സ്വന്തം ലേഖകന്‍
പാനൂര്‍: കൂത്തുപറമ്പില്‍ നിന്നും പോലീസ് പിടികൂടിയ വന്ആയുധശേഖരത്തിനു പിന്നില്‍ പഴയനിരത്തിലെ നാരായണനും സംഘവും. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോയിസ്റ്റുകളെ വെല്ലുന്ന ആയുധങ്ങള്‍ സമാഹരിച്ചതിനു പിന്നിലെ ഗൂഡാലോചനയും പോലീസ് അന്വേഷിക്കും. പഴയനിരത്തിലെ രാഷ്ട്രീയ ക്വട്ടേഷന്‍ അക്രമിസംഘമാണ് സംഭവത്തിനു പിന്നില്ലെന്ന് വ്യക്തമാവുമ്പോള്‍ സിപിഎം നേതൃത്വം പോറ്റി സംരക്ഷിച്ചുവരുന്ന ഗുണ്ടാപ്പടയുടെത് ഞെട്ടിക്കുന്ന കഥകളാണ്. കൊലപാതകമടക്കം നിരവധി കേസിലെ പ്രതിയായ ഇയാള്‍ക്കും കൂട്ടര്‍ക്കുമെതിരെയാണ് അന്വേഷണം നടത്തുകയെന്ന് കൂത്തുപറമ്പ് സിഐ പ്രേംസദന് പറഞ്ഞു. ആയുധങ്ങള്‍ ലഭിച്ച ആളൊഴിഞ്ഞ വീട്ടീല് പലതരത്തിലുള്ള വിധ്വംസക പ്രവൃത്തിയും നടന്നുവരാറുണ്ട്. സെപ്ഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിഐജിയും, ജില്ലാ പോലീസ് മേധാവിയും നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊന്നാപുരം കോട്ടയായ സിപിഎം ക്രിമിനല്‍ കേന്ദ്രത്തില്‍ എആര്‍ ക്യാമ്പിലെ അസിസ്റ്ററ്റ് കമാന്‍ഡന്റ് ഷാഗുല്‍, തലശേരി ഡിവൈഎസ്പി സാജുപോള്‍, സിഐ.പ്രേംസദന്, എസ്ഐ ശിവന് ചോടോത്ത് എന്നിവരും, ദ്രുതകര്മ്മസേനയടക്കമുളള സായുധ സംഘവും ഇന്നലെ പരിശോധനയ്ക്ക് തയ്യാറായത്. ബോംബുകളും, വാളുകളും, റീവോള്വറും, ഇരുമ്പ്ദണ്ഡും തെരഞ്ഞെടുപ്പില്‍ പ്രയോഗിക്കേണ്ട നായ്ക്കുരണപൊടിയും ഈ ക്രിമിനല്‍ സങ്കേതത്തില്‍ നിന്നും പിടികൂടി. ജില്ലയെ കലാപഭൂമിയാക്കാനുളള സിപിഎമ്മിന്റെ നീക്കത്തിന് കൂത്തുപറമ്പ് ഏരിയാ കമ്മറ്റിക്കു കീഴില്‍ ചുമതലയേല്‍പ്പിക്കപ്പെട്ടത് നാരായണനും കൂട്ടര്‍ക്കുമാണ്. 2008 മാര്‍ച്ച് 5 ന് കൂത്തുപറമ്പിലെ ബിജെപി പ്രവര്‍ത്തകനായ സത്യനെ തലയറുത്ത് മാറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ഇയാള്‍ക്ക് ജില്ലയിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമാണ് ഉളളത്. അതിനാല്‍ തന്നെ നേരിട്ടു പങ്കെടുത്ത നിരവധി കൊലപാതകങ്ങളില്‍ കേസില്‍പ്പെടാതെ രക്ഷപ്പെടുത്താനും പാര്‍ട്ടി നേതാക്കള്‍ ശ്രമിച്ചു. മമ്പറത്തെ പ്രേംജിത്ത് വധശ്രമം, കതിരൂര്‍ മനോജ് വധശ്രമം, പാനൂരിലെ മൊട്ടേമ്മല്‍ ഷാജിയെ കുട്ടിമാക്കൂലില്‍ വെച്ച് ബോംബേറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസിലും നാരായണന് പ്രതിയായിരുന്നു. ജില്ലയിലെ കില്ലര്‍ നാരായണനെന്നാണ് ഇയാളെ അറിയപ്പെടുന്നത്. കൂത്തുപറമ്പ്, വലിയവെളിച്ചം, ആയിത്തറ ഭാഗങ്ങളില്‍ നാരായണന്റെ അധീനതയില്‍ ചെങ്കല്ക്വാറികളുണ്ട്. വ്യാപാരികള്‍ തമ്മിലുളള തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കുന്നത് കൂത്തുപറമ്പ് ഭാഗങ്ങളില്‍ ഇയാളാണ്. പണംവെച്ച് ശീട്ടുകളിയുമുണ്ട്. ഇങ്ങിനെ പഴയനിരത്ത് ഭാഗങ്ങളില്‍ കേന്ദ്രീകരിക്കുന്ന ഈ സംഘം എന്തുപ്രശ്നങ്ങളുണ്ടെങ്കിലും ഏതു നേരവും എവിടെയുമെത്തും. ചെറുവാഞ്ചേരിയില്‍ ഈയിടെ നടന്ന എല്ലാ സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍ ഇതേ സംഘമായിരുന്നു. പുതുസഖാവ് ചെറുവാഞ്ചേരി അശോകന്റെ ഡ്രീംബോയ് ആണ് നാരായണന്. ഇവരുടെ സംഘത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ പഴയനിരത്തിലെ റഹീം ഇപ്പോള്‍ മറ്റൊരു ഗുണ്ടാപടയുമായി മേഖലയിലുണ്ട്. 2014 സെപ്തംബര്‍ 1ന് ആര്‍എസ്എസ് ജില്ലാശാരീരിക്ക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്താന്‍ മുഖ്യപങ്കു വഹിച്ച നാരായണന് അന്വേഷണസംഘത്തിന്റെ ലിസ്റ്റിലുമുണ്ട്. പഴയനിരത്തിലെ ഓട്ടോ െ്രെഡവര്‍ നിത്തു എന്ന നിജിത്ത്(28), ജാഗ റഹീം, കുറുക്കന് സിറാജ് എന്നിവര്‍ മനോജ് വധത്തില്‍ നേരിട്ടു പങ്കാളികളായിരുന്നു. ഇതില്‍ സിറാജ് ജാമ്യത്തിലാണ്. നാരായണന്റെ ശിഷ്യഗണങ്ങളാണ് മൂവരും. കൊലയാളികളെ ഏകോപിപ്പിക്കാന്‍ ഒന്നാം പ്രതി വിക്രമനൊപ്പം നാരായണനുമുണ്ടായിരുന്നു. നിലവില്‍ സിപിഎം നിര്‍ദ്ദേശ പ്രകാരം ശ്രദ്ധയോടെ കഴിഞ്ഞുവരുമ്പോഴാണ് നാരായണന്റെ സങ്കേതത്തില്‍ നിന്നും പ്രതിരോധ ഉപകരണങ്ങള്‍ പോലീസ് പിടികൂടുന്നത്. ഇത് സിപിഎമ്മിനെയും ഒപ്പം നാരായണനെയും പ്രതിരോധത്തിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: