പ്രത്യേക ക്രമമനുസരിച്ച് ദേശാധിപത്യ സ്വഭാവത്തോടുകൂടിയ മഹാവിഷ്ണു, സര്‍വ്വാഭീഷ്ടദായിനിയായ സരസ്വതി, ഗണപതി, ശിവന്, ശാസ്താവ്, യക്ഷി, നാഗരാജാവ് എന്നീ ക്രമത്തിലാണ് ഇവിടെ ദര്‍ശനം നടത്തേണ്ടത്. മഹാവിഷ്ണുവിനും സരസ്വതിക്കും തുല്യപ്രാധാന്യം കല്പിക്കപ്പെട്ടിരിക്കുന്നു.
വിഷ്ണുപദിയായ ഗംഗയെപ്പോലെ ഇവിടെയും വിഷ്ണുപാദത്തില്നിന്നുതന്നെയാണ് സരസ്വതീ സവിധത്തിലേക്ക് തീര്‍ത്ഥമൊഴുകിക്കൊണ്ടിരിക്കുന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിത്യേന നിരവധി ഭക്തജനങ്ങള്‍ ഇവിടെ ദര്‍ശനം നടത്തിപ്പോകുന്നു. വിദ്യാരംഭത്തിനായി ജാതിമത ഭേദമെന്യേ എല്ലാവരും ഇവിടെ എത്താറുണ്ട്. ദിവസഭേദമോ സമയഭേദമോ നോക്കാതെ ദുര്‍ഗ്ഗാഷ്ടമിയും മഹാനവമിയും ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ഇവിടെ വിദ്യാരംഭം നടത്താറുണ്ട്. സാരസ്വതസൂക്തം വിധിപ്രകാരം ജപിച്ച് സംശുദ്ധവും സമ്പുഷ്ടവുമാക്കിയ സാരസ്വതം നെയ്യ് ഇവിടെനിന്ന് ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തുവരുന്നു.
ബുദ്ധിക്കും വിദ്യക്കും അത്യുത്തമമായ ഈ ദിവ്യ ഔഷധം ഇവിടുത്തെ പ്രധാന വഴിപാടുകളിലൊന്നാണ്. സരസ്വതി, വിഷ്ണു എന്നീ ദേവദേവന്മാര്‍ക്ക് തൃമധുരവും അരവണയും പോലെ യക്ഷിക്ക് വറയും പ്രധാനമാണ്. രക്ഷസ്സിന് പാല്പായസം, ശാസ്താവിന് നരത്തല (തേങ്ങ തിരുമ്മിയ നിവേദ്യം), ശിവന് ധാര, കൂവളമാല, ഗണപതിക്ക് ഒറ്റയപ്പം, കറുകമാല എന്നിവയുമാണ് മറ്റ് വഴിപാടുകള്‍. എല്ലാ ദിവസവും രാവിലെ സരസ്വതിക്കും വിഷ്ണുവിനും പൂജ നടത്തുന്നു. സരസ്വതിക്ക് സാരസ്വതസൂക്താര്‍ച്ചനയും വിഷ്ണുവിന് പുരുഷ സൂക്താര്‍ച്ചനയും ഇവിടെ മുറതെറ്റാതെ നടത്തിപ്പോരുന്നു. ദുര്‍ഗ്ഗാഷ്ടമി ദിവസം സരസ്വതീ സന്നിധാനത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന രഥമണ്ഡപത്തില്‍ വിശിഷ്ട താളിയോലഗ്രന്ഥങ്ങളോടൊപ്പം പാഠപുസ്തകങ്ങളും സാഹിത്യകൃതികളും മറ്റു വിലപ്പെട്ട ഗ്രന്ഥങ്ങളും പൂജയ്ക്കു സമര്‍പ്പിക്കുക പതിവാണ്. വിജയദശമി നാളില്‍ പൂജയെടുപ്പിനു ശേഷം ഈ ഗ്രന്ഥങ്ങള്‍ തിരിച്ചുകൊടുക്കുന്നു.
കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് (ധര്‍മ്മരാജാവ്), കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്, എ.ആര്. രാജരാജവര്‍മ്മ, ഉള്ളൂര്‍ തുടങ്ങിയ പല മഹാരഥന്മാരും ഇവിടെ എത്തി പലകാലം ഭജനം നടത്തിയിട്ടുണ്ട്. ഏ.ആര്. ചെറുപ്പത്തില്‍ മൂകനായിരുന്നുവെന്നും അദ്ദേഹത്തിന്റെ എല്ലാവിധ ശ്രേയസ്സുകളും ഇവിടുത്തെ അനുഗ്രഹത്തില്‍നിന്ന് ഉണ്ടായിട്ടുള്ളതാണെന്നും പറയപ്പെടുന്നു.
ലക്ഷക്കണക്കിന് വിദ്യോപാസകന്മാരുടെയും, കലോപാസകന്മാരുടേയും അഭിലാഷങ്ങളുടെ കേന്ദ്രമായ പനച്ചിക്കാട് സരസ്വതീക്ഷേത്രം മേല്ക്കുമേല് പ്രസിദ്ധിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണ്. കിഴുപ്പുറം, കരുനാട്, കൈമുക്ക് എന്നീ മൂന്ന് ഇല്ലക്കാരാണ് ഈ ക്ഷേത്രത്തിന്റെ ഭരണാധികാരം നിര്‍വ്വഹിക്കുന്നത്. നിത്യനിദാന കാര്യങ്ങള്‍ ഓരോ കുടുംബത്തിലേയും കാരണവന്മാരും മാനേജരും ചേര്‍ന്ന യോഗമാണ് നടത്തുന്നത്.
ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം 2015 ഒക്ടോബര്‍ 13 മുതല്‍ 23 വരെ (1191 കന്നിമാസം 27 മുതല്‍ തുലാമാസം 6 വരെ) ആഘോഷിക്കുകയാണ്.
ഒക്ടോബര്‍ 20-ാം തീയതിയാണ് പൂജവയ്പ്. അന്നുവൈകുന്നേരം താളിയോലഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചുകൊണ്ട് ഘോഷയാത്രയായി ക്ഷേത്രാങ്കണത്തില്‍ എത്തിച്ച് ദേവീപാദങ്ങളില്‍ പൂജവയ്ക്കുന്നു. 21ന് ദുര്‍ഗ്ഗാഷ്ടമിയും 22ന് മഹാനവമിയും 23ന് വിജയദശമിയും വിദ്യാരംഭവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: