കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് കണ്ണൂരില്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്നും ഇക്കാര്യം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കേരളത്തിന്റെ ചുമതലയുളള ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം എല്ലാ കാലത്തും അധികാരത്തിലെത്താന്‍ അക്രമ മാര്‍ഗ്ഗമാണ് സ്വീകരിച്ചു വരാറുളളത്. ഇത്തവണ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുളള നീക്കങ്ങള്‍ സിപിഎം ആരംഭിച്ചു കഴിഞ്ഞുവെന്നതിലേക്കാണ് കഴിഞ്ഞ ദിവസം കണ്ണൂരിലെ പാര്‍ട്ടി കേന്ദ്രത്തില്‍ നിന്നും പിടിച്ചെടുത്ത വന്‍ ആയുധ ശേഖരം ചൂണ്ടിക്കാട്ടുന്നത്. ഈ പശ്ചാത്തലത്തിലാണ് ബിജെപി കേന്ദ്ര സേനയെ ആവശ്യപ്പെടുന്നത്.ബിജെപി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം വികസന രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിട്ടുളളത്. പശ്ചിമ ബംഗാളിലും കേരളത്തിലും സിപിഎം വളര്‍ന്നത് അക്രമത്തിലൂടെയാണ്. ആന്ധ്രയിലും അതിനുളള ശ്രമങ്ങള്‍ നടന്നെങ്കിലും അത് വിജയിച്ചില്ല. കണ്ണൂരില്‍ പാര്‍ട്ടി ഇത്രകാലം പിടിച്ചു നിന്നതും അക്രമത്തിലൂടെയാണ്. എന്നാല്‍ കണ്ണൂരിലേയും കേരളത്തിലേയും ജനത സിപിഎമ്മിന്റെ തനിനിറം തിരിച്ചറിഞ്ഞു കഴിഞ്ഞു. തദ്ദേശ സ്വയം ഭരണ തെരഞ്ഞടുപ്പിലൂടെ മാര്‍ക്സിസ്റ്റ് അക്രമ രാഷ്ട്രീയത്തിന് ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദശാബ്ദമായി മുന്നണികള്‍ ഭരിച്ച് മരവിച്ച കേരളത്തില്‍ ചലനമുണ്ടാക്കാന്‍ മൂന്നാമത് ഒരു മുന്നണികള്‍ വരുമ്പോള്‍ അതിനെ ഇല്ലാതാക്കാന്‍ രണ്ടു മുന്നണികളും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു പേരും പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. നിങ്ങള്‍ 5 കൊല്ലം ഭരിക്കൂ ,ഞങ്ങള്‍ രണ്ടുവര്‍ഷം ഒച്ചയുണ്ടാക്കാം അതു കഴിഞ്ഞു ഞങ്ങളും എന്ന പരസ്പര ധാരണയാണ് മുന്നണികള്‍ കേരളത്തില്‍ നടപ്പാക്കുന്നത് .അതു കൊണ്ടുതന്നെ രണ്ടുപേരും നടത്തുന്ന അഴിമതികള്‍ പുറത്തുവരുന്നില്ല, ആരും ശിക്ഷിക്കപ്പെടുന്നില്ല. മൂന്നാമതൊരു മുന്നണിയുടെ വളര്‍ച്ച ഇവരുടെ കളളക്കഥകളെ പുറത്തെത്തിക്കുമെന്നതിനാലാണ് ഇരുവരും ഒന്നു ചേര്‍ന്ന് മൂന്നാം മുന്നണിയെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് മുസ്ലീംലീഗ് സെക്യുലറാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ലീഗിന്റെ ന്യൂനപക്ഷ വോട്ടു ലക്ഷ്യമിട്ടുളള അഭിപ്രായ പ്രകടനമാണിത്. ചെന്നിത്തലയാവട്ടെ മൂന്നാം മുന്നണി കേരളത്തില്‍ നടക്കില്ലെന്നു പറയുന്നു. ഇവരെല്ലാം എന്തിനേയോ ഭയക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. വര്‍ഷങ്ങളോളം കേരളത്തിലും ബംഗാളിലും അധികാരത്തിലിരുന്ന സിപിഎം രണ്ടിടങ്ങളിലും ഭരണത്തില്‍ ഇല്ലാതായി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 30 വര്‍ഷം കൊണ്ട് അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് എത്രമാത്രം മുന്നേറ്റമുണ്ടായി കേരളത്തില്‍ എന്നത് സംബന്ധിച്ച് ധവള പത്രം ഇറക്കാന്‍ മുന്നണികള്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇവരുടെ വിദ്യാഭ്യാസ വളര്‍ച്ച,സാമ്പത്തിക സ്ഥിതി, ഭൂലഭ്യത എന്നിവ ധവള പത്രത്തില്‍ വ്യകത്മാക്കണം. ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ വിതച്ച് വോട്ടുതട്ടുകയാണ് മുന്നണികള്‍. കേരളത്തിലെ മത രാഷ്ട്രീയം അവസാനിക്കണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്നും സമുദായത്തെ മുന്നില്‍ നിര്‍ത്തി വിലപേശല്‍ രാഷ്ട്രീയം മുസ്ലീംലീഗ് പയറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണികള്‍ മാറിമാറി ഭരിച്ച കേരളത്തില്‍ വ്യാവസായിക പുരോഗതിയോ തൊഴിലവസരങ്ങളോ ഇല്ല. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാറുകളാണ് ഭരണം നടത്തിയത്. വിഴിഞ്ഞം പദ്ധതിയുള്‍പ്പെടെയുള്ള എന്ത് വികസനത്തെയും എതിര്‍ക്കുക എന്ന നയമാണ് സിപിഎം പിന്തുടര്ന്നിട്ടുള്ളത്. മാറിമാറി ഭരിച്ച മുന്നണികള്‍ പരസ്പരധാരണയോടെ അഴിമതികളില്‍ പങ്കാളികളാവുകയായിരുന്നു. സംവരണ കാര്യത്തില്‍ ദേശീയ നേതൃത്വം നയം വ്യക്തമാക്കിയിട്ടുണ്ടെന്നും നിലവിലുളള നിയമത്തില്‍ യാതൊരു മാറ്റവും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നര വര്‍ഷംകൊണ്ട് മോദി സര്‍ക്കാര്‍ കേരളത്തിന് നിരവധി വികസന പദ്ധതികളാണ് നല്‍കിയിട്ടുള്ളതെന്നും 35,000 കോടി രൂപയാണ് റോഡ് വികസനത്തിന് മാത്രം നല്തിയതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.വി.രത്നാകരന്, എ.പി.ഗംഗാധരന് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: