പാനൂര്‍: മുസ്ലീംലീഗിലെ ഗ്രൂപ്പ്പോരില്‍ പിറന്നത് രണ്ടു വിമതസ്ഥാനാര്‍ത്ഥികള്‍. പാനൂര്‍ നഗരസഭയിലും തൃപ്പങ്ങോട്ടൂരും മുസ്ലീംലീഗിന് വിമതഭീഷണി.സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പാനൂര്‍ നഗരസഭയിലെ 4-ാം വാര്‍ഡില്‍ വി.ഹാരിസും തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ എപി.ഇസ്മായിലും വിമതരായി മത്സര രംഗത്തുണ്ടാകും.ഈ രണ്ടു സ്ഥലങ്ങളിലും സംസ്ഥാന കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡമനുസരിച്ചാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് വിമതനേതാക്കള്‍ പറയുന്നു. ശാഖാകമ്മറ്റി ഐക്യകണ്ഠേന തിരഞ്ഞെടുത്തവരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നൂവെന്നാണ് ഇവരുടെ പക്ഷം. ഇത് മണ്ഢലം കമ്മറ്റി നേതാക്കള്‍ അട്ടിമറിക്കുകയായിരുന്നു. എന്നാല്‍ ഔദോഗിക നേതൃത്വം ഇത് നിഷേധിക്കുന്നു.മണ്ഢലം പ്രസിഡണ്ട് പികെ.അബ്ദുളളയ്ക്കെതിരെ വ്യവസായിയായ പിഎ.റഹ്മാന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗ്രൂപ്പ്കളിയാണിതെന്നാണ് സൂചന.ജില്ലാപ്രസിഡണ്ട് കെഎം.സൂപ്പിയുടെ പിന്തുണ വിമതര്‍ക്കുണ്ട്. ഏറെക്കാലമായി നടന്നുവരുന്ന വിഭാഗീയതയുടെ തുടര്‍ച്ചയാണ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രശ്നം. ഇതോടെ തൃപ്പങ്ങോട്ടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഗഫൂറിനെതിരെ വിമതന് ശക്തമായ വെല്ലുവിളിയുമായി മത്സരത്തിലുണ്ടാകും.ഇകെ.സുന്നി വിഭാഗം നേതാവു കൂടിയാണ് വിമതസ്ഥാനാര്‍ത്ഥി എപി.ഇസ്മായില്‍.പാനൂരില്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കോണ്‍ഗ്രസിലെ ടിടി.രാജനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. യൂത്ത്ലീഗ് മുന്‍ ജില്ലാസെക്രട്ടറി കൂടിയായ വി.ഹാരിസ് വിമതവേഷമണിയുമ്പോള് മത്സരം കടുക്കുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: