കല്പറ്റ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ കുടുംബശ്രീ വികസനരേഖ തയ്യാറാക്കുന്നു. 14 ജില്ലകളിലെ 1074 സിഡിഎസ്സുകള്‍ വഴി സംസ്ഥാന വ്യാപകമായാണ് പദ്ധതി നടപ്പാക്കുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്ക്കും അംഗങ്ങള്‍ക്കും ഒരു ദിവസത്തെ ശില്‍പ്പശാല നടത്തി വികസനരേഖയുടെ കരട് കൈമാറും.
ഓരോ പഞ്ചായത്തിലും ബന്ധപ്പെട്ട സിഡിഎസ്സിന്റെ നേതൃത്വത്തിലാണ് ശില്‍പ്പശാല നടത്തുന്നത്. ഓരോ പഞ്ചായത്തിലും കുടുംബശ്രീ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ വിശദീകരിക്കും. അടിയന്തിരമായി നടപ്പാക്കേണ്ടവ, അഞ്ചു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കേണ്ടവ എന്നിങ്ങനെ രണ്ടു തരത്തില്‍ പദ്ധതികളെ തരം തിരിക്കും. ഇതോടൊപ്പംതന്നെ കുടുംബശ്രീയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖയും നല്‍കും. കുടുംബശ്രീയുടെ പ്രവര്‍ത്തന രീതികള്‍ വിലയിരുത്താനാണിത്.
കേന്ദ്ര പദ്ധതികള്‍, സംസ്ഥാന പദ്ധതികള്‍, കുടുംബശ്രീയുടെ തനത് പദ്ധതികള്‍, ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന പഞ്ചായത്ത് തല എസ്.റ്റി.പദ്ധതികള്‍ എന്നിവയുടെ ആസൂത്രണവും നടത്തിപ്പുമാണ് വികസനരേഖയിലുണ്ടാവുക. പ്രാദേശിക വികസന ശില്‍പ്പശാലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍, അംഗങ്ങള്‍, സിഡിഎസ് അംഗങ്ങള്‍, , സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും.
ഓരോ പഞ്ചായത്തിലെയും തൊഴിലവസരങ്ങളുടെ സാധ്യതകള്‍, അയല്‍ക്കൂട്ടങ്ങള്‍ക്ക് പഞ്ചായത്ത് നല്കുന്ന ഫണ്ടിന്റെ വിനിയോഗം, പഞ്ചായത്തുകളെ സ്ത്രീ-ശിശു സൗഹൃദമാക്കുന്നതിനുള്ള നിര്‍ദ്ദേശം, കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍, വിവിധ വിലയിരുത്തല്‍ സമിതികളുടെ അവലോകനം തുടങ്ങിയ വിഷയങ്ങളാണ് വികസനരേഖയിലുണ്ടാവുക. എസ്.റ്റി. അഗതി ആശ്രയ പദ്ധതി നടപ്പാക്കുന്നതിന് പഞ്ചായത്തും കുടുംബശ്രീയും കാഴ്ച്ചവെക്കുന്ന പ്രവര്‍ത്തനം പ്രത്യേകമായി വിലയിരുത്തും. അഗതി ആശ്രയ പദ്ധതിയുടെ ഒന്നാം ഘട്ടം, രണ്ടാം ഘട്ടം, എസ്.റ്റി.അഗതി ആശ്രയ പദ്ധതി എന്നിവയുടെ നടത്തിപ്പിന്റെ വിശദവിവരം ഓരോ സിഡിഎസ്സും ബന്ധപ്പെട്ട തദ്ദേശ ഭരണ പ്രതിനിധികള്‍ മുമ്പാകെ അവതരിപ്പിക്കും.
വിശേഷാല്‍ ചന്തകള്‍ നടത്തുന്ന അവസരങ്ങളില്‍ കുടുംബശ്രീക്ക് സ്ഥലം ലഭിക്കുന്നതിലെ അനിശ്ചിതത്വം ഒഴിവാക്കാനും വിശേഷാല്‍ ചന്തകള്‍ സജീവമാക്കുന്നതിനുമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥലസൗകര്യം ഏര്‍പ്പാടാക്കുന്ന കാര്യം ആലോചിക്കും. പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തില്‍നിന്നും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി നീക്കിവെക്കുന്ന 10 % വിഹിതം പഞ്ചായത്തിനെ സ്ത്രീ- ശിശു സൗഹൃദമാക്കുന്നതിന് സാധ്യമായ പദ്ധതികള്‍ ആലോചിക്കും.
അഞ്ചുലക്ഷം രൂപവരെയുള്ള കരാര്‍ ജോലികള്‍ കുടുംബശ്രീ ഏറ്റെടുക്കുന്നതിനും ആലോചനയുണ്ട്. ഇതിലൂടെ കുടുംബശ്രീ പ്രവര്‍ത്തകരുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. മാനന്തവാടി ബ്ലോക്കിലെ ആറ് സിഡിഎസ്സുകള്‍ മനുഷ്യക്കടത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പഞ്ചായത്തുകളില്‍നിന്നും പദ്ധതി വിഹിതം ആവശ്യപ്പെടും.
സംസ്ഥാനത്തെ ആദ്യ ആക്ഷന്‍ പ്ലാന്‍ രൂപീകരണയോഗത്തിന്റെ ആദ്യ ശില്‍പ്പശാല ജില്ലയില്‍ നടന്നു. സിഡിഎസ് ചെയര്‍ പേഴ്സണ്‍മാര്‍, വൈസ് ചെയര്പേഴ്സണ്മാര്, ജില്ലാ മിഷന് കണ്‍സള്‍ട്ടന്റുമാര്‍, ബ്ലോക്ക് കോഡിനേറ്റര്‍മാര്‍, കുടുംബശ്രീ സപ്പോര്‍ട്ടിങ്ങ് ടീമംഗങ്ങള്‍ എന്നിവര്‍ക്ക് ക്ലാസ്സ് നല്കി. കുടുബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ടി.ഷാഹുല്‍ ഹമീദ്, ജില്ലാ മിഷന് കോഡിനേറ്റര്‍ പി.പി.മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്കി.
ശില്‍പ്പശാല തെരഞ്ഞെടുപ്പ് ഫലം വന്നയുടനെ ഓരോ ഭരണ സമിതിയുടേയും സമയ ലഭ്യതക്കനുസരിച്ച് നടത്തും. ശില്‍പ്പശാലയില്‍ മുഴുവന്‍ അംഗങ്ങള്‍ക്കും പ്രാഥമിക വികസന രേഖ കൈമാറും. പഞ്ചായത്ത് തലത്തില്‍ ചര്‍ച്ച ചെയ്ത് രേഖയില്‍ പിഴവുകളുണ്ടെങ്കില്‍ അവ പരിഹരിച്ച് സമ്പൂര്‍ണ്ണ പ്രവര്‍ത്തനരേഖ ഉടനെ തയ്യാറാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: