പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനകാലത്ത് പമ്പാനദിയിലേക്ക്, ഉപയോഗിച്ച വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് പുണ്യനദിയെ മലിനമാക്കുന്നവര്ക്കെതിരായി 1974 ലെ ജല നിയമ മനുസരിച്ച് നടപടികളെടുക്കണമെന്ന ഹൈക്കോടതി വിധിയെ പമ്പാപരിരക്ഷണ സമിതി സ്വാഗതം ചെയ്തു. ജലനിയമം 24, 25 വകുപ്പുകളനുസരിച്ച് ജലസ്രോതസ്സുകളിലേക്ക് യാതൊരു മാലിന്യങ്ങളും ഒഴുക്കിവിടുവാന്‍ പാടില്ല. ഇത് ലംഘിക്കുന്നവര്‍ക്ക് 44, 45 വകുപ്പുകളനുസരിച്ച് ഒന്നര വര്‍ഷം മുതല്‍ ആറ് വര്‍ഷം വരെയുള്ള തടവും പതിനായിരം രൂപാ വരെ പിഴയും ശിക്ഷ നല്‍കാവുന്നതാണ്. ശബരിമല തീര്‍ത്ഥാടകര്‍ പുണ്യതീര്‍ത്ഥമായി കരുതുന്ന പമ്പാനദിയുടെ ഉത്ഭവം മുതല്‍ പതനം വരെ ജലമലിനീകരണത്തിന് കാരണക്കാരാകുന്നവര്ക്കെല്ലാം മുന്നറിയിപ്പുകള്‍ കൂടിയാണ് ഈ വിധി. പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെയും കുട്ടനാട്ടിലെയും അന്പതുലക്ഷത്തോളം ആളുകള്‍ ജല ആവശ്യങ്ങള്‍ക്ക് നിത്യേന ആശ്രയിക്കുന്നത് പമ്പാ നദിയെ ആണ്.
ഹൈക്കോടതി വിധി കര്‍ശനമായി നടപ്പിലാക്കി പുണ്യനദിയെ മാലിന്യവിമുക്തമാക്കാനുള്ള സത്വര നടപടികള്‍ എടുക്കണമെന്നും പമ്പാ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍.കെ.സുകുമാരന്‍നായര്‍ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: