ച് ഗുരുക്കന്മാരില്നിന്നും
അക്ഷരലോകത്തേക്കെത്തുന്ന ലക്ഷക്കണക്കിന് കുരുന്നുകള്‍ ഈ നാളില്‍ വിദ്യാരംഭം കുറിക്കും. ‘ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു’ എന്ന് ഒരേസമയം എഴുതിയും ഉച്ചരിച്ചും അതായത് ശബ്ദവും വര്‍ണവും കലര്‍ന്ന അറിവിന്റെ അത്ഭുതലോകത്തേക്ക് അവരെ തുറന്നുവിടുകയാണ്. അറിവിന്റെ ആദ്യക്ഷരം കുറിക്കുവാന്‍ ഇന്ന് നാനാതുറകളില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍ കൂടാതെ വിവിധ സംഘടനകളും വിദ്യാലയങ്ങളും അഹമഹമിഹയാ മുന്നോട്ട് വന്നിരിക്കുന്നുവെന്നത് ഏറെ സന്തോഷമുളവാക്കുന്നു.
എഴുത്തിനിരുത്തല്‍ ഇന്ന് കേരളത്തില്‍ വ്യാപകമായ ഒരു ചടങ്ങായി മാറിയത് കാലത്തിന്റെ മാറ്റത്തെ കുറിക്കുന്നു. ഇതിന് ജാതി-മത ഭേദമില്ല. അല്ലെങ്കിലും അറിവിന് ജാതിയും മതവും അന്യമാണല്ലോ.
യാ ദേവീ സര്വഭൂതേഷൂ
മാതൃരൂപേണ സംസ്ഥിതാ
നമസ്തസൈ്യ നമസ്തസൈ്യ
നമസ്തസൈ്യ നമോനമഃ
എന്ന സ്തുതിയില്‍ മാതൃദേവിയുടെ എല്ലാ രൂപങ്ങളും സ്ഥിതിചെയ്യുന്നതായി പറയപ്പെടുന്നു.
സകലവിധത്തിലുള്ള പഠനങ്ങള്‍ക്കും ആരംഭം വിജയദശമിനാളിലാണ്. സരസ്വതീദേവിയെ വിശ്വാസത്തോടെ ഉപാസിച്ചാല്‍ വിജയസോപാനങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്നകാര്യത്തില്‍ സംശയമില്ല.
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ഭവതു മേ സദാ
ഫോണ്‍ : 9446239120
















