കണ്ണൂര്‍: സര്‍ക്കാര്‍ സ്കൂളിന്റെ പശ്ചാത്തലസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വിദ്യാര്‍ത്ഥി പ്രവേശന സമയത്ത് 1000 രൂപ അധ്യാപക രക്ഷകര്‍ത്തൃസമിതി സംഭാവനവാങ്ങിയതില് തെറ്റില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍.
ചെറുകുന്ന് ഗവ. വൊക്കേണഷല് ഹയര്‍ സെക്കന്ററി സ്കൂളില്‍ മകളെ ചേര്‍ത്തപ്പോള്‍ 1000രൂപ സംഭാവന വാങ്ങിയെന്നാരോപിച്ച് താവം സ്വദേശി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
മലയാളം മീഡിയത്തില്‍ ചേര്‍ക്കുന്ന കുട്ടികള്‍ക്ക് 650 രൂപയും ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കുന്ന കുട്ടികള്‍ക്ക് 1000 രൂപയുമാണ് ചെറുകുന്ന് സ്കൂളില്‍ പി.ടി.എ സംഭാവന വാങ്ങുന്നത്. കമ്മീഷന് അധികൃതരില്‍ നിന്നും വിശദീകരണം തേടിയിരുന്നു.
ഇംഗ്ലീഷ് മീഡിയത്തില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായപ്പോള്‍ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് 1000രൂപ സംഭാവന പിരിച്ചതെന്ന് ഹെഡ്മാസ്റ്റര് അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളില്‍ നിന്നും തുക പിരിച്ചിട്ടില്ല. പരാതിക്കാരന് പോലും ഇതു സംബന്ധിച്ച് പരാതി പറഞ്ഞിട്ടില്ലെന്നും ഹെഡ്മാസ്റ്റര് അറിയിച്ചു.
പിടിഎ ഫണ്ട് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് കമ്മീഷന് കണ്ടെത്തി. ഇംഗ്ലീഷ് മീഡിയത്തിലേക്ക് ബഞ്ചും ഡസ്ക്കും വാങ്ങാന്‍ രക്ഷകര്‍ത്താക്കളില്‍ നിന്നും സംഭാവന പിരിക്കാന്‍ തീരുമാനിച്ചത് പിടിഎയാണ്. സര്‍ക്കാരിന്റെ അനിശ്ചിതമായ സാമ്പത്തിക സഹായത്തിന് കാത്തുനില്‍ക്കാതെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് രക്ഷകര്‍ത്താക്കളുടെ ചുമതലയാണെന്ന് കെ.മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ഉദ്ദേശ്യശുദ്ധിയോടെ ചെയ്യുന്ന കാര്യങ്ങള്‍ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നിരുത്സാഹപ്പെടുത്തരുതെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: