തലശ്ശേരി: പുന്നോല്‍ പെട്ടിപ്പാലം കോളനിയിലെ ഫ്ളാറ്റിനടുത്ത് സ്ഥിതി ചെയ്യുന്ന പട്ടികജാതിക്കാരിയായ ആശയുടെ കുടില്‍ ഇന്നലെ പുലര്‍ച്ചെ അജ്ഞാതര്‍ കത്തിച്ചു. ഓലയും മുളയും പ്ലാസ്റ്റിക് ഷീറ്റും ചേര്‍ത്ത് നിര്‍മ്മിച്ച വീടിനാണ് തീയിട്ടത്. നേരത്തെ ഇവിടെ നിന്ന് ജയിച്ചിരുന്ന കൗണ്‍സിലര്‍ അടക്കം ഇത്തവണ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോള്‍ ആശയുടെ നേതൃത്വത്തിലുള്ള കോളനിയിലെ താമസക്കാര്‍ തടഞ്ഞിരുന്നതായി പറയപ്പെടുന്നു. കഴിഞ്ഞ 5 വര്‍ഷമായി ഇവിടെ നിന്ന് ജയിച്ചുപോയ നിങ്ങള്‍ കോളനിക്കാര്‍ക്ക് എന്താണ് ചെയ്തത് എന്ന് ചോദിച്ചുകൊണ്ടാണത്രേ തടഞ്ഞത്. വോട്ടു ചോദിക്കാനെത്തിയവരെ തടഞ്ഞതായിരിക്കാം കുടില്‍ കത്തിക്കാന്‍ കാരണമെന്നാണ് കരുതുന്നത്. സംഭവം സംബന്ധിച്ച് ന്യൂമാഹി പോലീസ് സ്ഥലത്തെത്തി കെസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്ന് ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: