മനസ്സിന്റെ സൗന്ദര്യമാണ് ഏറ്റവും വലുത്, ബാഹ്യമായ സൗന്ദര്യത്തിന് എന്താണ് പ്രസക്തിയെന്നൊക്കെ ആദര്‍ശം പറയാന്‍ ആര്‍ക്കും ഒരുമടിയുമില്ല. പക്ഷേ ഉള്ളിലിരുപ്പ് മറ്റൊന്നാണ് പലരുടേയും. ഇങ്ങനെ പറയുന്നവര്‍തന്നെ ഏറ്റവും സുന്ദരിയായവരെ കണ്ടെത്തുന്നതുപോലെതന്നെ ഏറ്റവും വിരൂപയായവരേയും തിരഞ്ഞുപോകും.
ബാഹ്യസൗന്ദര്യത്തില്‍ അഭിരമിക്കുന്നവര്‍ മനസിന്റെ സൗന്ദര്യം കാണാതെ പോകുന്നു. മറ്റുള്ളവരുടെ കുറവുകളിലേക്ക് പരിഹാസ ശരമയയ്ക്കുന്നു. അതേറ്റ് ചോരപൊടിയുന്ന മനസുകളുമായി ജീവിക്കുന്നവരെക്കുറിച്ച് പറയുന്നവര്‍ ചിന്തിക്കുന്നുമില്ല. അങ്ങനെ വിരൂപയെന്ന് മുദ്രകുത്തി മറ്റുള്ളവരുടെ ക്രൂരമായ പരിഹാസമേല്ക്കേണ്ടിവന്ന ഒരു പെണ്‍കുട്ടിയുണ്ട് അങ്ങ് അമേരിക്കയില്‍, പേര് ലിസി വെലാക്യുസ്. ഇപ്പോള്‍ അവള്‍ക്ക് വയസ് 26. ലിസിക്ക് 17 വയസ്സുള്ളപ്പോഴാണ് അവളുടെ പേര് ഏറ്റവും വിരൂപയായ പെണ്‍കുട്ടിയെന്ന ടൈറ്റിലില്‍ യൂട്യൂബില്‍ തെളിഞ്ഞത്. ആ വീഡിയോ വൈറലായപ്പോഴും ആ വിഡിയോ അവള്‍ക്കുമുന്നില്‍ തെളിഞ്ഞപ്പോഴും ലിസി പ്രതീക്ഷിച്ചില്ല, അതില്‍ കാണുന്ന പെണ്‍കുട്ടി താനായിരിക്കുമെന്ന്.
എട്ട് സെക്കന്റ് മാത്രമുള്ള വീഡിയോ കണ്ടതാവട്ടെ ലക്ഷക്കണക്കിനാളുകളും. എന്നാല്‍ അതുകണ്ട ജനങ്ങളുടെ പ്രതികരണമാണ് ലിസിയെ ഏറെ തളര്‍ത്തിയത്. മാതാപിതാക്കള്‍ എന്തിനാണ് അവളെ വളര്‍ത്തിയത്, അവര്‍ക്ക് അവളെ കൊല്ലാമായിരുന്നില്ലെ, അവളെ ഏതെങ്കിലും തെരുവില്‍വച്ച് കാണുന്നവര്‍ക്ക് അവരുടെ കാഴ്ച തന്നെ നഷ്ടമാകും, അവള്‍ക്ക് ആത്മഹത്യ ചെയ്തുകൂടെ എന്നിങ്ങനെപോകുന്നു ആ കമന്റുകള്‍. ഇതെല്ലാം വായിച്ച് നിരവധി രാത്രികളില്‍ ലിസി കരഞ്ഞുതീര്‍ത്തു. ആ കൗമാരപ്രായത്തില്‍ത്തന്നെ ജീവിതം അവസാനിച്ചുവെന്ന് കരുതി. എന്നാല്‍ ഇവിടെ നിന്നവള്‍ കരുത്താര്‍ജ്ജിക്കുകയായിരുന്നു.
അത്യപൂര്‍വമായ ശാരീരികാവസ്ഥകളോടുകൂടിയായിരുന്നു ലിസിയുടെ ജനനം. മര്ഫന്, ലിപോഡിസ്ടോഫി എന്നീ അസാധാരണ അസുഖത്തോടെ ജനിച്ച ലിസിക്ക് എത്രത്തോളം കഴിച്ചാലും വണ്ണം വയ്ക്കില്ല. വലതുകണ്ണിനാവട്ടെ തീരെ കാഴ്ചയുമില്ല. കണ്ണിനും കാതിനുമെല്ലാം സര്‍ജറി ചെയ്തു. അങ്ങനെ ഒട്ടനവധി രോഗങ്ങള്‍ അലട്ടുമ്പോഴും തോറ്റുപിന്മാറാന് ലിസി തയ്യാറല്ല. തന്നെപ്പോലുള്ളവര്‍ക്കും ഈ ലോകത്ത് ജീവിക്കണമെന്ന് അവള് വിളിച്ചുപറയുകയാണ്, തന്റെ ഡോക്യുമെന്ററിയിലൂടെ. എ ബ്രേവ് ഹാര്‍ട്ട് ദ ലിസി വെലാസ്ക്യൂസ് സ്റ്റോറി എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ഇതിനകം തന്നെ ഏറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. കൂടാതെ സ്വന്തമായൊരു യുട്യൂബ് ചാനലും ലിസി തുടങ്ങി. സ്വന്തം സൗന്ദര്യത്തില്‍ ആത്മവിശ്വാസം കണ്ടെത്താന്‍ അവള് അതിലൂടെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. രണ്ട് ലക്ഷത്തിലേറെപ്പേരാണ് ഇപ്പോള്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുന്നത്.
ജനിച്ചപ്പോള്‍ത്തന്നെ ലിസിയെ കൊല്ലാമായിരുന്നില്ലെ എന്ന് ചോദിച്ചവരോടും ഈ പെണ്‍കുട്ടി ചിലത് പറയുന്നുണ്ട്. ജനിച്ചപ്പോള്‍ ലിസിയുടെ ഭാരം കേവലം 1.2 കിലോഗ്രാമായിരുന്നു. ഒട്ടനവധി ശാരീരിക പ്രശ്നങ്ങളോടുകൂടി ജനിച്ച പെണ്‍കുട്ടിക്ക് ജീവിതാവസാനം വരെ പ്രത്യേക പരിചരണം വേണമെന്നുമായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ലിസിയുടെ മാതാപിതാക്കളായ റിതയും ലൂപ്പും അവള്‍ക്ക് സ്നേഹം ആവോളം നല്കി വളര്‍ത്തി. തങ്ങള്‍ക്ക് എന്തിനിങ്ങനൊരു വിധി നല്കി എന്നവര്‍ ഒരിക്കല്‍പ്പോലും ചിന്തിച്ചതുമില്ല. എല്ലാ ന്യൂനതകളും മറന്ന് പോസിറ്റീവായി ചിന്തിക്കാന്‍ തന്നെ പര്യാപ്തയാക്കിയത് മാതാപിതാക്കളാണെന്ന് ലിസി പറയുന്നു. തലയുയര്‍ത്തിപ്പിടിച്ച് ചിരിച്ച മുഖത്തോടെ സ്കൂളില്‍പോകാനും മറ്റുള്ളവര്‍ എങ്ങനെ പെരുമാറുന്നു എന്ന് ചിന്തിക്കാതെ എല്ലാവരോടും സൗമ്യമായി പെരുമാറാനും അവളെ ആ മാതാപിതാക്കള്‍ ഉപദേശിച്ചു.
അതുകൊണ്ട് തന്നെയാണ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ യൂട്യൂബ് വീഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത വ്യക്തിയോട് അവള്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നതും. ലിസിയെ വ്യത്യസ്തയാക്കുന്നതും മനസ്സിന്റെ ഈ സൗന്ദര്യമാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എവിടെവച്ച് വേണമെങ്കിലും നഷ്ടപ്പെടാവുന്ന ഒന്നുമാത്രമാണ് ബാഹ്യസൗന്ദര്യം. പക്ഷേ സൗന്ദര്യമുള്ള മനസ് നേടാനും നിലനിര്‍ത്താനും അത്രവേഗത്തില്‍ സാധിക്കുകയുമില്ല. മനസിന്റെ നൈര്‍മല്യം ഒരു ബ്യൂട്ടീപാര്‍ലറില്‍ നിന്നും കിട്ടുകയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: