കണ്ണൂര്‍: കേരളത്തില്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഒരുകൂട്ടം ആസുരിക ശക്തികളും ദൈവിക ശക്തികളും തമ്മിലുള്ള പോരാട്ടമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന് പറഞ്ഞു. കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ നടന്ന ബിജെപി സ്ഥാനാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവിക ശക്തിയായ ബിജെപിയുടെ മുന്നേറ്റത്തെ തടയിടാന്‍ കേരളത്തിലെ ഒരു ശക്തിക്കും ഇനി സാധ്യമല്ല. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നും ദിനം പ്രതി ബിജെപിയിലേക്ക് ആളുകള്‍ ഒഴുകിയെത്തുകയാണ്. ഭാരതം മുഴുവന്‍ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് കേരളത്തിലേതെങ്കില്‍ കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് കണ്ണൂരില്‍ നടക്കാന്‍ പോകുന്നത്. കശാപ്പ് രാഷ്ട്രീയത്തിന്റെ വക്താക്കളായ കമ്മ്യൂണിസ്റ്റ് നേതാക്കളെ വേരോടെ പിഴുതെറിയുന്ന തെരഞ്ഞെടുപ്പായിരിക്കും കണ്ണൂരിലേത്. ചരിത്രത്തില്‍ ആദ്യമായി 1300 ല്‍ അധികം സ്ഥാനാര്‍ത്ഥികളെ കണ്ണൂരില്‍ അണിനിരത്തി അത്ഭുതകരമായ പ്രവര്‍ത്തനം നടത്തിയ ബിജെപി ഒന്നാം ഘട്ടത്തില്‍ത്തന്നെ രാഷ്ട്രീയപരമായി വിജയിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ അടിസ്ഥാന വികസനത്തിനായി പ്രാദേശിക ഭരണകൂടങ്ങള്‍ക്കും സംസ്ഥാന സര്ക്കാറുകള്ക്കുമായി നീക്കിവെച്ചിരിക്കുന്നത്. സാമ്പത്തിക വികേന്ദ്രീകരണമാണ് മോദി നടപ്പിലാക്കി വരുന്നത്. ഇതിനാല്‍ത്തന്നെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നവര്‍ക്ക് ഭാരിച്ച ഉത്തരവാദിത്തമാണ് മുന്നിലുള്ളത്. സത്യസന്ധമായി ഫണ്ടുകള്‍ ചെലവഴിച്ചുവെന്ന് ഉറപ്പുവരുത്താന്‍ ബാധ്യസ്ഥരാണ് മെമ്പര്‍മാര്‍. നരേന്ദ്രമോദിയുടെ പ്രതിനിധികളാണ് നാം ഓരോരുത്തരുമെന്ന് മനസ്സിലാക്കി വേണം വോട്ടു തേടിയിറങ്ങാന്‍. ബിജെപിയെ സ്വീകരിക്കാന്‍ ഹൃദയത്തിന്റെ വാതില്‍ വോട്ടര്‍മാര്‍ തുറന്നുവെച്ചിരിക്കുകയാണ്. ജനഹൃദയങ്ങളില്‍ താമര നേരത്തെ വിരിഞ്ഞു കഴിഞ്ഞു. ഇത് ബാലറ്റ് പെട്ടിയില്‍ എത്തിക്കുക എന്ന കടമ മാത്രമാണ് സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉള്ളത്. ബിജെപിയുടെ വളര്‍ച്ച തടയാന്‍ എതിരാളികള്‍ ആവനാഴിയിലെ അവസാനത്തെ അമ്പും പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അനുകൂല സാഹചര്യം മുതലെടുത്ത് ഇതിനെയെല്ലാം അതിജീവിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കഴിയും. സാമ്പാര്‍ മുന്നണിയാണ് ബിജെപിക്കെതിരെ കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. രണ്ടുപേരും ചേര്‍ന്ന് ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാന്‍ എന്ത് വൃത്തികേടും കാണിക്കും. ഇതിനാല്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം. ബലിദാനികളുടെ സ്മരണകളും അവര്‍ കാട്ടിത്തന്ന വഴികളും നമ്മുടെ ഉള്ളിലുണ്ടെങ്കില്‍ ഏത് എതിര്‍പ്പിനെയും അതിജീവിച്ച് മുന്നേറാന്‍ കണ്ണൂരിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭക്തിയുടെ പേരില്‍ സിപിഎമ്മിനുണ്ടായിരിക്കുന്ന മാനസാന്തരം സത്യസന്ധമാണെങ്കില്‍ അംഗീകരിക്കാം. എന്നാല്‍ ഇതവരുടെ തന്ത്രമാണ്. അടവ് നയമാണ്, ആഭാസ പ്രകടനമാണ്, കബളിപ്പിക്കലാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ജനങ്ങള്‍ ഇതിനെതിരെ തെരഞ്ഞെടുപ്പില്‍ വിധിയെഴുതുമെന്നും സികെപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: