കൊച്ചി: നവംബറിന്റെ തുടക്കത്തോടെ, മാന്ദ്യമകന്ന്, വെളിച്ചെണ്ണയുടേയും, കൊപ്രയുടേയും വില ഉയരുവാന് സാധ്യതയെന്ന് നാളികേര വികസന ബോര്‍ഡ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഈ വര്‍ഷത്തെ നാളികേര ഉത്പാദനത്തെ ബാധിച്ചു. ദസ്ര, മുഹറം, ദീപാവലി ആഘോഷങ്ങള്‍ അടുത്തതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാളികേരത്തിന്റെ ആവശ്യകത ഏറിവരി കയാണ്. ശബരിമല സീസണ് ആരംഭിക്കുന്നതോടെ കേരള ത്തിലും ആവശ്യക്കാരേറും.
തുലാവര്‍ഷം ആരംഭിക്കുന്നതോടെ കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുളള തേങ്ങയുടെയും, കൊപ്രയുടേയും, വെളിച്ചെണ്ണയുടേയും വരവ് കുറയുവാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ കര്‍ഷകര്‍ നാളികേര ഉത്പാദക സൊസൈറ്റികളിലൂടെയും ഫെഡറേഷനുകളിലൂടെയും ഉത്പന്നസംഭരണവും പ്രാഥമിക സംസ്കരണവും ആരംഭിക്കണം.
മൂല്യവര്‍ദ്ധിത ഉത്പന്നമായ തേങ്ങാപ്പാലിന് വമ്പിച്ച സാധ്യതയാണ് വിപണിയില്‍ ഉളളത്. തേങ്ങയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ മൂന്നു മുതല്‍ നാല് മടങ്ങ് വരെ അധിക വരുമാനം തേങ്ങാപ്പാലില്‍ നിന്നും ലഭിക്കും. നാളികേരത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായ വെര്‍ജിന്‍ ഓയില്‍, നീര, തേങ്ങാപ്പാല്‍ മുതലായ ഉത്പന്നങ്ങളില്‍ ശ്രദ്ധ ഊന്നി കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്കുളള മെച്ചപ്പെട്ട വില ലഭിക്കുവാനുളള അവസരം ഉത്പാദക കമ്പനികള്‍ ഉപയോഗപ്പെടുത്തണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: