അങ്ങാടിപ്പുറം: ക്ഷേത്രനഗരിയില്‍ ഇക്കുറി താമര വിരിയുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. കാരണം, മാറി മാറി ഭരിച്ച ഇടത്വലത് മുന്നണികള്‍ നാടിനെ കുട്ടിച്ചോറാക്കിയിരിക്കുന്നു. അതില്‍ നിന്നൊരു മോചനമാണ് പ്രദേശവാസികള്‍ ആഗ്രഹിക്കുന്നത്. അതിനവര്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത് ബിജെപിയിലാണെന്ന് മാത്രം.
ചരിത്രം ഉറങ്ങുന്ന വള്ളുവനാട് സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായ അങ്ങാടിപ്പുറത്തിന് പറയാനുള്ളത് ഒന്നുമാത്രം, നഷ്ടപ്രതാപത്തിന്റെ കഥ.
പഴമയുടെ പൈതൃകം വീണ്ടെടുക്കാനും വികസന സംസ്കാരം കെട്ടിപ്പടുക്കാനും ബിജെപിക്ക് മാത്രമേ കഴിയൂയെന്നാണ് നല്ലൊരു ജനവിഭാഗത്തിന്റെയും വിശ്വാസം.
തദ്ദേശ തിരഞ്ഞെടുപ്പിന് വോട്ട് ചോദിച്ച് എത്തുന്ന ഇരു മുന്നണി പ്രവര്‍ത്തകരോടും പ്രദേശവാസികള്‍ക്ക് രോഷം അണപൊട്ടുകയാണ്. അങ്ങാടിപ്പുറത്തിന്റെ ഇല്ലായ്മകളും വികസന മുരടിപ്പുകളും അവര്‍ അക്കമിട്ടു നിരത്തുന്നു.
ഇഴഞ്ഞ് നീങ്ങുന്ന റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം, താറുമാറായ ഗ്രാമീണ റോഡുകള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ അപര്യാപ്തത, അടിക്കടി മുടങ്ങുന്ന കുടിവെള്ളം കൂടാതെ പേരിന് പോലും ഒരു ബസ് സ്റ്റാന്‍ഡില്ല, ശൗചാലയങ്ങളോ ശുചിമുറികളോയില്ല. ആകെയുള്ളത് ഗതാഗതക്കുരുക്ക് മാത്രമാത്രം.
കഴിഞ്ഞ അഞ്ച് വര്‍ഷം മുസ്ലിം ലീഗാണ് പഞ്ചായത്ത് ഭരിച്ചത്. പലപ്പോഴും കോണ്‍ഗ്രസ്-ലീഗ് പടലപ്പിണക്കവും ഗ്രൂപ്പ് പോരും അങ്ങാടിപ്പുറത്തിന്റെ വികസനത്തെയാണ് പിന്നോട്ടടിച്ചത്. മാത്രമല്ല ലീഗിലെ കുടുംബാധിപത്യം കണ്ട് അണികള്‍ പോലും മടുത്തു. ഇക്കുറി ലീഗിന് എതിരായി വോട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണികള്‍. നിരവധി കുടിയേറ്റ കര്‍ഷകരുള്ള അങ്ങാടിപ്പുറം പഞ്ചായത്തില്‍ നിര്‍ണ്ണായക ശക്തിയായിരുന്ന കേരളാ കോണ്‍ഗ്രസും ഇക്കുറി ഒറ്റക്ക് മത്സരിക്കുകയാണ്. മാത്രമല്ല ഏത് വിധേനയും കോണ്‍ഗ്രസ്-ലീഗ് സഖ്യത്തെ പച്ച തൊടാന്‍ അനുവദിക്കില്ലെന്ന വാശിയിലുമാണ്.
അതേസമയം തികഞ്ഞ പരാജയഭീതിയിലാണ് ഇവിടെ സിപിഎം. കാരണം മറ്റൊന്നുമല്ല എസ്എന്‍ഡിപി ബിജെപി ബന്ധം തന്നെ. പഞ്ചായത്തിലെ ബഹുഭൂരിപക്ഷം വരുന്ന തീയ്യ സമുദായത്തിന്റെ വോട്ട് ഇക്കുറി ബിജെപി സ്ഥാനാര്ത്ഥികള്ക്കാണെന്ന് സിപിഎം വിശ്വസിക്കുന്നു.
എന്നാല്‍ ബിജെപി ക്യാമ്പില്‍ മുമ്പെങ്ങും ഇല്ലാത്ത പോരാട്ട വീര്യമാണ് ഇക്കുറി കാണുന്നതെന്നാണ് നേതാക്കന്മാരുടെ അഭിപ്രായം. അണികളാകട്ടേ തികഞ്ഞ ആവേശത്തിലും. പഞ്ചായത്തിലെ 16 വാര്‍ഡുകളിലും മൂന്ന് ബ്ലോക്ക് ഡിവിഷനുകളിലും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും ബിജെപി രംഗത്തിറക്കിയിരിക്കുന്നത് ജനകീയരായ സ്ഥാനാര്‍ത്ഥികളെ തന്നെയാണ്. പാര്‍ട്ടി വോട്ടുകള്‍ക്കപ്പുറം നിഷ്പക്ഷ വോട്ടുകള്‍ സ്വാധീനിക്കാന്‍ കഴിവുള്ളവരാണ് ബിജെപിയുടെ എല്ലാ സ്ഥാനാര്‍ത്ഥികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: