പൂനാ എഞ്ചിനീയറിങ് കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫീസടക്കാന്‍ നാട്ടില്‍ നിന്ന് സമയത്തിന് പണം വന്നിരുന്നില്ല.അറുപത്തി മൂന്നു രൂപാ ഫീസടയ്‌ക്കാന്‍ ആവശ്യമായിരുന്നു.രാത്രി ഒന്‍പതു മണിക്ക് താന്‍ പ്രാര്‍ത്ഥിച്ചു, പതിനൊന്നു മണിക്കു മുമ്പായി എണ്ണൂറു രൂപാ കൈയില്‍ വന്നു ചേര്‍ന്നു.പൂനയിലെ ബംഗാളി-ഗുജറാത്തികളുടെ വാസസ്ഥലം അന്ന് രാത്രി കളളന്മാര്‍ ആക്രമിക്കുമെന്ന് ജനങ്ങളുടെ ഇടയില്‍ ഒരു ശ്രുതി പരന്നിരുന്നു.ആ ഭയം നിമിത്തം മറ്റു വിദ്യാര്‍ത്ഥികള്‍ സൂക്ഷിക്കുവാന്‍ കൊടുത്തതായിരുന്നു ആ പണം.
പ്ലാന്‍ വരക്കല്‍ കോളേജില്‍ ഒരു പ്രധാന ഇനമായിരുന്നു.അതില്‍ മായിസത്തിന്റെ സ്ഥാപകനായ മാര്‍ക്കണ്ഡന്‍ തീരെ പ്രാപ്തനല്ലായിരുന്നു. പക്ഷേ മാതാജി യുടെ അനുഗ്രഹം കൊണ്ട് പരീക്ഷക്കുളള പ്ലാന്‍ പോലും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെക്കൊണ്ട് വരപ്പിക്കാന്‍ പ്രിന്‍സിപ്പാള്‍ അനുവാദം നല്‍കി .മറ്റൊരിക്കല്‍ രസതന്ത്രം വിഷയത്തിലെ ചോദ്യങ്ങള്‍ പരീക്ഷയുടെ തലേന്ന് മാതാജി സ്വപ്‌നത്തില്‍ പറഞ്ഞു കൊടുത്തു.
മാര്‍ക്കണ്ഡന്‍ ധാരാളം പുസ്തകങ്ങള്‍ വായിച്ചിരുന്നു.ഗണിതശാസ്ത്രം,കവിത തത്വ ശാസ്ത്രം,സംഗീതം എന്നിവയിലായിരുന്നു അഭിരുചി.ഇതില്‍ നിന്ന് എഞ്ചിനീയറിങ്ങില്‍ താല്പര്യം കുറവായിരുന്നെന്ന് പറയേണ്ടതില്ലല്ലോ.പലപ്പോഴും പരീക്ഷയില്‍ തോല്‍ക്കുകയും ചെയ്തു ആ അവസരങ്ങള്‍ ജീവിതത്തിന്റേയും തന്റേയും നിസ്സാരതയെപ്പറ്റി അദ്ദേഹത്തെ ബോധവാനാക്കി.ലോകത്തിലെ ഉത്തരവാദപ്പെട്ട ഒരാള്‍ എന്ന നിലവിട്ട് സ്വജീവിതത്തിന്റെ വെറും ഉപരിതല നിരീക്ഷകന്റെ നിലയിലേക്കു നീങ്ങി.ചുണ,വികാരം,വിഡ്ഢിത്തം മതലായവ നിറഞ്ഞിരിക്കേണ്ട ചെറു പ്രായത്തില്‍ പൂര്‍വ്വജന്മകര്‍മ്മമനുസരിച്ച് ജീവിതം എങ്ങനെയെങ്കിലും നീങ്ങട്ടെ എന്ന ചിന്ത കടന്നുകൂടി.
ഇരുപത്തിരണ്ടാം വയസില്‍ മാര്‍ക്കണ്ഡന് ഒരത്യാപത്ത് നേരിട്ടു.മാതാജിയുടെ കൃപാതിരേകം കൊണ്ടു മാത്രം രക്ഷപ്പെട്ടു.യോഗവാസിഷ്ഠവും വേദാന്തവും വായിച്ച് തന്റെ തലതിരിഞ്ഞു.പുതിയ വിജ്ഞാനത്തിലെ വാദപ്രതിവാദപരമായ വിഷയം നിമിത്തം ബുദ്ധി മന്ദീഭവിച്ചു.മാതാജി മായാപ്രയോഗം കൊണ്ട് തന്നെ അതുവരെ ചതിക്കുകയായിരുന്നുവെന്ന് തോന്നലുണ്ടായി.
മാതാജിയുടെ പടവും,സപ്തശതി യും,ആവണപ്പലകയും,പൂജാസാമഗ്രികളും സമീപത്തുളള പുഴയിലേക്ക് വലിച്ചെറിഞ്ഞു.ഭക്തിമാര്‍ഗ്ഗം വിട്ട് ജ്ഞാനമാര്‍ഗ്ഗത്തിലേക്ക് മാറി.അഹോരാത്രം”അഹം ബ്രഹ്മാസ്മി”എന്നുച്ചരിച്ചുകൊണ്ട് നടന്നു.പല മതപണ്ഡിതന്മാരുമായി ചര്‍ച്ചകള്‍ നടത്തി.
(തുടരും)
















